ഡല്‍ഹി: വനിതാ സംവരണ ബില്ലിന് രാഷ്ട്രപതി അംഗീകാരം നല്‍കിയതിനെ പരിഹസിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. ബില്‍ നിയമമായി എന്നാല്‍ വര്‍ഷങ്ങളോളം യാഥാര്‍ത്ഥ്യമാകില്ല, ഒരു മിഥ്യയായിരിക്കുമെന്നും ചിദംബരം സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു. വനിതാ സംവരണ ബില്‍ നിയമമായെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെ എക്സിലൂടെയായിരുന്നു ചിദംബരത്തിന്റെ വിമര്‍ശനം.
2029-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പല്ല, വര്‍ഷങ്ങളോളം നടപ്പാക്കാത്ത ഒരു നിയമം കൊണ്ട് എന്ത് പ്രയോജനം? ചിദംബരം ചോദിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
‘നിയമം ഒരു മിഥ്യയാണ്, ഒരു പാത്രത്തിലെ വെള്ളത്തിലോ ആകാശത്തിലെ ചന്ദ്രന്റെ പ്രതിഫലനം കാണുന്ന പോലെ. പലരും പറഞ്ഞതുപോലെ ബില്‍ ഒരു തിരഞ്ഞെടുപ്പ് ആയുധമാണ്.’- ചിദംബരം പറഞ്ഞു.
അതേസമയം നിയമ മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച് രാഷ്ട്രപതി ബില്ലിന് അംഗീകാരം നല്‍കി. ഇനി ബില്‍ ഔദ്യോഗികമായി ഭരണഘടന (106ാം ഭേദഗതി) നിയമമായി അറിയപ്പെടും.കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗിക ഗസറ്റിലെ വിജ്ഞാപനം അനുസരിച്ച് പറയുന്ന തീയതിയില്‍ നിയമം പ്രാബല്യത്തില്‍ വരും. ഈ മാസം ആദ്യം നടന്ന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ നിയമത്തെ ‘നാരി ശക്തി വന്ദന്‍ അധീന്യം’ എന്ന് വിശേഷിപ്പിച്ചിരുന്നു. ഈ ഭരണഘടനാ ഭേദഗതി ബില്‍ ലോക്സഭയും രാജ്യസഭയും ഏകകണ്ഠമായാണ് പാസാക്കിയത്.
അതിര്‍ത്തി നിര്‍ണയം ലോക്സഭാ, നിയമസഭാ മണ്ഡലങ്ങളുടെ പുനര്‍നിര്‍ണയം,- സ്ത്രീകള്‍ക്കായി നീക്കിവച്ചിരിക്കുന്ന പ്രത്യേക സീറ്റുകള്‍ തുടങ്ങിയവയുടെ സെന്‍സസ് നടത്തിയ ശേഷമായിരിക്കും നിയമം നടപ്പിലാക്കുക. ലോക്സഭയിലും അസംബ്ലികളിലും സ്ത്രീകള്‍ക്കുള്ള സംവരണം 15 വര്‍ഷത്തേക്ക് തുടരും. പിന്നീട് പാര്‍ലമെന്റിന് ആനുകൂല്യ കാലയളവ് നീട്ടാനാകും. പട്ടികജാതി (എസ്സി), പട്ടികവര്‍ഗ (എസ്ടി) സ്ത്രീകള്‍ക്ക് നിയമത്തില്‍ സംവരണം ഇല്ലെന്നും നിയമത്തിന്റെ ആനുകൂല്യം മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്കും കൂടി നല്‍കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.