കോട്ടയം: തെള്ളകം ചൈതന്യ ഹാളിൽ ആരംഭിച്ച അഖിലേന്ത്യാ സമാധാന ഐക്യദാർഢ്യ സമിതി (ഐപ്സോ) യുടെ സംസ്ഥാന ക്യാമ്പ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ആയുധപ്രയോഗത്തിലൂടെ രാജ്യങ്ങൾ അവരുടെ ശക്തി തെളിയിക്കുന്നു. സമാധാന കാംക്ഷികളായവർക്ക് ഇത് ആശങ്ക ഉണ്ടാക്കുന്നുണ്ട് ലോകസമാധാനത്തിനായി രാഷ്ട്രീയത്തിന് അതീതമായി എല്ലാവരും ഒന്നിക്കണമെന്ന സന്ദേശമാണ് ഐപ്സോ നൽകുന്നതെന്ന് ക്യാമ്പ് ഉദ്ഘാടനം ചെയ്തുകൊണ്ട് തിരുവഞ്ചൂർ പറഞ്ഞു. ഐപ്സോ ജനറൽ സെക്രട്ടറി അഡ്വ. വി ബി ബിനു അധ്യക്ഷത വഹിച്ചു. ഡോ. എ ജോസ് സ്വാഗതവും, ബൈജു വയലത്ത് കൃതജ്ഞതയും പറഞ്ഞു.
‘ഇന്ത്യൻ ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ’ എന്ന വിഷയത്തിൽ സിപിഐ സംസ്ഥാന എക്സിക്യുട്ടീവംഗം മുല്ലക്കര രത്നാകരൻ മുഖ്യപ്രഭാഷണം നടത്തി. താഴെത്തട്ടിലുള്ള മനുഷ്യരുടെ ശക്തിയെ ഉയർത്തിക്കൊണ്ടുവരാനുള്ള പാതയാണ് ജനാധിപത്യം. ഇന്ത്യയിൽ ഇല്ലാതായിക്കൊണ്ടിരിക്കുന്നത് ഈ പാതയാണ്. ഇന്ത്യൻ സമൂഹത്തിൽ ഭിന്നിപ്പിക്കാനുള്ള ഘടകങ്ങൾ കൂടുതൽ ശക്തമാണ്, ഈ ഘടകങ്ങളെയാണ് ബിജെപി ആയുധമാക്കിയത്. ഒരു ഭരണകൂടം തന്നെ ഭിന്നിപ്പിക്കാനുള്ള ഘടകങ്ങളെ ശക്തമാക്കുന്ന ശ്രമം നടത്തുന്നു എന്നുള്ളതാണ് രാജ്യം നേരിടുന്ന വെല്ലുവിളിയെന്ന് മുല്ലക്കര പറഞ്ഞു. ഡോ. പി കെ ജനാർദ്ദനക്കുറുപ്പ് പതാക ഉയർത്തി. അഡ്വ. കെ അനിൽ കുമാർ, കെ ദേവകി, ഇ വേലായുധൻ, എന്നിവർ പ്രസംഗിച്ചു. പശ്ചിമേഷ്യൻ സംഘർഷങ്ങളെക്കുറിച്ച് ഡോ. കെ എം സീതി ക്ലാസ് നയിച്ചു. അഡ്വ. വി ജയപ്രകാശ് സ്വാഗതവും പി കെ ആനന്ദക്കുട്ടൻ കൃതജ്ഞതയും പറഞ്ഞു. സി ആർ ജോസ് പ്രകാശ് ഭാവിപ്രവർത്തന പരിപാടികൾ അവതരിപ്പിച്ചു. ക്യാമ്പ് ലീഡറായി അഡ്വ. എം എ ഫ്രാൻസിസ്, ഡെപ്യൂട്ടി ലീഡറായി ഡോ. എൻ രമാകാന്തൻ എന്നിവരെ തെരഞ്ഞെടുത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ക്യാമ്പ് നാളെ സമാപിക്കും. സമാപന സമ്മേളനത്തോടനുബന്ധിച്ച് ക്യൂബൻ ഐക്യദാർഢ്യ സമ്മേളനം നടത്തും. സിപിഐ(എം) ജനറൽ സെക്രട്ടറി എം എ ബേബി ഉദ്ഘാടനം ചെയ്യും. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അധ്യക്ഷത വഹിക്കും. കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം കെ സി ജോസഫ് മുഖ്യപ്രഭാഷണം നടത്തും. അഡ്വ. വി ബി ബിനു, ബാബു ജോസഫ്, അഡ്വ. കെ ആർ ശ്രീനിവാസൻ, ഡോ. സി ഉദയകല തുടങ്ങിയവർ പ്രസംഗിക്കും.


