കല്‍പ്പറ്റ : വയനാട് അരിമുളയില്‍ ഗൃഹനാഥന്റെ അത്മഹത്യ ലോണ്‍ ആപ് ഭീഷണിമൂലമെന്ന് സംശയം. ചിറകോണത്ത് അജയരാജാണ് ആത്മഹത്യ ചെയ്തത്. ഭീഷണി സന്ദേശം അയച്ച നമ്പറിലേക്ക് പൊലീസ് മരണവിവരം അറിയിച്ചപ്പോള്‍ നല്ല തമാശയെന്നായിരുന്നു മറുപടി.
ഇന്നലെ രാവിലെയാണ് അജയരാജ് വീട്ടില്‍ നിന്നും ജോലിക്കായി പോയത്. ഇതിന് പിന്നാലെ ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയി. വിളിച്ചിട്ട് കിട്ടാത്തതിനെ തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചലില്‍ പ്രദേശത്തെ ഒരു തോട്ടത്തില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അജയരാജ് കിഡ്നി പേഷ്യന്റാണ്. ഇതിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് സാമ്പത്തിക ബാധ്യതയും മാനസികസംഘര്‍ഷവുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നായിരുന്നു പൊലീസിന്റെയും ബന്ധുക്കളുടെയും പ്രാഥമിക നിഗമനം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാല്‍ ഇന്നലെ രാത്രി പന്ത്രണ്ടുമണിയോടെ അജയരാജിന്റെ ഏതാനും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അവരുടെ ഫോണിലേക്ക് ചില അശ്ലീലദൃശ്യങ്ങളും സന്ദേശങ്ങളും ലഭിച്ചു. തുടര്‍ന്ന് ഇവര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. അശ്ലീല സന്ദേശം ലഭിച്ച നമ്പറിലേക്ക് അജയരാജ് മരിച്ചെന്ന് പൊലീസ് മെസേജ് അയച്ചപ്പോള്‍ നല്ല തമാശയെന്നായിരുന്നു മറുപടി. പന്ത്രണ്ടംഗ ഇന്റര്‍നെറ്റ് നമ്പറില്‍ നിന്നാണ് സന്ദേശം ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു. മരിച്ചയാളുടെ ഫോണ്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.