നാലു വയസുള്ള പെണ്‍കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന പിതാവിന്റെ പരാതിയില്‍ അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍.
അന്വേഷണത്തില്‍ അസ്വാഭാവികമായി എന്തെങ്കിലും കണ്ടെത്തുകയാണെങ്കില്‍ നിയമാനുസൃതം നടപടി സ്വീകരിക്കണമെന്നും ജുഡീഷ്യല്‍ അംഗം കെ ബൈജൂ നാഥ് കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവിക്ക് ഉത്തരവ് നല്‍കി. മാനന്തവാടി കാഞ്ഞിരങ്ങാട് മക്കിയാട് സ്വദേശി ടി. റെജിമോന്‍ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. പരാതിക്കാരന്റെ മകള്‍ റില്‍നാ മരിയാ റെജിമോന്‍ ആണ് 2022 ഏപ്രില്‍ 8 ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവി നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ ഹോളിക്രോസ് ആശുപത്രിയില്‍ നിന്നുമാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചതെന്ന് പറയുന്നു. കോടഞ്ചേരി പോലീസ് കേസെടുത്തിട്ടുണ്ട്. കുട്ടിയെ ആശുപത്രിയിലെത്തിക്കുമ്പോള്‍ വായിലും മൂക്കിലും നിന്നും രക്തം വരുന്നുണ്ടായിരുന്നുവെന്ന് ഹോളിക്രോസ് മെഡിക്കല്‍ ഓഫീസര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല. ഇത് ലഭിക്കുന്ന മുറയ്ക്ക് പരിശോധനാ ഫലം ചേര്‍ത്ത് അന്വേഷിക്കും. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് അന്വേഷണ ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് തയ്യാറാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ കുട്ടിയുടെ മരണത്തില്‍ സംശയമുണ്ടെന്ന് പിതാവ് ആവര്‍ത്തിച്ചു.