പാലാ നഗരസഭയിലെ ഭരണമുന്നണിയുടെ ജീർണ്ണതയാണ് ഹെൽത്ത് സൂപ്പർവൈസറെ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷാജു തുരുത്തൻ മർദ്ദിച്ചതിലൂടെ പുറത്തുവന്നതെന്ന് യുഡിഎഫ് ആരോപിച്ചു. നാളുകളായി ഭരണം മുന്നണിയിലെ കിടമൽസരം മൂലം നഗരസഭയിൽ ഭരണ സ്തംഭനം ആണ്. പലപ്പോഴും ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ ഉണ്ടാകുമ്പോൾ ഉദ്യോഗസ്ഥരും ഭരണമുന്നണിയും ഒറ്റക്കെട്ടായി നിന്ന് പാർട്ടി കോടതി എന്ന സംവിധാനം പോലെ വിഷയങ്ങൾ ഒതുക്കി തീർക്കുന്നത് പതിവ് സംഭവമായി മാറുകയാണ്.
ഇത്തവണയും വിഷയം ഒതുക്കി തീർക്കാൻ സമാനമായ നീക്കം നടക്കുന്നുണ്ട്. ഇത് രാജ്യത്തെ നിയമവ്യവസ്ഥയോട് തന്നെയുള്ള വെല്ലുവിളിയാണ്. ഇത്തരം പ്രവർത്തന ശൈലി അംഗീകരിക്കുവാനോ കണ്ടു നിൽക്കുവാനോ യുഡിഎഫിന് കഴിയില്ല. പോലീസ് കേസടുത്ത് നീതിയുക്തമായി അന്വേഷണം നടത്താത്ത പക്ഷം സമരപരിപാടികളും, നിയമ നടപടികളുമായി യുഡിഎഫ് മുന്നോട്ടുപോകും എന്ന് മണ്ഡലം ചെയർമാൻ തോമസ് ആർ വി ജോസ്, മണ്ഡലം കൺവീനർ ജോഷി വട്ടക്കുന്നേൽ എന്നിവർ അറിയിച്ചു.