ആലപ്പുഴ: മന്ത്രിമാരുടെ കുട്ടനാട് താലൂക്ക്തല പരാതി പരിഹാര അദാലത്തായ കരുതലും കൈത്താങ്ങും ഇന്ന് രാവിലെ 10 മണി മുതല്‍ മങ്കൊമ്പ് നെല്ലു ഗവേഷണ കേന്ദ്രം ഓഡിറ്റോറിയത്തില്‍ നടക്കും. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് അദാലത്ത് ഉദ്ഘാടനം ചെയ്യും. ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന് അധ്യക്ഷനാകും. കൊടിക്കുന്നില്‍ സുരേഷ് എം.പി, തോമസ് കെ. തോമസ് എം.എല്‍.എ., ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ജില്ല കളക്ടര്‍ ഹരിത വി. കുമാര്‍, ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴസണ്‍ എം.വി. പ്രിയ, ജില്ല പഞ്ചായത്ത് അംഗങ്ങളായ ബിനു ഐസക് രാജു, ഗീത ബാബു, എസ്. അഞ്ജു, സബ് കളക്ടര്‍ സൂരജ് ഷാജി, എ.ഡി.എം. എസ്. സന്തോഷ് കുമാര്‍, ഡെപ്യൂട്ടി കളക്ടര്‍ ബി. കവിത, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ജിന്‍സി ജോളി, എം.വി. വിശ്വംഭരന്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ടി.ജി. ജലജകുമാരി, മിനി മന്മഥന് നായര്‍, ലിജി വര്‍ഗീസ്, ലിനി ജോളി, എസ്. അജയകുമാര്‍, എം.സി. പ്രസാദ്, ബിന്ദുമോള്‍, ടി.കെ. തങ്കച്ചന്, ജോഷിമോന് ജോസഫ്, പത്മജ അഭിലാഷ്, ഗായത്രി ബി. നായര്‍, ആര്. രാജേന്ദ്രകുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗം ജയശ്രീ വേണുഗോപാല്‍, ഗ്രാമപഞ്ചായത്തംഗം എസ്. മായാദേവി തുടങ്ങിയവര്‍ പങ്കെടുക്കും.
അദാലത്ത് വേദിയില്‍ പൊതുജനങ്ങള്‍ക്ക് സേവനങ്ങള്‍ എളുപ്പത്തിലും വേഗത്തിലും ലഭ്യമാക്കുന്നതിനായി ടോക്കണ്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് അപേക്ഷ എഴുതി നല്‍കുന്നതുള്‍പ്പെടയുള്ള സഹായം ഉദ്യോഗസ്ഥര്‍ ചെയ്തു നല്‍കും. തിരക്ക് ഒഴിവാക്കുന്നതിനായി പരാതി സ്വീകരിക്കാനും രജിസ്ട്രേഷനും ടോക്കണ്‍ നല്‍കാനുമൊക്കെ പ്രത്യേകം കൗണ്ടറുകളും സജ്ജമാക്കിയിട്ടുണ്ട്.
പരാതി സ്വീകരിക്കാന്‍ മാത്രമായി കുറഞ്ഞത് മൂന്ന് കൗണ്ടറുകളാണുള്ളത്. ഒരോ കൗണ്ടറിലും പ്രത്യേകം ജീവനക്കാര്‍ ഉണ്ടാകും. എല്ലാ അപേക്ഷകളും ഈ കൗണ്ടറുകളില്‍ നല്‍കാം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നേരത്തെ അപേക്ഷ നല്‍കിയവര്‍ക്കായി പ്രത്യേകം കൗണ്ടറും ഉണ്ടാകും. പൊതുജനങ്ങള്‍ക്കായി കുടിവെള്ളം, ചായ, ലഘു ഭക്ഷണമടങ്ങിയ സ്നാക്സ് ബോക്സ് എന്നിവയും ഒരുക്കിയിട്ടുണ്ട്. മുതിര്‍ന്ന പൗരന്മാര്ക്കും ഭിന്നശേഷിക്കാര്‍ക്കും ഊഴംകാത്ത് നില്‍ക്കാതെ വേഗത്തില്‍ മന്ത്രിമാരെ കണ്ട് പരാതി നല്‍കാം. താത്കാലിക ചികിത്സ സൗകര്യവും അദാലത്തിന് ശേഷം വേദിയും പരിസരവും ശുചിയാക്കുന്നതിനായി ഉദ്യോഗസ്ഥര്‍, കോളേജ് വിദ്യാര്‍ഥികള്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തേയും നിയോഗിച്ചിട്ടുണ്ട്.
ഭൂമി സംബന്ധമായ വിഷയങ്ങള്‍, സര്‍ട്ടിഫിക്കറ്റുകള്‍/ ലൈസന്‍സുകള്‍ നല്‍കുന്നതിലെ -തണ്ണീര്‍ത്തട സംരക്ഷണം, ക്ഷേമപദ്ധതികള്‍, പ്രകൃതി ദുരന്തങ്ങള്‍ക്കുള്ള നഷ്ടപരിഹാരം, സാമൂഹിക സുരക്ഷ പെന്ഷന്, പരിസ്ഥിതി മലിനീകരണം, തെരുവ് നായ സംരക്ഷണം/ ശല്യം, അപകടകരങ്ങളായ മരങ്ങള്‍ മുറിച്ചു മാറ്റുന്നത്, തെരുവുവിളക്കുകള്‍, അതിര്‍ത്തി തര്‍ക്കങ്ങളും വഴി തടസപ്പെടുത്തലും, വയോജന സംരക്ഷണം, കെട്ടിട നിര്‍മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടവ, പൊതു ജലസ്രോതസുകളുടെ സംരക്ഷണവും കുടിവെള്ളവും, റേഷന്‍ കാര്‍ഡ്, വന്യജീവി ആക്രണങ്ങളില്‍ നിന്നുളള സംരക്ഷണം, വിവിധ സ്കോളര്‍ഷിപ്പ് സംബന്ധിച്ച പരാതികള്‍/ അപേക്ഷകള്‍, വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള നഷ്ടപരിഹാരം, കൃഷിനാശത്തിനുള്ള സഹായം, കാര്‍ഷിക വിളകളുടെ സംഭരണവും വിതരണവും, വിള ഇന്‍ഷുറന്‍സ്, ഭക്ഷ്യ സുരക്ഷ, മത്സ്യബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ടവ, ആശുപത്രികളിലെ മരുന്നുക്ഷാമം, ശാരീരിക/ ബുദ്ധി/ മാനസിക വൈകല്യമുള്ളവരുടെ പുനരധിവാസം, ധനസഹായം, പെന്ഷന്, വിവിധ ക്ഷേമനിധി ബോര്‍ഡുകളില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍, പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കുള്ള വിവിധ ആനുകൂല്യങ്ങള്‍, വ്യവസായ സംരംഭങ്ങള്‍ക്കുള്ള അനുമതി എന്നിവയുമായി ബന്ധപ്പെട്ട പരാതികളാണ് അദാലത്തില്‍ പരിഗണിക്കുന്നത്.
അല്ലാതുള്ള പരാതികള്‍ ലഭിക്കുന്നത് മന്ത്രിമാര്‍ സ്വീകരിക്കുകയും അത് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് തീരുമാനത്തിനായി കൈമാറുകയും ചെയ്യും. അവിടെ ലഭിക്കുന്ന പരാതികളില്‍ സമയ ബന്ധിതമായി തീര്‍പ്പുകല്‍പ്പിക്കാന്‍ പ്രത്യേക സെല്‍ തുടര്‍ന്ന് നിലവില്‍ വരും.