തിരുവല്ല ബൈപ്പാസിൽ മാലിന്യം തള്ളി: നാട്ടുകാർ വാഹനം പിടിച്ചു പൊലീസിനു കൊടുത്തിട്ടും നടപടിയെടുത്തില്ലെന്നു പരാതി; ബൈപ്പാസിലെ മാലിന്യം നാടിന് ശാപമാകുന്നു

തിരുവല്ല: ഇരുളിന്റെ മറപറ്റി ബൈപ്പാസ് റോഡിൽ മാലിന്യം തള്ളാനെത്തിയ സാമൂഹ്യവിരുദ്ധരുടെ വാഹനം നാട്ടുകാർ പിന്തുടർന്ന് തടഞ്ഞിട്ടു പൊലീസിൽ ഏൽപ്പിച്ചു. നമ്പർ പ്‌ളേറ്റ് മറച്ചുവച്ച വാഹനം നടപടിയെടുക്കാതെ പൊലീസ് വിട്ടയച്ചതായി പരാതി ഉയർന്നു. കഴിഞ്ഞ ദിവസം രാത്രി 10നാണ് സംഭവം. പുഷ്പഗിരിക്ക് സമീപം ബൈപ്പാസ് റോഡിൽ മാലിന്യവുമായെത്തിയ വാഹനം നിറുത്തുന്നത് യുവാക്കളുടെ ശ്രദ്ധയിൽപ്പെട്ടു. സംശയം തോന്നിയ യുവാക്കൾ പിന്തുടരുന്നത് കണ്ടതോടെ മാലിന്യം റോഡരുകിൽ തള്ളാനുള്ള നീക്കം ഉപേക്ഷിച്ച് വാഹനം വേഗത്തിൽ വിട്ടുപോകുകയായിരുന്നു. ഇതേതുടർന്ന് വാഹനത്തെ പിന്തുടർന്ന യുവാക്കൾ കുറ്റൂരിന് സമീപത്ത് വാഹനം തടഞ്ഞിട്ടു. യുവാക്കൾ അറിയിച്ചത് പ്രകാരം പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസ് സ്ഥലത്തെത്തി.

Advertisements

നമ്പർ പ്‌ളേറ്റ് മറച്ചിരുന്നതും യുവാക്കൾ പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും പൊലീസ് വാഹനം പരിശോധിക്കുകയോ നടപടി സ്വീകരിക്കുകയോ ചെയ്തില്ലെന്നും വാഹനത്തിൽ ഉണ്ടായിരുന്നവരുമായി സംസാരിച്ചശേഷം വിട്ടയയ്ക്കുകയായിരുന്നെന്നും യുവാക്കൾ പറഞ്ഞു. ഇത്തരത്തിൽ മാലിന്യവുമായെത്തിയ മറ്റൊരു വാഹനവും ബൈപ്പാസ് റോഡിലൂടെ ചങ്ങനാശേരി ഭാഗത്തേക്ക് പോയതും ചൂണ്ടിക്കാട്ടി സി.പി.എം, ഡി.വൈ.എഫ്.ഐ കോട്ടത്തോട് ബ്രാഞ്ച് കമ്മിറ്റി രാത്രിതന്നെ പൊലീസിൽ പരാതിപ്പെടുകയും ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മഴുവങ്ങാട് ചിറയിൽ നിന്നും ബി വൺ റോഡിലേക്ക് പോകുന്ന ബൈപ്പാസ് റോഡിൽ മുമ്പ് നിരവധി തവണ കക്കൂസ് മാലിന്യം തള്ളിയിട്ടുണ്ട്. മാസങ്ങൾക്ക് മുമ്പ് നടുറോഡിൽ തള്ളിയ മാലിന്യം പ്രഭാത സവാരിക്ക് ഇറങ്ങിയവർ അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സും നഗരസഭ ജീവനക്കാരും ചേർന്നാണ് റോഡ് കഴുകിവൃത്തിയാക്കിയത്. ബൈപ്പാസിന്റെ നിർമ്മാണഘട്ടത്തിലും ഇവിടെ മാലിന്യം തള്ളിയത് ഒട്ടേറെ പ്രശ്‌നങ്ങൾ സൃഷ്ടിച്ചിരുന്നു. നിരവധി പരാതികൾ ഉയർന്നിട്ടും അധികൃതരുടെ അലംഭാവം കാരണം കുറ്റക്കാർ രക്ഷപെടുന്നതിൽ പ്രതിഷേധം വ്യാപകമായിട്ടുണ്ട്.

Hot Topics

Related Articles