കോട്ടയം ജില്ലയിലെ വനിതാ രത്നങ്ങൾക്ക് ആദരം ; ‘സമം’ ചിത്രകലാ ക്യാമ്പ് സമാപിച്ചു

കോട്ടയം: സ്ത്രീ സമത്വ ആശയപ്രചാരണത്തിനായി സംഘടിപ്പിച്ച സമം പരിപാടിയുടെ ഭാഗമായി ലളിതകലാ അക്കാദമി സംഘടിപ്പിച്ച വനിതാ ചിത്രകലാ ക്യാമ്പ് സമാപിച്ചു. കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ അഞ്ചുദിവസമായി നടന്നിരുന്ന ക്യാമ്പ് ആണ് സമാപിച്ചത്. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഗായിക വൈക്കം വിജയലക്ഷ്മി, നടിയും സഹസംവിധായകയും വസ്ത്രാലങ്കാരത്തിൽ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേത്രിയുമായ സബിത ജയരാജ്, തബല വാദക രത്നശ്രീ അയ്യർ, 104 -ാം വയസിൽ സാക്ഷരത മികവുത്സവത്തിൽ വിജയിച്ച അക്ഷരമുത്തശി കുട്ടിയമ്മ കോന്തി, നർത്തകി ഭവാനി ചെല്ലപ്പൻ എന്നിവരെ ആദരിച്ചായിരുന്നു വനിതാ ക്യാമ്പിന്റെ സമാപനം. ദേശീയ ഭിന്നശേഷി പുരസ്‌കാര ജേത്രി രശ്മി മോഹനു വേണ്ടി ആദരം രശ്മിയുടെ അമ്മ വിമല മുരളീധരൻ ഏറ്റുവാങ്ങി. സമാപന സമ്മേളനം നടി മിയ ജോർജ് ഉദ്ഘാടനം ചെയ്തു. അവനവൻ തന്നെ അവനവന്റെ ശത്രു ആകാൻ പാടില്ലെന്നും എന്തിനും ഏതിനും സ്വയമേ മനസുകൊണ്ടു തയാറായി സ്വയം വിശ്വാസവും മതിപ്പും ബഹുമാനവും അർപ്പിച്ചാലേ സ്ത്രീകൾക്ക് വ്യക്തിപരമായ ഉയർച്ചയുണ്ടാകൂവെന്ന് മിയ പറഞ്ഞു. 

Advertisements

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ ജിമ്മി അധ്യക്ഷയായി. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ. വി. കാർത്തികേയൻ നായർ മുഖ്യപ്രഭാഷണം നടത്തി. ലളിതകല അക്കാദമി ചെയർമാൻ നേമം പുഷ്പരാജ്, സബിത ജയരാജ്, നിർവാഹക സമിതിയംഗം എൻ. ബാലമുരളീകൃഷ്ണൻ, സെക്രട്ടറി പി.വി. ബാലൻ, കലാകൃത്ത് വിജിനി ഡൊമിനിക്, ഭിന്നശേഷി കലാകാരി നസീമ എന്നിവർ സംസാരിച്ചു. വിദ്യാർഥിനികൾക്കായി സംഘടിപ്പിച്ച ത്രിദിന ചിത്രകലാ പഠനകളരിയിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ചിത്രകലാ ക്യാമ്പിൽ പങ്കെടുത്ത കലാകൃത്തുക്കളുടെ പെയിന്റിംങ്ങുകൾ പ്രദർശിപ്പിച്ചു. 

Hot Topics

Related Articles