കൊച്ചി, 28 ഒക്ടോബര്‍ 2023: ജോലി ചെയ്യാന്‍ പോയിട്ട് ഒന്ന് ഇരിക്കാന്‍ പോലും ഇനിയുള്ള ജീവിതത്തില്‍ കഴിയില്ല എന്നായിരുന്നു ഞാന്‍ കരുതിയിരുന്നത്. സകല പ്രതീക്ഷകളും മങ്ങിയ സാഹചര്യമായിരുന്നു. എന്നാല്‍ ആത്മവിശ്വാസത്തോടെ എന്നെ ചികിത്സിച്ച ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഡോക്ടര്‍മാര്‍ അതിന് അനുവദിച്ചില്ല എന്ന് പറയുന്നതാകും ശരി. വാഹനാപകടത്തെ തുടര്‍ന്ന് പൂര്‍ണ്ണമായും കിടപ്പിലാവുകയും പിന്നീട് ജീവിതത്തിലേക്ക് മടങ്ങിയെത്തുകയും ചെയ്ത എറണാകുളം സ്വദേശിനിയായ യുവതിയുടെ വാക്കുകളാണിത്. അപകടത്തെ തുടര്‍ന്ന് നട്ടെല്ലിനുണ്ടായ ഗുരുതര പരിക്കുകള്‍ മൂലം ബാക്കി ജീവിതം കിടക്കയില്‍ തന്നെ തള്ളിനീക്കേണ്ടിവരും എന്ന് കരുതിയിരുന്നിടത്ത് നിന്ന്, പോരാട്ടവീര്യത്തിന്റെ പ്രതീകമായി ഇന്ന് നിവര്‍ന്നിരുന്ന് ജോലി ചെയ്യുകയാണവര്‍. ഒട്ടുമിക്ക കാര്യങ്ങളും സ്വന്തമായി തന്നെ ചെയ്യാനും കഴിയുന്നുണ്ട്.
രണ്ട് വര്‍ഷം മുന്‍പുണ്ടായ വാഹന അപകടമായിരുന്നു യുവതിയുടെ ജീവിതം മാറ്റി മറിച്ചത്. ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതി സ്വന്തം സ്‌കൂട്ടറില്‍ ഓഫീസിലേക്ക് പോകുന്നതിനിടെ ഒരു കാര്‍ കൂട്ടിയിടിക്കുകയായിരുന്നു. കാറിനടിയില്‍പ്പെട്ട് നട്ടെല്ലിനും സുഷുമ്ന നാഡിക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ഇടതു ശ്വാസകോശം ഭാഗികമായി തകര്‍ന്ന നിലയിലായിരുന്നു. തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ഐ.സി.യുവിലും വെന്റിലേറ്ററിലുമായി ഒരു മാസത്തിലധികം നീണ്ട ചികിത്സക്കൊടുവിലായിരുന്നു ജീവന്‍ തിരിച്ചു കിട്ടിയത്. അതേസമയം ഗുരുതര പരിക്കുകള്‍ ആയതിനാല്‍ ഇനിയുള്ള കാലം മുഴുവന്‍ കിടക്കയില്‍ തന്നെ കഴിയേണ്ടി വരുമെന്നായിരുന്നു ഡോക്ടര്‍മാരുടെ വിലയിരുത്തല്‍.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സകല പ്രതീക്ഷകളും ഇല്ലാതാക്കുന്നതായിരുന്നു ഡോക്ടര്‍മാരുടെ വാക്കുകള്‍. പിന്നീട് അവസാന ആശ്രയം എന്ന നിലയില്‍ വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജില്‍ കൂടി കാണിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു കുടുംബം. അതിനിടെ ആരോ പറഞ്ഞു കേട്ടാണ് കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റിയിലെ ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ വിഭാഗത്തെ കുറിച്ച് അറിയുന്നത്. യാതൊരു പ്രതീക്ഷയും ഇല്ലാതെയായിരുന്നു ഇവിടുത്തെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. കെ.എം മാത്യുവിന്റെ മുന്നിലേക്ക് എത്തിയതെന്ന് യുവതിയുടെ കുടുംബം തന്നെ പറയുന്നു. അതേസമയം യുവതിയുടെ ജീവിതയാത്രയിലെ രണ്ടാം ഇന്നിംഗ്സിന്റെ തുടക്കം കൂടിയായിരുന്നു ഇത്.
