തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ആസ്തികൾ മൂല്യനിർണയം നടത്താൻ ഹൈക്കോടതി ഉത്തരവ്. വായ്പക്കായി പണയം വച്ചിട്ടുള്ള ആസ്തികളുടെ വിശദാംശങ്ങളും ഇതിനൊപ്പം വേണം. സ്വകാര്യ ഏജൻസിയെ ഉപയോഗിച്ച് മൂല്യനിർണയം നടത്താനാണ് നിർദ്ദേശം. ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദ്ദേശിച്ചു. തൊഴിലാളികളുടെ വായ്പ തിരിച്ചടവ് മുടങ്ങിയതിനെതിരെ സൊസൈറ്റി സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്.
കെഎസ്ആർടിസിയുടെ ആസ്തി ബാധ്യതകൾ വ്യക്തമാക്കുന്ന ബാലൻസ് ഷീറ്റ് സമർപ്പിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. കൂടാതെ കെഎസ്ആര്‍ടിസിയില്‍ എല്ലാ മാസവും 10-ാം തീയതിക്കകം ശമ്പളം നൽകണമെന്നും ഹൈക്കോടതി ഉത്തരവ് പുറത്തിറക്കിയിരുന്നു. വേണ്ട സഹായം സർക്കാർ നൽകണം. സർക്കാരിന്റെ സഹായം കെഎസ്ആർടിസിക്ക് നിഷേധിക്കാൻ പാടില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കെഎസ്ആര്‍ടിസിയുടെ ബാധ്യതകൾ സർക്കാർ ഏറ്റെടുക്കണമെന്ന ജീവനക്കാരുടെ ആവശ്യത്തിൽ ഇടപെടാൻ ആകില്ല. കെഎസ്ആർടിസിയെ സർക്കാർ വകുപ്പാക്കണമെന്ന ജീവനക്കാരുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ശമ്പളം വൈകുന്നതിനെതിരായ ഹർജികൾ ഹൈക്കോടതി തീർപ്പാക്കി.
അതേ സമയം, തലസ്ഥാനത്ത് കെഎസ്ആർടിസിക്ക് 113 ബസുകൾ കൂടി ലഭിക്കും. ഇതിനായി 104 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായാണ് ബസുകൾ വാങ്ങുന്നത്. യാത്രക്കാർക്ക് ബസ് സൗകര്യം എളുപ്പത്തിൽ ലഭിക്കുന്നതിന് സ്മാർട്ട് സിറ്റിയുടെ മാർഗദർശി ആപ്പ് പുറത്തിറക്കി.