തൃശ്ശൂർ: തൃശ്ശൂർ ചേലക്കരക്കടുത്ത് മുള്ളൂർക്കര വാഴക്കോട് റബ്ബർ തോട്ടത്തിൽ നിന്ന് ആനയുടെ ജഡം കണ്ടെത്തി. കാട്ടാനയെ കൊന്നു കുഴിച്ചുമൂടിയതായാണ് സംശയിക്കുന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ജെസിബി ഉപയോഗിച്ച് ആനയുടെ ജഡം പുറത്തെടുത്തു. മണിയഞ്ചിറ റോയ് എന്ന സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ റബ്ബർ എസ്റ്റേറ്റ്.
വനം വന്യജീവി വകുപ്പിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ആനയുടെ ജഡം കുഴിച്ചുമൂടിയെന്നായിരുന്നു വിവരം. സ്ഥലത്ത് ജെസിബി എത്തിച്ച് മണ്ണ് മാന്തി നടത്തിയ പരിശോധനയിൽ ആനയുടെ അസ്ഥികൂടമാണ് ലഭിച്ചത്. തുടക്കത്തിൽ രണ്ടര മാസത്തെ പഴക്കം ആനയുടെ ജഡത്തിനുണ്ടെന്നായിരുന്നു കരുതിയത്. എന്നാൽ വെറ്ററിനറി സർജന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 20 ദിവസം മാത്രം പഴക്കമുള്ളതാണ് അസ്ഥികൂടമെന്ന് വ്യക്തമായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേ സമയം, കാട്ടാനയുടെ ജഡത്തിൽ ഒരു കൊമ്പ് കാണാനില്ലെന്നും വെറ്ററിനറി സർജൻ വ്യക്തമാക്കി. മണ്ണിനടിയിൽ നിന്ന് പുറത്തെടുത്ത ആനയുടെ അസ്ഥികൂടത്തിൽ ഒരു കൊമ്പ് മാത്രമാണ് കിട്ടിയത്. ഒരു കൊമ്പ് മുറിച്ചെടുത്തതാണെന്നും കുഴിച്ചിട്ടാലും ദ്രവിക്കാത്തതാണ് ആനക്കൊമ്പെന്നും വെറ്ററിനറി സർജൻ വ്യക്തമാക്കി.
ഏകദേശം 15 വയസ് പ്രായമുള്ള കൊമ്പനാനയുടെ ജഡമാണ് കണ്ടെത്തിയത്. ആനയ്ക്ക് വെടിയേറ്റതാണോയെന്നായിരുന്നു സംശയം. പ്രാഥമിക പരിശോധനയിൽ വെടിയേറ്റിട്ടില്ലെന്നാണ് കണ്ടെത്തിയത്. ആനയുടെ ജഡം വേഗത്തിൽ അഴുകുന്നതിന് എന്തെങ്കിലും രാസപദാർത്ഥം ഒഴിച്ചിരുന്നോയെന്ന് പരിശോധിക്കുന്നുണ്ട്. ആനയെ വേട്ടയാടി കൊലപ്പെടുത്തിയതാണോ ഷോക്കേറ്റ് കൊല്ലപ്പെട്ടതാണോയെന്ന് വ്യക്തമായിട്ടില്ല. ഇക്കാര്യത്തിൽ വിശദമായ പരിശോധന നടക്കേണ്ടതുണ്ട്.
ജഡം കണ്ടെത്തിയ റബ്ബർ എസ്റ്റേറ്റിന്റെ ഉടമ മണിയഞ്ചിറ റോയ് ഒളിവിലാണ്. ഇയാൾക്കായി തിരച്ചിൽ തുടങ്ങിയിട്ടുണ്ട്.