ലോകകപ്പ് മിസ്സായവരുടെ പ്ലെയിംഗ് ഇലവൻ ;  സഞ്ജു നയിക്കും റിഷഭും ആര്‍ച്ചറും അക്സറും ടീമില്‍

സ്പോർട്സ് ഡെസ്ക്ക് : ഐസിസിയുടെ ഏകദിന ലോകകപ്പ് പടിവാതില്‍ക്കെ എത്തിനില്‍ക്കെ ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ വലിയ ആവേശത്തിലാണ്.പക്ഷെ ആരാധകര്‍ക്കു വളരെ പ്രിയപ്പെട്ട ചില കളിക്കാരെ വ്യത്യസ്ത കാരണങ്ങളാല്‍ ഈ ലോകകപ്പില്‍ നമുക്കു കാണാന്‍ കഴിയില്ല. ചിലര്‍ക്കു പരിക്കാണ് വില്ലനായതെങ്കില്‍ ചിലര്‍ ദേശീയ ടീമുകളില്‍ നിന്നും തഴയപ്പെടുകയായിരുന്നു. ഈ തരത്തില്‍ ലോകകപ്പില്‍ ഇത്തവണ കാണാന്‍ സാധിക്കാതെ പോയ മികച്ച താരങ്ങളെ അണിനിരത്തി ഒരു ഇലവനെ ഇറക്കിയാല്‍ ആരൊക്കെയാവും ഇടം പിടിക്കുകയെന്നു നമുക്കു പരിശോധിക്കാം.

Advertisements

ഇന്ത്യയുടെ മൂന്നു താരങ്ങളായിരിക്കും ഈ ഇലവനില്‍ ഇടം പിടിക്കുക. ന്യൂസിലാന്‍ഡിന്റെയും ഇംഗ്ലണ്ടിന്റെയും രണ്ടു വീതം കളിക്കാരും ബംഗ്ലാദേശ്, ശ്രീലങ്ക, പാകിസ്താന്‍, സൗത്താഫ്രിക്ക എന്നിവരുടെ ഓരോ താരങ്ങള്‍ വീതവും ഇലവനില്‍ സ്ഥാനം പിടിക്കും. ഇലവനെക്കുറിച്ച്‌ വിശദമായി നമുക്കു പരിശോധിക്കാം. ഓപ്പണര്‍മാരായി ഇറങ്ങുക ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ബാറ്റര്‍ ജേസണ്‍ റോയിയും ബംഗ്ലാദേശിന്റെ വെറ്ററന്‍ താരവും മുന്‍ ക്യാപ്റ്റനുമായ തമീം ഇഖ്ബാലുമായിരിക്കും. തന്‍റേതായ ദിവസം മല്‍സരഗതി മാറ്റാന്‍ ശേഷിയുള്ള താരമാണ് റോയ്. ലോകകപ്പിനുള്ള പ്രാഥമിക സ്‌ക്വാഡിനെ ഇംഗ്ലണ്ട് ആദ്യം പ്രഖ്യാപിച്ചപ്പോള്‍ അദ്ദേഹം സംഘത്തിലുണ്ടായിരുന്നു. പിന്നീട് ഇസിബി അതു 15 പേരായി വെട്ടിച്ചുരുക്കിയപ്പോള്‍ റോയ് ഒഴിവാക്കപ്പെടുകയായിരുന്നു. പകരം പുതിയ സെന്‍സേഷനായ ഹാരി ബ്രൂക്കിനെ ഉള്‍പ്പെടുത്തുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

റോയിയെപ്പോലെ തന്നെ ലോകകപ്പ് ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ട താരമാണ് ബംഗ്ലാദേശിന്‍റെ എക്കാലത്തെയും മികച്ച റണ്‍വേട്ടക്കാരില്‍ ഒരാളായ തമീം. ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഷാക്വിബുല്‍ ഹസനുമായി അദ്ദേഹം അത്ര നല്ല രസത്തിലായിരുന്നില്ല. ഈ കാരണത്താലാണ് തമീമിനെ ലോകകപ്പ് ടീമിലേക്കു പരിഗണിക്കാതിരുന്നതെന്നാണ് പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍.

ഇലവനില്‍ മൂന്നും നാലും സ്ഥാനങ്ങളിലുള്ളത് മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണും ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായ റിഷഭ് പന്തുമാണ്. ഏകദിനത്തില്‍ വളരെ മികച്ച റെക്കോര്‍ഡുണ്ടായിട്ടും ലോകകപ്പ് ടീമില്‍ നിന്നും സഞ്ജുവിനെ സെലക്ഷന്‍ കമ്മിറ്റി തഴയുകയായിരുന്നു.

