കൊൽക്കത്ത :രാജ്യത്ത് ആദ്യമായി നദിക്കടിയിലൂടെയുള്ള മെട്രോ ട്രെയിൻ പരീക്ഷണയോട്ടം നടത്തി. ഹൂഗ്ലി നദിയ്ക്ക് കീഴെ 32 മീറ്റര്‍ താഴ്ചയിൽ നിർമിച്ച തുരങ്കം വഴി കൊൽക്കത്ത മെട്രോയാണ് കഴിഞ്ഞ ദിവസം പരീക്ഷണയോട്ടം നടത്തിയത്. ഹൂഗ്ലി നദിയുടെ അടിത്തട്ടിൽ ജലനിരപ്പിൽ നിന്ന് 32 മീറ്റർ താഴെയുള്ള തുരങ്കത്തിലൂടെ രാജ്യത്ത് ആദ്യമായി ഒരു മെട്രോ റേക്ക് യാത്ര പൂർത്തിയാക്കിയപ്പോൾ രാജ്യവും കൊൽക്കത്ത മെട്രോയും ഒരു പുതിയ നാഴികക്കല്ല് കൈവരിച്ചു.
പരീക്ഷണാടിസ്ഥാനത്തിലുള്ള യാത്രകള്‍ വിജയകരമായി പൂര്‍ത്തിയാകുന്നതോടെ സമുദ്രനിരപ്പിൽനിന്ന് ഏറ്റവും താഴെയായി സ്ഥിതിചെയ്യുന്ന മെട്രോ സ്‌റ്റേഷനായി ഹൗറ മാറും. ഉപരിതലത്തില്‍നിന്ന് 33 മീറ്റര്‍ താഴ്ചയിലാണ് സ്റ്റേഷനുള്ളത്. ജലോപരിതലത്തില്‍നിന്ന് 32 മീറ്റര്‍ താഴ്ചയിലാണ് തുരങ്കം സ്ഥിതിചെയ്യുന്നത്. ഹൂഗ്ലി നദിക്കു താഴെയുള്ള തുരങ്കത്തിനകത്ത് 45 സെക്കന്‍ഡിനകം 520 മീറ്റര്‍ യാത്ര ചെയ്യാനാകുമെന്നാണ് പ്രതീക്ഷ