ആറാട്ടുപുഴ: ജനങ്ങൾ ക്ഷമയുടെ നെല്ലി പലക കണ്ട തൃക്കുന്നപ്പുഴ പാലത്തിന്റെ നിർമാണ പ്രവർത്തനത്തിൽ ഭരണം മാറിയിട്ടും കാര്യമായ പുരോഗതിയില്ല. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പറഞ്ഞ ഉറപ്പുകൾ എല്ലാം പാഴ്‌വാക്കായി മാറിയ അനുഭവമാണ് ജനങ്ങൾക്കുള്ളത്. കഴിഞ്ഞ ആഗസ്റ്റിൽ ഉദ്ഘാടനം നടത്തുമെന്ന് പ്രഖ്യാപിച്ച പാലം ഇനി എത്ര ആഗസ്റ്റ് മാസം കടന്നുപോയാൽ പണിതീരും എന്ന ഉറപ്പില്ല. എന്നെങ്കിലും ഈ പാലം പണി തീരും എന്ന് പറയാൻ മാത്രമേ ഇപ്പോൾ കഴിയൂ.
കേന്ദ്ര സർക്കാറിന്‍റെ ഉൾനാടൻ ജലഗതാഗത വകുപ്പും കേരള ജലസേചന വകുപ്പും ചേർന്നുള്ള തൃക്കുന്നപ്പുഴ ചീപ്പ് പാലത്തിന്റെ പുനർനിർമാണ പദ്ധതി ചീരൻസ് കൺസ്ട്രക്ഷൻ 34.12 കോടി രൂപയ്ക്ക് 2018-ൽ ഏറ്റെടുത്തു. 2020 ഫെബ്രുവരിയിൽ പൂർത്തിയാകേണ്ട പാലമാണ് എട്ടുവർഷം കഴിയുമ്പോഴും ഒച്ചിനേക്കാൾ പതുക്കെ ഇഴഞ്ഞുനീങ്ങുന്നത്. കോവിഡ് ദുരന്തത്തെ തുടർന്ന് 2022 മാർച്ചിലേക്ക് തീയതി നീട്ടി നൽകി. എസ്റ്റിമേറ്റ് തുക 41 കോടിയായി വർധിപ്പിച്ചും നൽകി. പിന്നീടത് 2023 ഡിസംബറായി ശേഷം 2025 ജൂണിൽ തീർക്കുമെന്ന് പ്രഖ്യാപിച്ചു. അതും നടക്കാതെ വന്നപ്പോൾ ആഗസ്റ്റിൽ 30 നുള്ളിൽ പണിപൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്യുമെന്ന് ജില്ല കലക്ടർ ബന്ധപ്പെട്ട അധികാരികളോടും കരാറുകാരനോടും ചർച്ച ചെയ്ത ശേഷം അവസാന പ്രഖ്യാപനം എന്ന നിലയിൽ അറിയിച്ചു. അതും നടപ്പാകാതെ വന്നതോടെ അധികാരികൾ പരിഹാസ്യരായി. പിന്നീട് ഉറപ്പുകൾ നൽകാൻ അവർക്ക് ധൈര്യം ഇല്ലാതായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിനിടയിൽ മുഖ്യമന്ത്രി രണ്ട് തവണയും ഇറിഗേഷൻ വകുപ്പ് മന്ത്രി പലതവണയും പ്രശ്നത്തിൽ ഇടപെട്ടു. നിയമസഭയിൽ ചർച്ചാവിഷയമായി. ഹർത്താൽ അടക്കം സമരങ്ങൾ പലത് നടന്നു. ഹൈക്കോടതിയുടെ ഇടപെടലും ഉണ്ടായി.പ്രദേശത്തെ മുഴുവൻ ജനങ്ങളെയും ബാധിക്കുന്ന പ്രശ്നം ആയതിനാൽ കഴിഞ്ഞ തെരഞ്ഞെടുപ്പിലും ഇത് പ്രധാന ചർച്ചാവിഷയമായിരുന്നു. എം.എൽ.എയുടെ വീഴ്ചയാണെന്ന് ഭരണപക്ഷവും സർക്കാരിന്റെ അനാസ്ഥയാണ് പാലം പണി ഇഴഞ്ഞു നീങ്ങാൻ കാരണമെന്ന് പ്രതിപക്ഷവും ആരോപണ പ്രത്യാരോപണങ്ങൾ ഉയർത്തി.
