ന്യൂയോര്‍ക്ക്: ലോകകപ്പിന് മുന്നോടിയായുള്ള സൗഹൃദ മത്സരത്തില്‍ ഫ്രാന്‍സിന് ജയം. ഓന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് നോര്‍ത്തേണ്‍ അയര്‍ലന്റിനെ തോല്‍പ്പിച്ചു. മൈക്കില്‍ ഒലീസേയുടെ വകയായിരുന്നു ഫ്രാന്‍സിന്റെ മൂന്ന് ഗോളുകളും. ഹാട്രിക് ഗോള്‍ നേടിയ ഒലീസേ തന്നെയായിരുന്നു ഫ്രാന്‍സിന്റെ വിജയശില്‍പി. 43, 49, 75 മിനിറ്റുകളിലായിരുന്നു ഒലീസേ അയര്‍ലന്റിന്റെ വല കുലുക്കിയത്. 64-ാം മിനുറ്റില്‍ പാട്രിക് കെല്ലിയാണ് നോര്‍ത്തേണ്‍ അയര്‍ലന്റിനായി ആശ്വാസ ഗോള്‍ നേടിയത്.
മറ്റൊരു സൗഹൃദ മത്സരത്തില്‍ നെതര്‍ലന്റിന് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഉസ്‌ബെക്കിസ്ഥാനെ തോല്‍പ്പിച്ചു. കോഡി ഗഗ്‌പോയാണ് നെതര്‍ലന്റിനായി രണ്ട് ഗോളുകള്‍ നേടിയത്. ഇഗോര്‍ സെര്‍ഗീവാണ് ഉസ്‌ബെക്കിസ്ഥാന്റെ ഏക ഗോള്‍ നേടിയത്. മത്സരത്തിന്റെ 87-ാം മിനുട്ടില്‍ നെതര്‍ലന്റിന്റെ ഗൂസ് ടില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായെങ്കിലും നെതര്‍ലന്റ് വിജയം കൈപ്പിടിയില്‍ സ്വന്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അര്‍ജന്റീന ഇന്ന് ഇറങ്ങും
ലോകകപ്പിന് മുന്‍പുള്ള അവസാന സന്നാഹമത്സരത്തില്‍ അര്‍ജന്റീന ഇന്ന് ഐസ്‌ലന്‍ഡിനെ നേരിടും. ഇന്ത്യന്‍ സമയം രാവിലെ ആറരയ്ക്കാണ് കളി തുടങ്ങുക. പരിക്കില്‍ നിന്ന് മുക്തനായ നായകന്‍ ലിയോണല്‍ മെസ്സി ഇലവനിലെത്തിയേക്കും. ഹോണ്ടുറാസിനെതിരെ ഞായറാഴ്ച നടന്ന മത്സരത്തില്‍ മെസ്സി കളിച്ചിരുന്നില്ല. ഈമാസം പതിനേഴിന് അള്‍ജീരിയയ്ക്ക് എതിരെയാണ് ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്‍മാരായ അര്‍ജന്റീനയുടെ ആദ്യമത്സരം. ലോകകപ്പിന് മുന്‍പുള്ള അവസാന സന്നാഹ മത്സത്തില്‍ പോര്‍ച്ചുഗലും ഇംഗ്ലണ്ടും നാളെ ഇറങ്ങും.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിന് നൈജീരിയയും, ഇംഗ്ലണ്ടിന് കോസ്റ്റാറിക്കയുമാണ് എതിരാളികള്‍. ഈമാസം പതിനേഴിന് കോംഗോയ്ക്ക് എതിരെയാണ് പോര്‍ച്ചുഗലിന്റെ ആദ്യ മത്സരം. ഇംഗ്ലണ്ട് ലോകകപ്പിലെ ആദ്യ മത്സരത്തില്‍ പതിനെട്ടിന് ക്രോയേഷ്യയുമായി ഏറ്റുമുട്ടും.


