കോട്ടയം : സഹകരണ മേഖലയിലെ പുഴുക്കുത്തുകളെ ഉൻമൂലനം ചെയ്ത് സഹകരണ രംഗം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനാണ് പുതിയ സഹകരണ നിയമം കൊണ്ടുവന്നിരിക്കുന്നതെന്ന് ജില്ലാ എല്‍ഡിഎഫ് കണ്‍വീനര്‍ പ്രൊ . ലോപ്പസ് മാത്യു.
മീനച്ചില്‍ താലൂക്കിലെ ക്രമക്കേട് നടന്നിട്ടുള്ള ബാങ്കുകളെ സംരക്ഷിച്ചു കൊള്ളാമെന്ന് ജില്ലാ എല്‍ഡിഎഫോ, കണ്‍വീനര്‍ എന്ന നിലയ്ക്ക് വ്യക്തിപരമായി താനോ ഒരു ധാരണയിലും എത്തിയിട്ടില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഉപ്പു തിന്നവര്‍ വെള്ളം കുടിക്കുക തന്നെ ചെയ്യും. കാലങ്ങളായി ബാങ്ക് ഭരിച്ച് ക്രമക്കേട് നടത്തിയവര്‍ ആരായാലും ഏതു പാര്‍ട്ടിയില്‍ പെട്ടവരായാലും നടപടി നേരിടേണ്ടി വരും. അതിന് ധാരണക്കും എഗ്രിമെന്റിനും നടന്നിട്ട് കാര്യമില്ല. സഹകരണ മേഖലയിലെ വളരെ ചെറിയ ശതമാനം ബാങ്കുകളിലെങ്കിലും നടന്നിട്ടുള്ള ക്രമക്കേടുകള്‍ക്ക് പരിഹാരം കാണുന്നതിനും ഈ മേഖല കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും വേണ്ടിയാണ് 1969 ലെ സഹകരണ മൂന്നാം ഭേദഗതി 56 എണ്ണം കഴിഞ്ഞ നിയമസഭയില്‍ പാസാക്കിയിട്ടുള്ളത്.
കഴിഞ്ഞ കാലങ്ങളില്‍ മീനച്ചില്‍ താലൂക്കിലെ ഏതാനും ചില സഹകരണ സ്ഥാപനങ്ങളില്‍ ക്രമക്കേടുകളും അതുവഴി ജനങ്ങള്‍ക്ക് ബുദ്ധിമുട്ടും ഉണ്ടായിട്ടുണ്ട്. അതൊന്നും ഇനിയും അനുവദിച്ചു കൊടുക്കുവാൻ സാധിക്കുകയില്ല. അതിനുവേണ്ടിയിട്ടുള്ള ശക്തമായ നിയമ ഭേദഗതിയാണ് കൊണ്ടുവന്നിരിക്കുന്നത്. അതിന് ഈ രംഗത്തെ അഴിമതിക്കാര്‍ ഹാലിളകിയിട്ട് കാര്യമില്ലെന്നും പ്രൊഫ. ലോപ്പസ് മാത്യു പറഞ്ഞു.
മീനച്ചില്‍ താലൂക്കില്‍ നല്ല നിലയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന സഹകരണ ബാങ്കുകളിലെ ഡിപ്പോസിറ്റര്‍മാരെ തിരഞ്ഞുപിടിച്ച് അവര്‍ക്ക് ഊമ കത്തുകള്‍ അയച്ച് ഡിപ്പോസിറ്റുകള്‍ പിൻവലിപ്പിക്കുവാൻ ചിലര്‍ നടത്തുന്ന ശ്രമങ്ങളെയും , അവരുടെ രാഷ്ട്രീയ ലക്ഷ്യങ്ങളെയും സഹകാരികള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തലപ്പലം സര്‍വീസ് സഹകരണ ബാങ്കില്‍ തനിക്കും അംഗത്വവും ഡിപ്പോസിറ്റും ലോണും ഒക്കെ ഉള്ളതാണ്. ആ ബാങ്ക് നല്ല നിലയില്‍ നിലനില്‍ക്കണം. അവിടെ 2019 മുതല്‍ ചില ക്രമക്കേടുകളെ കുറിച്ച് പരാതി ഉണ്ടായിട്ടുണ്ട്. 2021 ല്‍ സഹകരണ വകുപ്പിന്റെ ഗ്രൂപ്പ് ഓഡിറ്റിംഗില്‍ ക്രമക്കേടുകള്‍ കണ്ടുപിടിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ 65 എൻക്വയറി നടന്നിട്ടു ള്ളതുമാണ്.
ക്രമക്കേടുകളെ സംബന്ധിച്ച് റിപ്പോര്‍ട്ടും പുറത്തു വന്നു. എന്നാല്‍ ബാങ്ക് ഭരണനേതൃത്വം ഹൈക്കോടതിയെ സമീപിച്ചു തുടര്‍ നടപടികള്‍ തടസ്സപ്പെടുത്താൻ ശ്രമിക്കുകയുണ്ടായി. ഹൈക്കോടതി ഇപ്പോള്‍ 65 എൻക്വയറിയുടെ അടിസ്ഥാനത്തില്‍ തുടര്‍ നടപടി സ്വീകരിക്കാൻ നോട്ടീസ് നല്‍കിയിരിക്കുകയാണ്.
ഭരണസമിതിയില്‍ പെട്ടവരില്‍ ക്രമരഹിതമായും ബിനാമി പേരിലും ലോണ്‍ എടുത്തവര്‍ക്കെതിരെയും, ധൂര്‍ത്തും ധാരാളിത്തവും നടത്തി ബാങ്കിനും സഹകാരികള്‍ക്കും നഷ്ടം വരുത്തിയവര്‍ക്കെതിരെയും നടപടി ഉണ്ടാവണം. തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടുന്നത് തടയാൻ ഒരു ധാരണയും ആരും വയ്ക്കേണ്ടതില്ലെന്നും ലോപ്പസ് മാത്യു പറഞ്ഞു.