യൂത്ത് കോണ്‍ഗ്രസ് കലക്ടറേറ്റ് മാർച്ചിലെ പോലീസ് ലാത്തിച്ചാർജ് : 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഹൈക്കോടതിയിയിലേയ്ക്ക് 

കൊച്ചി : യൂത്ത് കോണ്‍ഗ്രസ് കലക്ടറേറ്റ് മാർച്ചിനു നേരെയുണ്ടായ പൊലീസ് ലാത്തിച്ചാർജില്‍ ഗുരുതര പരുക്കേറ്റ പാർട്ടി നേതാവ് മേഘ രഞ്ജിത് നഷ്ടപരിഹാരമാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹർജി നല്‍കി.യൂത്ത് കോണ്‍ഗ്രസ് ആലപ്പുഴ ജില്ലാ ജനറല്‍ സെക്രട്ടറി മേഘ രഞ്ജിത്താണ് 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ആലപ്പുഴ ഡിവൈഎസ്പി അമിതാധികാരം കാണിച്ചുവെന്നാരോപിച്ച്‌ അദ്ദേഹത്തെയും ഹർജിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രതിഷേധക്കാർക്കിടയില്‍ നിന്ന് മാറി നില്‍ക്കുമ്ബോഴാണ് പൊലീസ് തന്നെ ക്രൂരമായി മർദിച്ചതെന്നും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായ ശേഷവും മർദനം തുടർന്നുവെന്നും മേഘ ഹർജിയില്‍ പറയുന്നു. 

യാതൊരു പ്രകോപനമോ മുന്നറിയിപ്പോ ഇല്ലാതെയാണ് പൊലീസ് ആക്രമിച്ചത്. തുടർന്ന് ആള്‍ക്കൂട്ടത്തില്‍ നിന്ന് മാറി നിന്ന തന്നെ ആലപ്പുഴ ഡിവൈഎസ്പി കഴുത്തിന് ലാത്തി കൊണ്ടടിച്ചു. തല്ലരുതെന്ന് നിരവധി തവണ പറഞ്ഞിട്ടും ലാത്തികൊണ്ട് തലയ്ക്കടിക്കുകയാണ് ഡിവൈഎസ്പി ചെയ്തതെന്നും ഹര്‍ജിയില്‍ പറയുന്നു. ഇത് തന്റെ മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ഹർജിയില്‍ പറയുന്നു. പൊലീസ് മർദ്ദനത്തില്‍ മേഘയുടെ കഴുത്തിനും തലയ്ക്കും ഗുരുതരമായി പരുക്കേറ്റിരുന്നു. കഴുത്തിനേറ്റ അടി തലച്ചോറിലേക്കുള്ള രക്തക്കുഴലുകളുടെ പ്രവർത്തനത്തെ വരെ ബാധിച്ചു. ഇപ്പോഴും തനിയെ എഴുന്നേറ്റിരിക്കാൻ പോലും വയ്യാത്ത അവസ്ഥയിലാണ് താനെന്നും ഈ അവസ്ഥ ഭേദമാവുക ചുരുക്കമാണെന്നും ഭേദമായാല്‍ തന്നെ ഏറെക്കാലം പിടിക്കുമെന്നും മേഘ ഹർജിയില്‍ പറയുന്നു.

Hot Topics

Related Articles