കാഞ്ഞിരപ്പള്ളി സ്വദേശിനിയെ വീട്ടുകാരറിയാതെ കടത്തിക്കൊണ്ടുപോയി; വിഴിഞ്ഞം സ്വദേശിയുടെ കാര്‍ അപകടത്തില്‍പ്പെട്ടതോടെ സംഭവം പുറത്തറിഞ്ഞു; പെണ്‍കുട്ടി വീട്ടില്‍ ഇല്ലെന്ന് വീട്ടുകാര്‍ മനസ്സിലാക്കിയത് പൊലീസ് വിളിച്ചപ്പോള്‍

തിരുവനന്തപുരം: കാഞ്ഞിരപ്പള്ളി സ്വദേശിനിയായ കാമുകിയുമായി കടന്ന വിഴിഞ്ഞം സ്വദേശിയുടെകാര്‍ അപകടത്തില്‍പ്പെട്ടു. ഷമീറിന്റെ(24) കാറാണ് അപകടത്തില്‍പ്പെട്ടത്. ഇയാളുടെ ബന്ധുക്കളായ ഹക്കീം (24) സുബൈദ് (24) എന്നിവര്‍ക്കും പെണ്‍കുട്ടിക്കും പരിക്കേറ്റു. കാറിന്റെ എയര്‍ബാഗ് അപകടസമയത്ത് പ്രവര്‍ത്തിച്ചതിനാല്‍ വാഹനം ഓടിച്ചിരുന്ന സുബൈദിന് നിസാര പരിക്കുകള്‍ മാത്രമേയുള്ളു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പറയുന്നു. അപകടത്തില്‍ പരിക്കേറ്റ നാലുപേരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അപകടശേഷം പെണ്‍കുട്ടിയുടെ വീടുമായി പോലീസ് ബന്ധപ്പെട്ടപ്പോളാണ് പെണ്‍കുട്ടി വീട്ടില്‍ ഇല്ലെന്ന് വീട്ടുകാര്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത്. തിരുവനന്തപുരം കോലിയക്കോട് രാവിലെ അഞ്ച് മണിക്കാണ് അപകടമുണ്ടായത്. പെണ്‍കുട്ടിയുമായി വിഴിഞ്ഞത്തേക്ക് പോകുന്ന വഴി കോലിയക്കോട് പുലന്തറയില്‍ വെച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ റോഡിനോട് ചേര്‍ന്നുള്ള മതിലിലിടിക്കുകയായിരുന്നു. ഷമീറുമായി പെണ്‍കുട്ടിക്ക് അടുപ്പം ഉള്ളതായി രക്ഷിതാക്കള്‍ക്ക് അറിയാമായിരുന്നു. ഇരുവരും ഓണ്‍ലൈന്‍ വഴിയാണ് പരിചയപ്പെട്ടത്. 18 വയസ് മാത്രമേ ആയിട്ടുള്ളു എന്നതിനാല്‍ രണ്ടുവര്‍ഷം കഴിഞ്ഞ് വിവാഹത്തേക്കുറിച്ച് ആലോചിക്കാമെന്നായിരുന്നു രക്ഷിതാക്കള്‍ അറിയിച്ചിരുന്നത്.

Hot Topics

Related Articles