കറുകച്ചാൽ: അഞ്ഞൂറ് രൂപയുടെ 65 കള്ളനോട്ടുകളുമായി യുവാവ് പിടിയിൽ. മാമ്പതി ഭാഗത്ത് താമസിക്കുന്ന ആനിക്കാട് രണ്ടുപറയിൽ അലക്‌സ് തോമസി(23)നെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച വൈകീട്ട് ഏട്ടരയ്ക്ക് 500 രൂപയുടെ കള്ളനോട്ടുമായി കറുകച്ചാൽ ബിവ്‌റേജസിൽ നിന്നും മദ്യം വാങ്ങാനെത്തിയ യുവാവിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് അലക്‌സ് തോമസിലെത്തിച്ചത്. മദ്യം വാങ്ങിയ യുവാവ് നൽകിയത് 500 രൂപ കള്ളനോട്ടാണെന്ന് തിരിച്ചറിഞ്ഞ ബിവ്‌റേജസ് ജീവനക്കാർ പോലീസിനെ അറിയിക്കുകായിരുന്നു. ചോദ്യം ചെയ്യലിൽ മറ്റൊരു സഹൃത്താണ് പണം നൽകിയതെന്ന് കണ്ടെത്തി. മണിക്കൂറുകൾക്കുള്ളിൽ സുഹൃത്തിനെ പിടികൂടി ചോദ്യം ചെയ്തപ്പോൾ രണ്ട് കള്ളനോട്ടുകൾ കൂടി കണ്ടെത്തി. ലോട്ടറി അടിച്ച പണമാണെന്ന് പറഞ്ഞ് അലക്‌സ് തോമസാണ് മൂന്ന് 500 രൂപ നോട്ടുകൾ നൽകിയെന്ന് ഇയാൾ പറഞ്ഞു. രാത്രി ഒന്നരയോടെ കറുകച്ചാൽ പോലീസ് അലക്‌സ് തോമസിനെ തേടി മാമ്പതി ഭാഗത്തെ താമസ സ്ഥലത്തെത്തി. ഓടിരക്ഷപ്പെടാൻ ശ്രമിച്ച അലക്‌സിനെ പോലീസ് പിടികൂടുകയായിരുന്നു. 62 നോട്ടുകൾ ഇയാളിൽ നിന്നും പിടികൂടി. നോട്ട് ആരാണ് നൽകിയതെന്ന് ഇയാൾ പറഞ്ഞിട്ടില്ല. കറുകച്ചാൽ പോലീസ് സ്‌റ്റേഷനിലെ ആറ് കേസുകളിലും, 2023-ൽ കാപ്പാ ചുമത്തിയ പ്രതിയാണെന്നും പോലീസ് പറഞ്ഞു. എസ്.എച്ച്.ഒ. എസ്.രാജേഷ്, എസ്.ഐ.മാരായ ടി.എസ്.ജയകൃഷ്ണൻ, ബിജു തോമസ്, സി.പി.ഓരായ ബ്രിജിത്ത് കൃഷ്ണ, ആന്റണി വിക്ടർ, ജിബിൻ ലോബോ, സ്വരാജ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കറുകച്ചാലിൽ അഞ്ഞൂറ് രൂപയുടെ 65 കള്ളനോട്ടുകളുമായി യുവാവ് പിടിയിൽ : പിടിയിലായത് മാമ്പതി ഭാഗത്ത് താമസിക്കുന്ന യുവാവ്


