തിരുവനന്തപുരം: രാജസേനനും ഭീമൻ രഘുവിനും പിന്നാലെ അലി അക്ബറും ബിജെപി വിടുന്നു. ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരായ പ്രതിഷേധത്തെ തുടർന്നാണ് അലി അക്ബറും ബിജെപി വിടുന്നത്. എന്നാൽ, ഉടൻ തന്നെ മറ്റൊരു പാർട്ടിയിലേയ്ക്കില്ലെന്നും അലി അക്ബർ വെളിപ്പെടുത്തിയിട്ടുണ്ട്. ബിജെപിയുടെ സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന അലി അക്ബർ, രാമസിംഹൻ എന്ന പേര് സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെ സാധാരണക്കാരായ ബിജെപി ആർഎസ്എസ് പ്രവർത്തകരിൽ നിന്നും പണം പിരിച്ച ശേഷം അലി അക്ബർ പുഴ മുതൽ പുഴ വരെ എന്ന സിനിമ നിർമ്മിച്ച് സംവിധാനം ചെയ്തിരുന്നു. ഈ സിനിമയുമായി ബന്ധപ്പെട്ടുള്ള തർക്കങ്ങൾക്ക് ഒടുവിലാണ് ഇപ്പോൾ അലി അക്ബർ ബിജെപി വിടുന്നത്. മറ്റു വിശദാംശങ്ങൾ ഒന്നും ഇപ്പോൾ വെളിപ്പെടുത്താൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.