തിരുവനന്തപുരം : മുതലപ്പൊഴിയില്‍ അപകടം തുടര്‍ക്കഥയാകവെ ആഴം കൂട്ടാനുള്ള ഉത്തരവാദിത്വം അദാനി ഗ്രൂപ്പിനെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്‍. ചൊവ്വാഴ്ച മന്ത്രിമാര്‍ അദാനി ഗ്രൂപ്പുമായും ബന്ധപ്പെട്ട വകുപ്പിലെ ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
മുതലപ്പൊഴിയിലെ വിഷയത്തിന് പരിഹാരം കാണാന്‍ ചേര്‍ന്ന മന്ത്രിസഭാ ഉപസമിതി യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. കരാറില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ നടപ്പിലാക്കിയേ തീരു. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയാറാകില്ലെന്ന കാര്യം അദാനി ഗ്രൂപ്പിനെ അറിയിക്കും.മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തിന്റെ അപ്രോച്ച് ചാനലില്‍ അടിഞ്ഞു കൂടുന്ന മണ്ണ് നീക്കം ചെയ്യാന്‍ ഒരു സ്ഥിരം സംവിധാനം ഉണ്ടാക്കും. ചാനലിലേക്ക് മണല്‍ ഒഴുകിവരാതെ അതിന് മുൻപ് തന്നേ പൈപ്പിലൂടെ പമ്പ് ചെയ്ത് മറുഭാഗത്തെത്തിക്കാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്യും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പൊഴിയുടെ ഇരുവശങ്ങളിലുമുള്ള വെളിച്ചക്കുറവ് പരിഹരിക്കാന്‍ ആധുനികമായ ലൈറ്റുകള്‍ സ്ഥാപിക്കും. ഇതിനെല്ലാം വേണ്ട എസ്റ്റിമേറ്റ് എടുക്കാന്‍ ബന്ധപ്പെട്ട ഹാര്‍ബര്‍ എന്‍ജിനീയര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തുടര്‍ച്ചയായി അപകടമുണ്ടാകുന്നത് നിര്‍മാണപ്രവര്‍ത്തിന്റെ അപാകതയാണോ എന്ന കാര്യം ഇപ്പോള്‍ പറയാനാകില്ലെന്നും മന്ത്രി പ്രതികരിച്ചു