കോഴഞ്ചേരി :
സ്വാതന്ത്ര്യസമര സേനാനി കോഴഞ്ചേരി ഈസ്റ്റ് ശ്യാം നിവാസില്‍ ടി.എസ്. പൊന്നമ്മയെ(94) ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ആദരിച്ചു. ആസാദി കാ അമൃത് മഹോത്സവത്തോട് അനുബന്ധിച്ചാണ് സ്വാതന്ത്ര്യ സമര സേനാനികളെയും കുടുംബത്തെയും ആദരിക്കുന്നതിന്റെ ഭാഗമായി പരിപാടി സംഘടിപ്പിച്ചത്. പത്തനംതിട്ട ജില്ലയില്‍ ജീവിച്ചിരിക്കുന്ന ഒരു സ്വാതന്ത്ര്യസമര സേനാനിയെയും മരണമടഞ്ഞ സ്വാതന്ത്ര്യസമര സേനാനികളുടെ ഭാര്യമാരായ അഞ്ച് പേരേയുമാണ് ആദരിക്കുന്നത്.
കോഴഞ്ചേരി താലൂക്ക് ഡിവിഷനു കീഴില്‍ വരുന്ന കരിങ്ങനംപള്ളി തെക്കേതില്‍ വീട്ടിലെത്തിയാണ് സ്വാതന്ത്ര്യസമര സേനാനി കോഴഞ്ചേരി ഈസ്റ്റ് ശ്യാം നിവാസില്‍ ടി.എസ്. പൊന്നമ്മയെ പൊന്നാട അണിയിച്ചും മൊമെന്റോ നല്‍കിയും ജില്ലാ കളക്ടര്‍ ആദരിച്ചത്. ടി.എസ്. പൊന്നമ്മ എഴുതിയ കേരള് പ്രസൂണ്‍ എന്ന പുസ്തകം കളക്ടര്‍ക്ക് നല്കി. കോഴഞ്ചേരി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് മിനി ശ്യാം മോഹന്‍ മരുമകളാണ്.
രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ആഹ്വാനം ഉള്‍ക്കൊണ്ട് 14-ാം വയസില്‍ രാഷ്ട്രഭാഷാ പഠനം ടി.എസ്. പൊന്നമ്മ ആരംഭിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അന്നുമുതല്‍ പഠനത്തോടൊപ്പം ഹിന്ദി അധ്യാപനവും നിര്‍വഹിച്ചു തുടങ്ങി. ഹിന്ദി അധ്യയനവും അധ്യാപനവും അക്കാലത്ത് രാജ്യദ്രോഹമായി പരിഗണിക്കപ്പെട്ടിരുന്നു. സ്വാതന്ത്ര്യ സമരകാലത്ത് ഗാന്ധിജി രേഖാമൂലം ആവശ്യപ്പെട്ടതുകൊണ്ട് കേരളത്തിലെ ഹിന്ദിപ്രചാരകരും അധ്യാപകരും ജയില്‍ വാസത്തിനൊരുങ്ങാതെ രാഷ്ട്രഭാഷാ പ്രചാരണത്തില്‍ ഉറച്ചുനിന്നു. രാഷ്ട്രഭാഷാ പ്രചരണത്തിനുള്ള സേവനങ്ങള്‍ പരിഗണിച്ച് കേരളസര്‍ക്കാര്‍ സ്വാതന്ത്ര്യ സമര സേനാനിയായി അംഗീകരിച്ച് പെന്ഷന് അനുവദിച്ച് ഉത്തരവായിരുന്നു.
കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയ് ഫിലിപ്പ്, മുന്‍ എംഎല്‍എ എ.പത്മകുമാര്‍, പഞ്ചായത്ത് അംഗം ബിജിലി പി ഈശോ, കോഴഞ്ചേരി തഹസില്‍ദാര്‍ കെ. ജയദീപ്, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കുര്യന് വടക്കന്‍, കോഴഞ്ചേരി സെന്റ് തോമസ് കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. മാത്യു പി ജോണ്‍, കോഴഞ്ചേരി മാര്‍ത്തോമപള്ളി അസിസ്റ്റന്റ് വികാരി റവ. ജോണ്‍ മാത്യു, കോഴഞ്ചേരി ഈസ്റ്റ് റസിഡന്‍സ് അസോസിയേഷന് പ്രസിഡന്റ് ബാബു വടക്കേല്‍, ബാബു കോയിക്കലേത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.