2018 ൽ ആരംഭിച്ച തൃക്കുന്നപ്പുഴ ചീപ്പിന്റെയും 20 മീറ്റർ മാത്രം നീളമുള്ള പാലത്തിന്റെ നിർമാണം നീണ്ടു പോകുന്നതിനാൽ ജനങ്ങൾ അനുഭവിക്കുന്ന ദുരിതം ചില്ലറയല്ല. ദേശീയപാതയുടെ ഭാഗമായി നിരവധി വമ്പൻ പാലങ്ങൾ ഇതിനകം പൂർത്തിയായ സാഹചര്യത്തിലാണ് 20 മീറ്ററിൽ ഭരണകൂടം തപ്പി തടയുന്നത്. പൊതുഗതാഗതത്തിന്റെ അപര്യാപ്തത മൂലം യാത്രാദുരിതം ഏറെയുള്ള തീരദേശ റോഡിൽ പാലത്തിന്റെ നിർമാണം മൂലം ഗതാഗതം മുടങ്ങിക്കിടക്കുന്നത് കടുത്ത പ്രയാസം സൃഷ്ടിക്കുന്നു. ജനം ക്ഷമകെട്ട അവസ്ഥയിലാണ്. വിദ്യാർഥികളും വയോധികരും സ്ത്രീകളും കടുത്ത ദുരിതമാണ് അനുഭവിക്കുന്നത്.
രണ്ടു വശങ്ങളിലും കോൺക്രീറ്റ് ഭിത്തികെട്ടി മണ്ണ് നിറച്ച് അപ്രോച്ച് റോഡ് നിർമ്മിക്കാൻ ആയിരുന്നു പദ്ധതി വിഭാവന ചെയ്തിരുന്നത്. എന്നാൽ, അത് അശാസ്ത്രീയമാണെന്ന് കണ്ടെത്തിയതോടെ എലിവേറ്റഡ് മാതൃകയിൽ അപ്രോച്ച് റോഡ് നിർമിക്കാൻ തീരുമാനിച്ചു. അതിനായി ഇരുവശങ്ങളിലും 16 വീതം പൈലിങ് പണി പൂർത്തിയായിട്ടുണ്ട്. പടിഞ്ഞാറേക്കരയിൽ ഒരു തൂണിന്റെ നിർമാണം പൂർത്തിയാവുകയും പാലുവുമായി ബന്ധപ്പെടുത്തി ഗർഡറുകൾ നിർമിക്കുന്ന പണി പുരോഗമിക്കുകയാണ്. അടുത്ത ടൂൺ സ്ഥാപിക്കാനുള്ള പൈലിങ് ഇതുവരെ ആരംഭിച്ചിട്ടില്ല. കിഴക്കേക്കരയിൽ പൈലിന് മുകളിലുള്ള പില്ലറുകളുടെ നിർമാണവും തുടർ പണികളും ശേഷിക്കുകയാണ്. ഇരുവശങ്ങളിലും ഭിത്തി ഒഴിവാക്കി എലിവേറ്റഡ് മാതൃകയിൽ അപ്രോച്ച് റോഡ് നിർമ്മിക്കുന്നതിനുള്ള നിർമാണ അനുമതി ബന്ധപ്പെട്ട വകുപ്പിൽ നിന്ന് ലഭിക്കാത്തതാണ് തുടർ പ്രവർത്തനങ്ങൾ വൈകാൻ കാരണം.
ഇരുവശത്തും ഒരുപോലെ പണി നടത്തിയാൽ കാലതാമസം കുറയ്ക്കാമെങ്കിലും അങ്ങനെയൊരു നീക്കം കരാറുകാരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. അടുത്ത ആഗസ്റ്റിലും പണി തീരുമോയെന്ന കാര്യത്തിൽ ആശങ്കയുണ്ട്.പാലം മാത്രമല്ല ഉപ്പുവെള്ളത്തെ തടയുന്നതിന് നാവിഗേഷൻ ലോക്ക് അടക്കം സ്ഥാപിക്കുന്ന പണികളും ശേഷിക്കുകയാണ്. ഇതിനായി ഷട്ടർ പണി സ്ഥലത്ത് എത്തിച്ചിട്ട് മൂന്ന് വർഷത്തോളമായി. നിലവിലുള്ള ഷട്ടർ തുരുമ്പെടുത്ത് നശിച്ച നിലയിലാണ്. വലിയ പ്രയാസപ്പെട്ടാണ് നിലവിലുള്ള തുരുമ്പെടുത്ത ഷട്ടർ അടയ്ക്കുകയും തുറക്കുകയും ചെയ്യുന്നത്. ഇതിന്റെ പ്രവർത്തനം നിലച്ചു പോയാൽ ഓരുവെള്ളം കുട്ടനാട് അപ്പർ കുട്ടനാട് ഭാഗങ്ങളിലെ നെൽകൃഷിയെ ഗുരുതരമായി ബാധിക്കും. തീരദേശവാസികളുടെ ജീവിതത്തെയും കാർഷിക മേഖലയെയും ഗുരുതരമായി ബാധിക്കുന്ന ഈ പ്രശ്നത്തിൽ കുരുക്കഴിയാതെ കിടക്കുന്ന ഒട്ടേറെ പ്രശ്നങ്ങൾ ഉണ്ടെന്നാണ് അറിയുന്നത്. ഇത്രയേറെ ജനരോഷം ശക്തമായിട്ടും വിഷയത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ടുള്ള നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നില്ല.