ലോകകപ്പില്‍ മാത്രമല്ല ഏഷ്യാ കപ്പ്, ഏഷ്യന്‍ ഗെയിംസ് എന്നിവയ്ക്കുള്ള സ്‌ക്വാഡിലും അദ്ദേഹത്തെ ഉള്‍പ്പെടുത്തിയിരുന്നില്ല. ലോകകപ്പ് നഷ്ടമായവരുടെ ഇലവനെ നയിക്കുക സഞ്ജുവാണ്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെയും ആഭ്യന്തര ക്രിക്കറ്റില്‍ കേരളത്തെയും നയിച്ച്‌ കഴിവ് തെളിയിച്ച ക്യാപ്റ്റനാണ് അദ്ദേഹം.

റിഷഭിനു ലോകകപ്പ് നഷ്ടമാക്കിയത് പരിക്കാണ്. കഴിഞ്ഞ വര്‍ഷം അവസാനത്തോടെയായിരുന്നു അദ്ദേഹത്തിനു കാറപകടത്തില്‍ സാരമായി പരിക്കേറ്റത്. തുടര്‍ന്നു വിശ്രമത്തിലുള്ള റിഷഭ് ഇപ്പോള്‍ ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള കഠിന പ്രയത്‌നത്തലാണ്. അടുത്ത വര്‍ഷമാദ്യം ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ നടക്കാനിരിക്കുന്ന പരമ്ബരകളിലൂടെ റിഷഭ് മല്‍സരരംഗത്തേക്കു മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഇലവനില്‍ അഞ്ച്, ആറ് സ്ഥാനങ്ങളില്‍ ന്യൂസിലാന്‍ഡ് ജോടികളായ ഹെന്‍ഡ്രി നിക്കോള്‍സും മൈക്കല്‍ ബ്രേസ്വെല്ലുമാണ്. ഇരുവരും കിവികളുടെ ലോകകപ്പ് സ്‌ക്വാഡില്‍ നിന്നും ഒഴിവാക്കപ്പെടുകയായിരുന്നു. ലോകകപ്പ് നഷ്ടമായവരുടെ ഇലവനിലെ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍മാര്‍ ശ്രീലങ്കയുടെ വനിന്ദു ഹസരംഗയും ഇന്ത്യയുടെ അക്ഷര്‍ പട്ടേലുമാണ്. രണ്ടു പേരും ദേശീയ ടീമുകളിലെ അവിഭാജ്യ ഘടകമായിരുന്നെങ്കിലും പരിക്കിനെ തുടര്‍ന്നു ലോകകപ്പില്‍ നിന്നും പിന്‍മാറേണ്ടി വരികയായിരുന്നു.

ഇലവനിലെ സ്‌പെഷ്യലിസ്റ്റ് പേസര്‍മാര്‍ ഇംഗ്ലണ്ടിന്റെ ജോഫ്ര ആര്‍ച്ചര്‍, പാകിസ്താന്റെ നസീം ഷാ, സൗത്താഫ്രിക്കയുടെ ആന്‍ഡ്രിച്ച്‌ നോര്‍ക്കിയ എന്നിവരാണ്. ഇവര്‍ക്കെല്ലാം വില്ലനായി മാറിയത് പരിക്കു തന്നെയാണ്. ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ കഴിയാതെ പോയതോടെയാണ് ആര്‍ച്ചറെ 15 അംഗ ടീമില്‍ നിന്നൊഴിവാക്കിയത്. പക്ഷെ ട്രാവലിങ് റിസര്‍വായി അദ്ദേഹം ഇംഗ്ലീഷ് ടീമിനൊപ്പമുണ്ട്. എന്നാല്‍ നോര്‍ക്കിയക്കും നസീമിനും പരിക്കു കാരണം ലോകകപ്പ് വീട്ടിലിരുന്ന് കാണേണ്ടി വരും.

ലോകകപ്പ് നഷ്ടമായവരുടെ മികച്ച ഇലവന്‍

ജേസണ്‍ റോയ് (ഇംഗ്ലണ്ട്), തമീം ഇഖ്ബാല്‍ (ബംഗ്ലാദേശ്), സഞ്ജു സാംസണ്‍ (ഇന്ത്യ, ക്യാപ്റ്റന്‍), റിഷഭ് പന്ത് (ഇന്ത്യ, വിക്കറ്റ് കീപ്പര്‍), ഹെന്‍ഡ്രി നിക്കോള്‍സ് (ന്യൂസിലാന്‍ഡ്), മൈക്കല്‍ ബ്രേസ്വെല്‍ (ന്യൂസിലാന്‍ഡ്), വനിന്ദു ഹസരംഗ (ശ്രീലങ്ക), അക്ഷര്‍ പട്ടേല്‍ (ഇന്ത്യ), ജോഫ്ര ആര്‍ച്ചര്‍ (ഇംഗ്ലണ്ട്), നസീം ഷാ (പാകിസ്താന്‍), ആന്‍ഡ്രിച്ച്‌ നോര്‍ക്കിയ (സൗത്താഫ്രിക്ക).

Hot Topics

Related Articles