കോഴിക്കോട് : ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ അഴിമതി ആരോപണം സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കങ്ങളുടെ തുടര്‍ച്ചയാണെന്ന് ഡിവൈഎഫ്‌ഐ. വ്യാജവാര്‍ത്താ പരമ്പരയ്ക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് വി വസീഫും സെക്രട്ടറി വി കെ സനോജും വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
നിയമനത്തിന് ആരോഗ്യമന്ത്രിയുടെ ഓഫീസ് ജീവനക്കാരൻ കോഴ വാങ്ങിയെന്ന ആരോപണം കെട്ടിച്ചമച്ചതാണെന്ന് വ്യക്തമായിരിക്കുന്നു. ചില മാധ്യമങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന വിവാദങ്ങളെല്ലാം പൊളിഞ്ഞു. തട്ടിപ്പുകാരൻ മന്ത്രിയുടെ ബന്ധുവാണെന്ന് വരെ പ്രചരിപ്പിച്ചു. ആരോപണം ഉന്നയിച്ചയാള്‍ പ്രതിയാകുന്നിടത്തേക്ക് കാര്യങ്ങളെത്തി. ആരോഗ്യമന്ത്രിക്കെതിരെ നിരന്തരം കള്ളം പ്രചരിപ്പിക്കുന്നതിന് പിന്നില്‍ ഗൂഢലോചനയുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഹൃദ്യം പദ്ധതി, കാസര്‍കോട്ടെ ഭക്ഷ്യവിഷബാധ, നിപാ പ്രതിരോധം തുടങ്ങിയ സംഭവങ്ങളില്‍ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകളാണ് പ്രചരിപ്പിച്ചത്. ചിലരുടെ പിആര്‍ ഏജൻസികളായി പ്രവര്‍ത്തിക്കുകയാണ് ചില മാധ്യമപ്രവര്‍ത്തകര്‍. ഇരട്ടവേതനം പറ്റുന്നവരായി അവരില്‍ ചിലര്‍ മാറിയിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളെ തകര്‍ക്കാനുള്ള നീക്കം അപലപനീയമാണ്. പ്രതിപക്ഷ പാര്‍ടികളെ വേട്ടയാടാനും മാധ്യമങ്ങളെ വരുതിയിലാക്കാനും കേരളത്തില്‍ സഹകരണ സ്ഥാപനങ്ങളെ തകര്‍ക്കാനും ഇഡിയെ കരുവാക്കുകയാണ്. കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കരുത് എന്ന ആവശ്യമുന്നയിച്ച് 19ന് എല്ലാ ജില്ലാകേന്ദ്രങ്ങളിലും കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച് നടത്തും. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എല്‍ ജി ലിജീഷ്, ജില്ലാ സെക്രട്ടറി പി സി ഷൈജു എന്നിവരും പങ്കെടുത്തു.