ആൾക്കൂട്ടത്തിന്റെ ആരവത്തിനു നടുവിൽ ഇന്നാ കസേര തനിച്ചാണ് ! നാഥൻ നാടുനീങ്ങിയ വേദനയിൽ ഏകാന്തനായി…

SPECIAL STORY

Advertisements

കുറച്ചു മാസങ്ങളായി എനിക്ക് പ്രിയപ്പെട്ടയാളുടെ സാന്നിധ്യം എന്റെ കൂടെയില്ല…കൃത്യമായി പറഞ്ഞാൽ ഒൻപതു മാസങ്ങൾ…കഴിഞ്ഞ നവംബറിൽ ആയിരുന്നു എന്റെ ഉടയോൻ അവസാനമായി ഇവിടെ എത്തിയത്. എന്നാൽ അന്ന് പതിവിനു വിപരീതമായി ആൾക്കൂട്ടമോ എപ്പോഴത്തേയും പോലെ പരാതികളുടെ ഒരു ഒഴുക്കോ ഞാനങ്ങനെ കണ്ടില്ല…ശാന്തമായ ഒരു നിശബ്ദത ആയിരുന്നു ചുറ്റും…


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സാധാരണ ഇവിടെ വന്നിരുന്ന് ഈ ജനലിൽ കൂടി നോക്കിയാൽ തിണ്ണയിലും മുറ്റത്തുമായി ഒരു തുണ്ടു പേപ്പറും കൈയ്യിലേന്തി ഒരു പറ്റം ആളുകൾ ഉണ്ടാകും…സമയം എത്ര കഴിഞ്ഞാലും, ഭക്ഷണം കഴിച്ചില്ലെങ്കിൽ കൂടി തന്നെ തേടിയെത്തു അവസാനത്തെ ആളിന്റെ പ്രശ്നത്തിൽ പരിഹാരവും നൽകി എപ്പോഴുമുള്ള ആ പുഞ്ചിരിയോടെ അദ്ദേഹം ഇവിടെ എത്തുമായിരുന്നു… അതായിരുന്നു പതിവ്…

ഏറെ നാളത്തെ ഏകാന്തതയ്ക്ക് ഒടുവിൽ കഴിഞ്ഞ ദിവസം എല്ലാ നിശബ്ദതകളും ഭേദിച്ചു ഒരു കൊച്ചു വെളുപ്പാൻ കാലത്ത് ഇവിടം ശബ്ദമുഖരിതമായി… ചുറ്റും ആളും ബഹളവുമായി… എന്റെ ഏകാന്തതയ്ക്കു ഒരു അവസാനമായല്ലോ എന്ന് കരുതി ഞാനും ഒരു വേള സന്തോഷിച്ചു. എന്നാൽ പതിവിൽ നിന്നും വ്യത്യസ്തമായി എന്റെ ചുറ്റും നിന്നിരുന്നവരുടെ ഭാവം എനിക്ക് അന്യമുള്ളതായിരുന്നു…വിങ്ങിപ്പൊട്ടിയ മുഖവും, കലങ്ങി നിറഞ്ഞ കണ്ണുകളുമായി നിരവധി പേർ. എന്താണ് ചുറ്റും നടക്കുന്നതെന്ന് എനിക്ക് മനസിലായേ ഇല്ല…

എന്നാൽ പതിയെ കാര്യങ്ങൾക്കൊരു വ്യക്തതയായി, എന്റെ നാഥൻ എന്നെ വിട്ടു പിരിഞ്ഞു പോയിരിക്കുന്നു… അനന്തമായ ഏകാന്തമായ തിരിച്ചു വരാത്ത ആ വലിയ യാത്രയിലേക്ക്…പരാതികൾക്ക് പരിഹാരമായി എല്ലാവരേയും സംരക്ഷിച്ചു വന്നിരുന്ന ആ വലിയ തണൽ മരം, തന്റെ സ്വപ്നം മാത്രം ബാക്കി വെച്ച് കടപുഴകി വീണിരിക്കുന്നു… എന്നന്നേക്കുമായി…

