ദില്ലി: വിവാഹിതരായി ഒരു വർഷം മാത്രം കഴിഞ്ഞ ഭാര്യ അഞ്ചുകോടി രൂപ ജീവനാംശം ആവശ്യപ്പെട്ടതിനെതിരെ സുപ്രീംകോടതി കടുത്ത നിലപാട് സ്വീകരിച്ചു.ഇത്തരം അനാവശ്യമായ ആവശ്യങ്ങൾ അംഗീകരിക്കാനാവില്ല. തുടർന്നാൽ പ്രതികൂല ഉത്തരവുകൾ പുറപ്പെടുവിക്കേണ്ടി വരും,’ എന്ന് കോടതി വ്യക്തമാക്കി.ഭർത്താവിന്റെ അഭിഭാഷകനോട് കോടതിയുടെ നിരീക്ഷണം ഏറെ ചര്‍ച്ചയായിട്ടുണ്ട്. “നിങ്ങൾ ഇവരെ തിരികെ വിളിക്കുന്നത് തെറ്റായിരിക്കും. ഇവരുടെ സ്വപ്നങ്ങൾ വളരെ വലുതാണ്,” എന്നാണ് ജസ്റ്റിസ് പർദിവാല പറഞ്ഞത്.സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം, ഇരു കക്ഷികളും ഒക്ടോബർ 5 ന് രാവിലെ 11.30-ന് സുപ്രീം കോടതി മീഡിയേഷൻ സെന്ററിൽ ഹാജരാകണം. തുടർന്ന് ഒത്തുതീർപ്പ് റിപ്പോർട്ട് ലഭിച്ചതിന് ശേഷം കേസ് വീണ്ടും പരിഗണിക്കും.
കോടതിയിൽ സമർപ്പിച്ച രേഖകൾ പ്രകാരം, ആമസോണിൽ എൻജിനീയറായ ഭർത്താവ് 35 ലക്ഷം മുതൽ 40 ലക്ഷം രൂപ വരെ നഷ്ടപരിഹാരമായി നൽകാൻ തയ്യാറായിരുന്നെങ്കിലും, ഭാര്യ അത് നിരസിച്ചു. മുൻപ് നടന്ന മധ്യസ്ഥ ശ്രമങ്ങൾ പരാജയപ്പെട്ടുവെന്ന വിവരം ഭാര്യയുടെ അഭിഭാഷകൻ കോടതിയെ അറിയിക്കുകയും, അതിന്‍റെ കാരണം കോടതി അന്വേഷിക്കുകയും ചെയ്തു.ഭാര്യയുടെ അനാവശ്യ ആവശ്യം തുടരുകയാണെങ്കിൽ നിയമപരമായ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കോടതി മുന്നറിയിപ്പു നൽകി.