“മലയാളി കായിക താരങ്ങളോടുള്ള അവഗണന അവസാനിപ്പിക്കണം; പ്രഖ്യാപിച്ച ജോലി ഉടൻ നൽകണം ; താരങ്ങൾ കേരളം വിടുന്നത് വലിയ തിരിച്ചടി”: മുഖ്യമന്ത്രിക്കും കായിക മന്ത്രിക്കും കത്തയച്ച് പ്രതിപക്ഷനേതാവ്

തിരുവനന്തപുരം: രാജ്യത്തിന്‍റെ അഭിമാനമായ മലയാളി കായികതാരങ്ങള്‍ സംസ്ഥാനം വിട്ടുപോകുന്ന സാഹചര്യം ഒഴിവാക്കാന്‍ സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനും കായിക മന്ത്രി വി അബ്‌ദുറഹിമാനും കത്തയച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.

രാജ്യാന്തര ബാഡ്‌മിന്‍റണ്‍ താരം എച്ച് എസ് പ്രണോയ്ക്ക് പിന്നാലെ ട്രിപ്പിള്‍ ജംപ് രാജ്യാന്തര താരങ്ങളായ എല്‍ദോസ് പോള്‍, അബ്‌ദുല്ല അബൂബക്കര്‍ എന്നിവര്‍ സംസ്ഥാനം വിടുന്നത് കേരളത്തിന്‍റെ കായിക മേഖലയ്ക്ക് തിരിച്ചടിയാണെന്ന് പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കത്തിലെ കൂടുതല്‍ ഉള്ളടക്കം
ഇങ്ങനെ…

“രാജ്യാന്തര ബാഡ്‌മിന്‍റന്‍ താരം എച്ച് എസ് പ്രണോയ്ക്ക് പിന്നാലെ ട്രിപ്പിള്‍ ജംപ് രാജ്യാന്തര താരങ്ങളായ എല്‍ദോസ് പോള്‍, അബ്ദുല്ല അബൂബക്കര്‍ എന്നിവരാണ് കേരളം വിടുന്നെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് സംസ്ഥാനത്തിന്‍റെ കായിക മേഖലയെ തളര്‍ത്തുമെന്നതില്‍ സംശയമില്ല. രാജ്യത്തിന് വേണ്ടി കഷ്ടപ്പെട്ട് മെഡല്‍ നേടിയിട്ടും കേരള സര്‍ക്കാരില്‍ നിന്ന് നല്ല വാക്കോ അഭിനന്ദനമോ കായികതാരങ്ങള്‍ക്കുണ്ടാകുന്നില്ല. സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന പാരിതോഷികങ്ങള്‍ പല താരങ്ങള്‍ക്കും ഇതുവരെ കിട്ടിയിട്ടില്ല. അഞ്ച് വര്‍ഷത്തില്‍ അധികമായി ജോലിക്ക് വേണ്ടി സര്‍ക്കാര്‍ ഓഫീസുകള്‍ കയറി ഇറങ്ങുന്ന നിരവധി കായിക താരങ്ങളുണ്ട്.

കേരളത്തിന് വേണ്ടി മത്സരിക്കുന്നതും സ്വന്തം നാട്ടില്‍ ചുവടുറപ്പിച്ച് നില്‍ക്കുന്നതും അഭിമാനമായി കാണുന്ന കായിക താരങ്ങളെ സംസ്ഥാന സര്‍ക്കാര്‍ അപമാനിക്കുന്നത് അംഗീകരിക്കാനാകില്ല. രാജ്യത്തിന് വേണ്ടി മെഡല്‍ നേടിയ കായിക താരങ്ങള്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ ഗൗരവത്തോടെ പരിഗണിക്കണം.

രാജ്യത്തിന്‍റെ അഭിമാനമായ മലയാളി കായികതാരങ്ങള്‍ സംസ്ഥാനം വിട്ടുപോകുന്ന സാഹചര്യം ഒഴിവാക്കാന്‍ സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണം. സര്‍ക്കാര്‍ പ്രഖ്യാപിച്ച ജോലിയും പാരിതോഷികങ്ങളും ഉടന്‍ നല്‍കാനുള്ള അടിയന്തിര ഇടപെടല്‍ ഉണ്ടാകണം” എന്നുമാണ് കത്തില്‍ വിശദമാക്കുന്നത്.

Hot Topics

Related Articles