അധികാരംകിട്ടിയാൽ 24മണിക്കൂറിനുള്ളിൽ നടപടി;
രമേശ് ചെന്നിത്തലയുടെ പഴയ പ്രസംഗം കുത്തിപ്പൊക്കി പ്രതിപക്ഷം
തൃക്കുന്നപ്പുഴ പാലത്തിന്റെ നിർമ്മാണം ഇഴഞ്ഞുനീങ്ങാൻ കാരണം സർക്കാരിന്റെ പിടിപ്പുകേടാണെന്ന് ആരോപിച്ച രമേശ് ചെന്നിത്തലയെ തിരിഞ്ഞു കുത്തി പഴയ പ്രസംഗം. തൃക്കുന്നപ്പുഴയിൽ നടന്ന സ്വീകരണ യോഗത്തിൽ രമേശ് ചെന്നിത്തല നടത്തിയ പ്രസംഗമാണ് പ്രതിപക്ഷം ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കുന്നത്. പാലം പണി വൈകുന്നതിന്റെ കാരണം എന്റെ തലയിൽ കെട്ടിവെക്കണ്ട, മൂന്നുതവണ ഇതിനായി ഞാൻ മീറ്റിങ് വിളിച്ചുകൂട്ടിയിട്ടുണ്ട്. ഭരിക്കുന്നത് അവരല്ലേ.. മുഖ്യമന്ത്രി അല്ലേ വകുപ്പ്. എന്തെങ്കിലും ചെയ്യണ്ടേ. ഞാൻ ആയിരുന്നുവെങ്കിൽ 24 മണിക്കൂറിനുള്ളിൽ വേണ്ടത് ചെയ്യുമായിരുന്നു. ഇതായിരുന്നു ആ പ്രസംഗം. അധികാരത്തിലേറി ഒരു മാസം പിന്നിട്ടിട്ടും തൃക്കുന്നപ്പുഴ പാലത്തെക്കു പാലത്തെക്കുറിച്ച് നാളിതുവരെ ഒരു അഭിപ്രായവും രമേശ് ചെന്നിത്തല പറഞ്ഞിട്ടില്ല ഇത് . പ്രദേശത്തെ കോൺഗ്രസുകാരെയും നിരാശരാക്കുന്നുണ്ട്. പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് മുന്നിൽ അവർ ഉത്തരം മുട്ടുന്നു. പാലം പണി എന്ന് പൂർത്തിയാകും എന്നാണ് ജനങ്ങൾക്ക് അറിയേണ്ടത്. ഇനി പറയുന്ന സമയമെങ്കിലും പാലിക്കണമെന്ന ആഗ്രഹം മാത്രമാണ് ജനങ്ങൾക്ക് ഉള്ളത്. കൂടാതെ പാലം പണി പൂർത്തിയാകാൻ വേണ്ടി വെടിവഴിപാട് നടത്തുന്ന വീഡിയോയും വൈറലായിട്ടുണ്ട്.
ഒരുപാലം ഉണ്ടാക്കേണ്ട പണം ജങ്കാറിനുപോയി
പാലത്തിന്റെ പൂർത്തീകരണം വൈകുംതോറും ഖജനാവിന് ഭീമമായ നഷ്ടമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പ്രതി മാസം 13 ലക്ഷം രൂപയാണ് ജങ്കാർ സർവീസിനായി സർക്കാർ ചെലവഴിക്കുന്നത്. ഇതിനോടകം മൂന്നര കോടിയോളം രൂപ ജങ്കാർ വാടകയായി ചെലവഴിച്ചു. വാഹനങ്ങൾ കടന്നുപോകുന്ന താൽക്കാലിക പാലം നിർമിക്കാൻ ഇത്രയും തുക വേണ്ടിവരുമായിരുന്നില്ല.