മെഡ്‌സിറ്റിയിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം സമഗ്ര പരിശോധനയ്ക്ക് വിധേയയാക്കുകയും നേരത്തെ നടത്തിയ ചികിത്സയിലെ വിടവുകള്‍ കണ്ടെത്തുകയും ചെയ്തു. ഇത് പ്രകാരം അതിനൂതനമായ ചികിത്സയിലൂടെ ജീവിതത്തിലേക്ക് മടക്കിയെത്തിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തില്‍ ആയിരുന്നു ഡോക്ടര്‍മാര്‍. ചികിത്സക്കൊപ്പം നെഞ്ചും കൈകാലുകളും മറ്റ് ശരീര ഭാഗങ്ങളും ശക്തിപ്പെടുത്തുന്നതിനുള്ള ഫിസിയോതെറാപ്പി, ഒക്യുപേഷണല്‍ തെറാപ്പി, ദൈനംദിന ജീവിത പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട പരിശീലനങ്ങള്‍ തുടങ്ങിയവയും നല്‍കി. മരുന്നുകള്‍ക്കൊപ്പം ഭക്ഷണക്രമത്തില്‍ കൊണ്ടുവന്ന മാറ്റങ്ങളും കൊണ്ടുവന്നിരുന്നു.
ഇതുവഴി ഉണ്ടായ ചെറിയ ചെറിയ മാറ്റങ്ങള്‍ യുവതിക്കും കുടുംബത്തിനും പ്രതീക്ഷയുടെ വെട്ടമേകുന്നതായിരുന്നു. ചികിത്സക്കൊപ്പം അണുബാധകള്‍, ഓര്‍ത്തോസ്റ്റാറ്റിക് ഹൈപ്പോടെന്‍ഷന്‍, മാനസിക ബുദ്ധിമുട്ടുകള്‍ തുടങ്ങിയവയെ അതിജീവിക്കാന്‍ പ്രാപ്തയാക്കുന്നതായിരുന്നു ഇവയെല്ലാം. അധികം വൈകാതെ കൈകളുടെ ചലന ശേഷി വീണ്ടെടുക്കാനും പല്ല് തേക്കുന്നതും ഭക്ഷണം കഴിക്കുന്നതും ഉള്‍പ്പെടെയുള്ള ദൈനംദിന പ്രവര്‍ത്തനങ്ങള്‍ സ്വന്തമായി നിര്‍വഹിക്കാനും കഴിഞ്ഞു. ഇന്ന് വീല്‍ചെയറില്‍ ഇരുന്ന് ജോലി ഉള്‍പ്പെടെ ഒട്ടുമിക്ക കാര്യങ്ങളും സ്വന്തമായി തന്നെ ചെയ്യാന്‍ കഴിയുന്നതിന്റെ സന്തോഷവും ആത്മവിശ്വാസവും യുവതിയുടെ മുഖത്തുണ്ട്.
ആസ്റ്റര്‍ മെഡ്സിറ്റിയിലെ വിവിധ വിഭാഗങ്ങള്‍ ചേര്‍ന്ന് നടത്തിയ സമഗ്ര ചികിത്സയാണ് യുവതിയെ മടക്കി എത്തിച്ചതെന്ന് ഡോ. കെ.എം മാത്യു പറഞ്ഞു. യുവതിയുടെ നിശ്ചയദാര്‍ഡ്യം ചികിത്സക്ക് ഏറെ ഗുണം ചെയ്തു. ഞങ്ങളെ വിശ്വസിച്ച് ഒപ്പം നിന്ന കുടുംബത്തിന്റെ പങ്കും എടുത്തു പറയേണ്ടതാണ്. യുവതിയുടെ നില കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി
അപ്പര്‍ ലിമ്പ് ടെന്‍ഡോണ്‍ ട്രാന്‍സ്ഫര്‍ ഉള്‍പ്പെടെയുള്ള ചികിത്സാരീതികളും പരിഗണനയില്‍ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.