തിരുവനന്തപുരം: ബൈജൂസ് ആപ്പിൽ വീണ്ടും കൂട്ടപിരിച്ചു വിടൽ ഉണ്ടായേക്കുമെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. 1000 ജീവനക്കാരെ പിരിച്ചു വിടാനാണ് ബൈജൂസ് ഉദ്ദേശിക്കുന്നത്. സെയിൽസ് ടീമിലെ കരാർ ജോലിക്കാരെ ബാധിക്കാനാണ് സാധ്യത എന്നാണ് റിപ്പോർട്ട്.
എന്നാൽ പിരിച്ചുവിടലിനെ കുറിച്ച് ബൈജൂസിന്റെ ഭാഗത്ത് നിന്നും ഇതുവരെ ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല. ഈ വർഷം ആദ്യം കമ്പനി 1000 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. മീഡിയ, ടെക്‌നോളജി, കണ്ടന്റ് ടീമുകൾ എന്നിങ്ങനെ നിരവധി വിഭാഗങ്ങളിൽ നിന്നും ജീവനക്കാരെ വെട്ടിക്കുറച്ചിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ വർഷമാദ്യത്തെ പിരിച്ചുവിടലിൽ എഞ്ചിനീയറിംഗ് വിഭാഗത്തിൽ നിന്ന് 15 ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. വാട്സ്ആപ്പ് സന്ദേശങ്ങൾ വഴിയും ഗൂഗിൾ മീറ്റ് വഴിയുമാണ് പിരിച്ചു വിടൽ അറിയിപ്പ് പലർക്കും നൽകിയിരുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ 30 ശതമാനത്തോളം ടെക് ജീവനക്കാരെയും ബൈജൂസ് പിരിച്ചു വിട്ടിരുന്നു.
ബൈജൂസിന്റെ കടബാധ്യതകളും യുഎസ് കോടതിയിലെ നിയമപരമായ കേസും പലതവണ വാർത്തയായിരുന്നു. യു.എസിലെ ബാങ്കുകൾക്ക് പണം കമ്പനി വീഴ്ച വരുത്തിയതുമായി ബന്ധപ്പെട്ട വിഷയത്തിൽ കേസ് നടക്കുന്നതിനിടയിലാണ് വീണ്ടും പിരിച്ചുവിടൽ സംബന്ധിച്ച വാർത്തകൾ വരുന്നത്.
ബൈജൂസിന്റെ വില്പനയിൽ നിരവധി പരാതികളായിരുന്നു ഉയർന്നു വന്നത്. രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ ഇടപെട്ടിരുന്നു. ഇതേ തുടർന്ന് വില്പന തന്ത്രം മാറ്റുന്നതായി കമ്പനി അറിയിച്ചിരുന്നു.