കോട്ടയം: ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പ്രാർത്ഥിച്ച് നാമനിർദേശ പത്രിക പൂരിപ്പിച്ച് ഈ നാമനിർദേശ പത്രിക ഉമ്മൻചാണ്ടിയുടെ കല്ലറയിൽ സമർപ്പിച്ച് യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. നാമനിർദേശ പത്രിക സമർപ്പണത്തിന് മുന്നോടിയായാണ് യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിലെ പിതാവ് ഉമ്മൻചാണ്ടിയുടെ കല്ലറയിൽ പ്രാർത്ഥിച്ചത്. കാൽ നൂറ്റാണ്ടോളം ഉമ്മൻചാണ്ടിയ്ക്ക് പത്രിക പൂരിപ്പിച്ച് നൽകിയ അതേ വ്യക്തിത്വം തന്നെയാണ് ചാണ്ടി ഉമ്മനും പത്രിക തയ്യാറാക്കി നൽകിയത്. ഉമ്മൻചാണ്ടിയുടെ സഹോദരിയുടെ വീട്ടിലിരുന്നാണ് ഈ പത്രിക പൂരിപ്പിച്ചത്. പത്രിക പൂരിപ്പിച്ച ശേഷം പ്രവർത്തകർക്കൊപ്പം ചാണ്ടി ഉമ്മൻ നേരെ പുതുപ്പള്ളി പള്ളിയിൽ എത്തി. ഇവിടെ പിതാവിന്റെ കബറിടത്തിൽ അൽപ നേരം കണ്ണടച്ച് പ്രാർത്ഥച്ചു നിന്നു. തുടർന്ന്, ഇവിടെ പിതാവിന്റെ കബറിടത്തിൽ നാമനിർദേശ പത്രിക വച്ച് പ്രാർത്ഥിച്ചു. ഉമ്മൻചാണ്ടിയെ കല്ലെറഞ്ഞ കേസിലെ പ്രതിയായ സിഒടി നസീറിന്റെ ഉമ്മയാണ് ചാണ്ടി ഉമ്മന് കെട്ടിവയ്ക്കാനുള്ള തുക നൽകിയത്. ഇത് കാലത്തിന്റെ കാവ്യ നീതിയാണെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു.