വിക്രം റിവ്യു
ഒരൽപം കൊക്കെയ്നും ഒരു കൂട്ടം നടന്മാരുമുണ്ടെങ്കിൽ എന്തുമാകാമെന്നാണോ…? അടുത്ത കാലത്ത് തമിഴ്സിനിമ കണ്ട മാസിന്റെ മസാലയുടെ അഴിഞ്ഞാട്ടം തന്നെയാണ് ലോകേഷ് കനകരാജിന്റെ മൾട്ടിസ്റ്റാർ ചിത്രം വിക്രം. പ്രഡിക്ടബിളായ കഥയെയും തിരക്കഥയെയും മേക്കിങ്ങിന്റെയും ഒന്നിനൊന്നിന് മികച്ച താരങ്ങളുടെ പ്രകടനത്തിന്റെയും പുറത്ത് രണ്ടര മണിക്കൂറിലേറെ പിടിച്ചിരുത്തുന്ന, മടുപ്പിക്കാത്ത ഒരു വേലിയേറ്റം. തിരമാലകണക്കെ പാഞ്ഞെത്തുന്ന താരങ്ങളുടെ ഇൻട്രൊഡക്ഷനുകളും, മാലപ്പടക്കം പോലെ നിരനിരയായി പൊട്ടിത്തെറിക്കുന്ന കയ്യടി സീനുകളും വീണ്ടും വീണ്ടും കാണാൻ മോഹിപ്പിക്കുന്ന കഥയിലെ കാൽപനികതയും വിക്രമിനെ വേറിട്ടു നിർത്തുന്നു.
കൈതിയിൽ നിന്നും
വിക്രത്തിലേയ്ക്കും തിരിച്ചും
ചിത്രത്തിന്റെ റിലീസിനു മുൻപു തന്നെ ലോകേഷ് ഒരു സിഗ്നൽ നൽകിയിരുന്നു. വലിയൊരു സിഗ്നൽ – കൈതി ഒരിക്കൽ കൂടി കണ്ടതിന് ശേഷം മാത്രം വിക്രം കാണാനിറങ്ങുക – ലോകേഷും നരേനും കാർത്തിയും ചേർന്നൊരുക്കിയ അതിഗംഭീര കൈതിയുടെ കഥയുമായി ഏറെ ചേർന്നു പോകുന്നുണ്ട് വിക്രവും. ഒരൽപം കൊക്കെയ്നും, തോക്കും വെടിയും പുകയും ക്രിമിനലുകളും ഗുണ്ടകളും ചേർത്തു ഭംഗിയായി കലക്കിയെടുത്തിട്ടുണ്ട് ലോകേഷ് വിക്രമിനെ. പക്ഷെ, ഇനിയും ഒരു ഘട്ടം കൂടി വരാനുണ്ടെന്ന മുന്നറിയിപ്പ് നൽകി വിക്രം അവസാനിക്കുമ്പോൾ ആരാധകർക്ക് ഏറെയുണ്ട് കാത്തിരിക്കാൻ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വീരനാര്
വില്ലനാര്
ഉലകനായകൻ കമലഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ, ചെറുതെങ്കിലും തകർപ്പൻ പ്രകടനം നടത്തിയ സൂര്യ.. നരേൻ, കാളിദാസ് ജയറാം.. ആരാണ് തകർക്കാത്തത് എന്നു മാത്രമേ ചോദ്യം ബാക്കിയുള്ളൂ. ഒന്നിനൊന്ന് ആകാംഷ ജനിപ്പിക്കുന്ന പ്രകടനമാണ് സിനിമയിലെ താരങ്ങളെല്ലാവരും നടത്തിയിരിക്കുന്നത്. തന്റെ ഇൻട്രോ സീൻ മുതൽ വിജയ് സേതുപതി അഴിഞ്ഞാടിയപ്പോൾ .. ഇതുവരെ കണ്ടെതല്ല ഇനിയും തനിക്കേറെ കാണിക്കാനുണ്ടെന്ന പതിവ് അഭിനയത്തിന്റെ അനായാസതയുമായി കമൽ നിറഞ്ഞാടുന്നു. കമലിനൊപ്പം മത്സരിച്ചഭിനയിച്ച ഫഹദ് ലോകേഷിന്റെ കപ്പലിലെ കപ്പിത്താനായി തന്നെ ഒപ്പമുണ്ടായിരുന്നു. ചെമ്പൻ വിനോദും, നരേനും കാളിദാസ് ജയറാമും തങ്ങൾക്ക് ലഭിച്ച സീനുകൾ ഭംഗിയായി തന്നെ തീർത്തു.
വിക്രമിന്റെ കഥ
ദില്ലിയുടെയും
ആരാണ് വിക്രമെന്ന് അന്വേഷിച്ചു പോകുന്ന പ്രേക്ഷകന് മുന്നിൽ ദുരൂഹതകളുടെ ഒരു കെട്ട് ചോദ്യങ്ങളോടെയാണ് ആദ്യ പകുതി ലോകേഷ് അവസാനിപ്പിക്കുന്നത്. സംശങ്ങളെല്ലാം തീർത്ത് സമാധാനത്തോടെ പോകാമെന്നു പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് ക്ലൈമാക്സിന്റെ അങ്ങേയറ്റത്ത് കൊണ്ട് ഒരു കെട്ടു ചോദ്യങ്ങൾ ടിക്കറ്റിന്റെ ബാക്കിയ്ക്കൊപ്പം ലോകേഷ് പോക്കറ്റിൽ തിരുതി തന്നു വിടുന്നത്. ആദ്യം കണ്ട കെയ്തിയാണോ, രണ്ടാമത് കണ്ട വിക്രമാണോ ഇനി വരാനിരിക്കുന്നതാണോ ഒന്നാമത്.. അതോ ഈ കണ്ടതെല്ലാം തന്നെയാണോ ആ കണ്ടത്.. ഒന്നല്ലൊരായിരം ചോദ്യങ്ങളാണ് വിക്രം കണ്ടിറങ്ങുമ്പോൾ പോക്കറ്റിൽ കയറി കൂടെയിറങ്ങുന്നത്.. ലോകേഷ് നിങ്ങൾ, സിനിമയെന്ന കടലിൽ കഥയുമായിറങ്ങി ചൂണ്ടയിട്ട് കൂടെക്കൂട്ടിയത് അഭിനയത്തിന്റെ നീലത്തിമിംഗലങ്ങളെയാണ്.. അഴിച്ചു വിട്ടാൽ അഴിഞ്ഞാടുന്ന ചക്രവർത്തിമാരെയാണ്.. ഇനിയും നിങ്ങളിൽ നിന്ന് ഞങ്ങൾ ഏറെ പ്രതീക്ഷിക്കും… കാത്തിരിക്കും…