തൃശൂർ: തൃശ്ശൂരിൽ വീണ്ടും ഭൂമിക്കടിയിൽ നിന്ന് മുഴക്കം. വരന്തരപ്പിള്ളി ആമ്പല്ലൂർ മേഖലയിലാണ് മുഴക്കം അനുഭവപ്പെട്ടത്.2 സെക്കന്റ് നീണ്ടുനിന്നു. ഒരാഴ്ച്ചക്കിടെ മൂന്നാം തവണയാണ് തൃശ്ശൂരിൽ മുഴക്കം ഉണ്ടാകുന്നത്.
കഴിഞ്ഞ ദിവസം കോട്ടയം ജില്ലകളിലെ ചില പ്രദേശങ്ങളിലും ഇത്തരത്തിൽ ഭൂമിക്കടിയിൽ നിന്ന് മുഴക്കം കേട്ടിരുന്നു.
നെടുംകുന്നം, കറുകച്ചാൽ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലാണ് രാത്രിയിൽ ഭൂമിക്കടിയിൽ നിന്ന് മുഴക്കവും പ്രകമ്പനവും ഉണ്ടായത്. രാത്രി 9.55ന് ആയിരുന്നു സംഭവം. ഇടിമുഴക്കത്തിന് സമാനമായി സെക്കൻഡുകൾ നീണ്ടുനിന്ന മുഴക്കമാണ് ഉണ്ടായതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ മാസം ആദ്യം കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയിലും സമാനമായ സംഭവം ഉണ്ടായിരുന്നു. കാഞ്ഞിരപ്പള്ളി മേഖലയിൽ ഭൂമിക്കടിയിൽ നിന്ന് മുഴക്കവും ശബ്ദവും കേട്ട് നാട്ടുകാർ ആശങ്കാകുലരായി. കാഞ്ഞിരപ്പള്ളി ചേനപ്പാടിയിൽ ഭൂമിക്കടിയിൽ നിന്ന് വീണ്ടും ഉഗ്രസ്ഫോടന ശബ്ദം കേള്‍ക്കുകയായിരുന്നു.
കഴിഞ്ഞ മാസം അവസാനം കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, എരുമേലി പഞ്ചായത്തുകളിൽ ഉൾപ്പെട്ട പ്രദേശങ്ങളിൽ ഭൂമിക്കടിയിൽ നിന്ന് മുഴക്കവും ശബ്ദവും കേട്ടതും പ്രദേശവാസികളെ ഭയപ്പെടുത്തിയിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന ജിയോളജി വകുപ്പിലെ വിദഗ്ധര്‍ സ്ഥലത്ത് പരിശോധന നടത്തുകയും ചെയ്തു.
മുമ്പ് ഇത്തരത്തിൽ ശബ്ദം ഉണ്ടായപ്പോൾ ഭൂമിക്കടിയിലുണ്ടാകുന്ന പ്രതിഭാസം എന്നായിരുന്നു ജിയോളജി വകുപ്പ് പറഞ്ഞത്. കുടുതൽ വിദഗ്ധ പഠനത്തിനായി ഭൗമശാസ്ത്ര വകുപ്പിലെ വിദഗ്ധരെത്തി പഠനം നടത്തിയാൽ മാത്രമേ എന്താണ് കൃത്യമായ കാരണമെന്ന് വ്യക്തമാവൂ എന്നാണ് ജിയോളജി വകുപ്പ് അധികൃതർ വ്യക്തമാക്കിയിരുന്നത്. സമാനമായി ജില്ലയില്‍ വീണ്ടും ഭൂമിക്കടിയിൽ നിന്ന് മുഴക്കവും പ്രകമ്പനവും ഉണ്ടായതോടെ കൂടുതല്‍ വിദഗ്ധ പരിശോധന നടത്തണമെന്ന് ആവശ്യമാണ് നാട്ടുകാര്‍ ഉന്നയിക്കുന്നത്.