തിരിച്ചു വരും എന്ന പ്രതീക്ഷയോടു കൂടി ഉമ്മൻ ചാണ്ടിയെ കാത്തിരുന്ന അദ്ദേഹത്തിന്റെ കസേരയും ഒരു പക്ഷെ ഇങ്ങനെയാകാം അദ്ദേഹത്തെ ഓർമ്മിച്ചെടുത്തത്. എന്റെ മനസാക്ഷിക്കു തോന്നുന്ന ശരികൾ മാത്രം ചെയ്ത്, തനിക്കെതിരെ വന്ന ആരോപണങ്ങളെയെല്ലാം സ്വതസിദ്ധമായ പുഞ്ചിരിയോടെ നേരിട്ട് , ഒരായിരം ജനമനസുകളിൽ ഇടം നേടിയ ജനകീയനായ നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്നതിൽ ആർക്കും സംശയമില്ല.

ജീവിച്ചിരുന്ന സമയത്തേക്കാൾ ഉമ്മൻ ചാണ്ടി എന്ന മനുഷ്യൻ കൂടുതൽ ശക്തനായത് തന്റെ മരണ ശേഷമായിരുന്നു. ഓരോ മനുഷ്യനും പറയാൻ ഉണ്ടായിരുന്നു ഉമ്മൻ ചാണ്ടി എന്ന പച്ചയായ മനുഷ്യൻ വഴികാട്ടിയ ഒരു ജീവിതം. ഒരു ഫോൺ വിളികൊണ്ടോ, ഒരു കൈയ്യൊപ്പ് കൊണ്ടോ തിരിച്ചു കിട്ടിയ ഒരു പുതിയ ജീവിതം… എപ്പോഴും ആളും ആൾക്കൂട്ടത്തിനും ഇടയിൽ കഴിഞ്ഞ അദ്ദേഹo തന്റെ മരണ ശേഷവും ഇതേ ആൾക്കൂട്ടത്തിന്റെ ഇടയിലൂടെയാണ് തന്റെ അന്ത്യയാത്രയും പൂർത്തിയാക്കിയത്.

മുപ്പത് മണിക്കൂറുകൾ നീണ്ട വിലാപയാത്ര… അദ്ദേഹത്തിന് ആദരാഞ്ജലി അർഷിക്കാൻ രാവെന്നോ, പകലെന്നോ വ്യത്യാസമില്ലാതെ ലക്ഷക്കണക്കിന് ആളുകൾ വെയ്ലും, മഴയുമേറ്റു നിന്നു… മരിച്ചിട്ട് ഒരാഴ്ച പിന്നിട്ടുമ്പോഴും, ഇപ്പോഴും അദ്ദേഹത്തിന്റെ കല്ലറയിലേക്ക് പൂക്കളും, പ്രാർത്ഥനകളുമായി നിറ കണ്ണുകളോടെയും , കണ്ണീർ പൊഴിച്ചും ആളുകൾ എത്തികൊണ്ട് ഇരിക്കുകയാണ്… ഇതിൽ കൂടുതൽ എന്ത് അംഗീകാരമാണ് ഒരു ജനപ്രതിനിധി എന്ന നിലയിൽ അദ്ദേഹത്തിനു ലഭിക്കുക? ജനിച്ചതും, ജീവിച്ചതും, മരിച്ചതുമെല്ലാം തികച്ചും ഒരു സാധാരണക്കാരനായി…

ഇനി ഇങ്ങനെ ഒരു മനുഷ്യൻ ഉണ്ടാകില്ലെന്ന് ജനങ്ങൾ ആവർത്തിച്ചു പറയുന്നു.. സ്നേഹത്തിരയായി അലതല്ലിയ ജനസാഗരത്തെ സാക്ഷി നിർത്തി പുതുപ്പള്ളിയുടെ മാത്രമല്ല കേരളത്തിന്റെ സ്വന്തം നായകൻ എന്നും ജ്വലിക്കുന്ന ഓർമ്മയായ് മായാതെ നമ്മുടെ മനസിൽ വിളങ്ങി നിൽക്കുമെന്നതിൽ യാതൊരു സംശയവുമില്ല.

Hot Topics

Related Articles