മൂക്കറ്റം കടത്തില്‍ നട്ടം തിരിയുമ്പോഴും മുന്നും പിന്നുമില്ലാത്ത ധൂര്‍ത്താണ് സംസ്ഥാന സര്‍ക്കാരിന്റേത് ; കേരളീയം പരിപാടി ഭരണപരാജയം മറയ്ക്കാന്‍ ;  കെ.സുധാകരന്‍ എംപി 

തിരുവനന്തപുരം : മൂക്കറ്റം കടത്തില്‍ നട്ടം തിരിയുമ്പോഴും മുന്നും പിന്നുമില്ലാത്ത ധൂര്‍ത്താണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നതെന്നും കേരളീയം പരിപാടി അത്തരത്തിലൊന്നാണെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. സര്‍ക്കാരിന്റെ ഭരണപരാജയങ്ങള്‍ മറയ്ക്കാനാണ് ഇത്തരം മാമാങ്കങ്ങള്‍ നടത്തുന്നത്.സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് 27 കോടി  രൂപ മുടക്കി കേരളപ്പിറവി ആഘോഷിക്കുന്നത്. സര്‍ക്കാരിനെതിരേ ജനരോഷം ആഞ്ഞടിക്കുകയും ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പൂജ്യം സീറ്റെന്ന അവസ്ഥയിലേക്ക് സിപിഎം മൂക്കുകുത്തി വീഴുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഖജനാവിലെ പണം എടുത്ത് സര്‍ക്കാര്‍ പ്രചാരണം നടത്തുന്നത്. 

Advertisements

കേരളീയം,നവകേരള സദസ്സ് തുടങ്ങിയവയുടെ സംഘാടക സമിതി രൂപീകരിക്കുന്നത് പോലും എല്‍ഡിഎഫ് മുന്നണിയുടെ നേതൃത്വത്തിലാണ്. സെമിനാര്‍,പബ്ലിസിറ്റി,ദീപാലങ്കാരം, ഭക്ഷണം,താമസം,സുരക്ഷ,ഗാതാഗതം,വിപണന-പുഷ്പ-ഭക്ഷ്യ-ചലച്ചിത്രമേളകള്‍ എന്നിവ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.സര്‍ക്കാരിന്റെ പ്രതിച്ഛായ നിര്‍മ്മിതിയുടെ ഭാഗമായി പൊതുജനത്തിന്റെ പണം സിപിഎം നേതാക്കളുടെ കൈകളിലേക്ക് ഒഴുകുമെന്ന് വ്യക്തം. ഇതുപോലെ പരാജയപ്പെട്ട ഒരു സര്‍ക്കാരിനെ കേരളം ഇന്നുവരെ കണ്ടിട്ടില്ല. പാവപ്പെട്ടവരുടെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍, ഉച്ചഭക്ഷണം ഉള്‍പ്പെടെയുള്ള എല്ലാ ക്ഷേമപ്രവര്‍ത്തനങ്ങളും മുടങ്ങി. സര്‍ക്കാര്‍ ജീവനക്കാരുടെ അനുകൂല്യങ്ങള്‍ തട്ടിയെടുത്ത സര്‍ക്കാര്‍ സ്വജനപക്ഷപാതം മുഖമുദ്രയാക്കി പിന്‍വാതില്‍ നിയമനം നടത്തി യുവാക്കളെ തുടരെ വഞ്ചിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ഏതുനിമിഷവും താഴുവീഴാവുന്ന അവസ്ഥയാണ്. പൊതുമേഖലയുടെ തലപ്പത്തുള്ള സിപിഎം നേതാക്കള്‍ക്ക് പഞ്ചനക്ഷത്ര ക്ലബുകളില്‍ പണംവച്ചുള്ള ചൂതാട്ടമാണ് പ്രധാന വിനോദം. ഏഷ്യന്‍ ഗെയിംസില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച അഭിമാന താരങ്ങള്‍ കേരളം വിട്ടോടിയിട്ടും തിരിഞ്ഞുനോക്കാന്‍ ആളില്ല. തലസ്ഥാന വാസികള്‍ വെള്ളത്തില്‍ മുങ്ങിയിട്ട് ദിവസങ്ങള്‍ കഴിഞ്ഞു.സിപിഎം കുടുംബക്ഷേമ പദ്ധതിയുടെ ഭാഗമാണ് കേരളീയം എന്ന പേരില്‍ സംഘടിപ്പിക്കുന്നതെന്നും ഇതുകൊണ്ട് ജനത്തിനെന്താണ് നേട്ടമെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും വിശദീകരിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

Hot Topics

Related Articles