കെ കോളേജ് വജ്ര ജൂബിലി ആഘോഷങ്ങൾക്ക് ഉജ്ജ്വല തുടക്കം

മാന്നാനം: കുര്യാക്കോസ് ഏലിയാസ് കോളേജിന്റെ വജ്ര ജൂബിലി ആഘോഷങ്ങൾ ആദരണീയനായ കേരള ഗവർണർ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സിഎംഐ സഭയുടെ പ്രിയോർ ജനറൽ റവ. ഡോ. തോമസ് ചാത്തൻപറമ്പിൽ സിഎംഐ അധ്യക്ഷത വഹിച്ചു. ശ്രീ. തോമസ് ചാഴികാടൻ എംപി, പ്രൊവിൻഷ്യൽ റവ. ഫാ. തോമസ് ഇളംതോട്ടം സിഎംഐ, കോളേജ് മാനേജർ റവ.ഡോ.കുര്യൻ ചാലങ്ങാടി സിഎംഐ, കോർപ്പറേറ്റ് മാനേജർ റവ. ഡോ.ജെയിംസ് മുല്ലശ്ശേരി സിഎംഐ, കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. ഡോ. ഐസൺ വി. വഞ്ചിപ്പുരക്കൽ എന്നിവർ പ്രസംഗിച്ചു. നവോത്ഥാന കേരളത്തിൻറെ നായകന്മാരിൽ പ്രഥമ ഗണനീയനാണ് വിശുദ്ധ ചാവറ കുരിയാക്കോസ് ഏലിയാസ് അച്ഛൻ എന്ന് ഗവർണർ അഭിപ്രായപ്പെട്ടു. ഓരോ പള്ളിയോടും ചേർന്ന് സ്കൂൾ സ്ഥാപിക്കുക എന്ന ചാവറഅച്ഛന്റെ ഉത്തരവ് കേരളത്തിൽ അങ്ങോളം ഇങ്ങോളം ഉള്ള സ്കൂളുകൾക്ക് പള്ളിക്കൂടം എന്ന പേര് തന്നെ വരുവാൻ കാരണമായി. സാധാരണക്കാരും പാവപ്പെട്ടവരും പാർശ്വവൽക്കരിക്കപ്പെട്ടവരും വനിതകളും ആയ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തിനും സാമൂഹിക ഉന്നമനത്തിനും ചാവറ അച്ഛന്റെയും കെ ഇ കോളജിന്റെയും പ്രവർത്തനങ്ങൾ കാരണമായി എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രാചീന ഭാരതത്തിൽ വിദ്യാഭ്യാസത്തിനു ണ്ടായിരുന്ന ഉത്തമമായ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം സവിസ്തരം പ്രതിപാദിച്ചു. കോടിക്കണക്കിന് വരുന്ന ഇന്ത്യയുടെ യുവജനങ്ങളിലും വനിതകളിലും രാജ്യത്തിൻറെ ഭാവി കുടികൊള്ളുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പുണ്യ ശ്ലോകനായ ചാവറ അച്ഛൻ തുടങ്ങിവച്ച ഉച്ചക്കഞ്ഞി പദ്ധതിയാണ് പിന്നീട് കേരളത്തിൽ മിഡ് ഡേമീൽ പദ്ധതിയായി ഔദ്യോഗികമായി മാറിയതെന്ന് ശ്രീ തോമസ് ചാഴിയാടൻ എംപി പറഞ്ഞു. കേരളത്തിൽനിന്ന് ധാരാളമായി ചെറുപ്പക്കാരും വിദ്യാർത്ഥികളും വിദേശരാജ്യങ്ങളിലേക്ക് പാലായനം ചെയ്യുന്നത് അതീവ ഗൗരവമുള്ള വിഷയമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു .
ഈ കാര്യത്തിൽ ബഹുമാന്യനായ കേരള ഗവർണറുടെ സത്വര ശ്രദ്ധ ചാൻസലർ എന്ന നിലയിൽ പതിയണമെന്നും അദ്ദേഹം പറഞ്ഞു. കെഇ കോളേജിന്റെ വജ്ര ജൂബിലി ആഘോഷങ്ങൾ അനുബന്ധിച്ച് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ഡയമണ്ട് കെഇ പദ്ധതിക്കും ഗവർണർ തുടക്കം കുറിച്ചു.

Advertisements

Hot Topics

Related Articles