വന്ദേ ഭാരതിന് വേഗത്തിൽ പോകാൻ ശ്വാസം മുട്ടി മറ്റ് ട്രെയിനുകൾ : യാത്രക്കാർ ദുരിതത്തിൽ 

കണ്ണൂർ : വന്ദേഭാരതിന് സുഗമയാത്രയൊരുക്കാൻ മറ്റുട്രെയിനുകള്‍ പിടിച്ചിടുന്നത് തുടര്‍ക്കഥയാക്കി റെയില്‍വേ. തിങ്ങിനിറഞ്ഞ ട്രെയിനുകള്‍ ഏറെ സമയം പിടിച്ചിടുന്നതുമൂലം സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ അനുഭവിക്കുന്ന നരകയാതനകള്‍ക്ക് ഒരു വിലയും കല്‍പ്പിക്കാതെയാണ് റെയിവേയുടെ പ്രവൃത്തി. കഴിഞ്ഞദിസവം സൂചികുത്താൻ ഇടമില്ലാതെ നിറഞ്ഞുവന്ന മംഗളൂരു-നാഗര്‍കോവില്‍ പരശുറാം എക്സ്‌പ്രസ് തിക്കോടിയില്‍ വന്ദേഭാരതിനായി അരമണിക്കൂറോളമാണ് പിടിച്ചിട്ടത്. ഇതിലുണ്ടായിരുന്ന രണ്ട് പെണ്‍കുട്ടികളാണ് തിരക്കും ചൂടുംകൊണ്ട് കുഴഞ്ഞുവീണത്. സഹായാത്രക്കാര്‍ പ്രഥമശുശ്രൂഷ നല്‍കിയാണ് ഇവരെ കോഴിക്കോട് റെയില്‍വേസ്റ്റേഷൻ വരെ എത്തിച്ചത്. തിക്കോടിയില്‍ അരമണിക്കൂറോളം പിടിച്ചിട്ടതുകാരണം ഒരുമണിക്കൂര്‍ വൈകിയാണ് ട്രെയിൻ കോഴിക്കോട്ടെത്തിയത്.

Advertisements

ട്രെയിനുകള്‍ പിടിച്ചടുന്നതിനെതിരെ വ്യാപക പരാതിയും പ്രതിഷേധവും ഉയരുന്നുണ്ടെങ്കിലും അതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ് റെയില്‍ അധികൃതര്‍ എന്നാണ് ആക്ഷേപം. റെയില്‍വേയുടെ കണ്ണുതുറപ്പിക്കാൻ വേറിട്ട പ്രതിഷേധവുമായി യാത്രക്കാര്‍ എത്തിയിരുന്നു. ആലപ്പുഴ വഴിയുളള യാത്രക്കാരാണ് ‘ദുരിതമീ യാത്ര’ എന്നെഴുതിയ ബാഡ്ജ് ധരിച്ച്‌ പ്രതിഷേധിച്ചത്. വന്ദേ ഭാരത് അടക്കമുള്ള പുതിയ ട്രെയിനുകള്‍ കൃത്യ സമയത്ത് ഓടുന്നതിനായി കേരളത്തിലെ മറ്റ് പ്രധാന ട്രെയിനുകള്‍ റെയില്‍വേ മനഃപൂര്‍വം വൈകിപ്പിക്കുന്നതായാണ് യാത്രക്കാരുടെ പരാതി. ഇന്റര്‍സിറ്റി, പാലരുവി, രാജധാനി, ഏറനാട് തുടങ്ങിയ ട്രെയിനുകള്‍ വന്ദേ ഭാരതിനായി 45 മിനിട്ടോളം വൈകിപ്പിക്കുന്നതായാണ് പരാതി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

5.05ന് യാത്ര ആരംഭിക്കുന്ന വേണാട് 5.25ന് പുനഃക്രമീകരിച്ചതിനെത്തുടര്‍ന്ന് തിരുവനന്തപുരത്ത് യാത്രക്കാര്‍ പ്രതിഷേധിച്ചിരുന്നു. പെട്ടെന്നുള്ള പുനഃക്രമീകരണങ്ങള്‍ സ്ഥിരം യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി ഉയരുകയാണ്. എറണാകുളത്ത് നിന്ന് വൈകിട്ട് 6.05ന് യാത്ര തിരിക്കുന്ന കായംകുളം എക്‌സ്‌പ്രസ് അടുത്തിടെയായി 40 മിനിട്ടോളം വൈകിപ്പിക്കുന്നുണ്ട്. ജനശതാബ്‌ദി, നാഗര്‍കോവില്‍-കോട്ടയം പാസഞ്ചര്‍ എന്നിവയും വൈകിയോടുന്ന ട്രെയിനുകളില്‍ ഉള്‍പ്പെടുന്നു. അറ്റകുറ്റപ്പണികള്‍ കാരണമാണ് ട്രെയിനുകള്‍ വൈകുന്നതാണെന്നാണ് റെയില്‍വേയുടെ വാദം. ട്രെയിനുകള്‍ വൈകിയോടുന്നതിനാല്‍ മറ്റ് ട്രെയിനുകളില്‍ തിരക്ക് അധികരിക്കുന്നതായി ഓള്‍ കേരള റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് കെ ജെ പോള്‍ മാൻവെട്ടം പറഞ്ഞു.

Hot Topics

Related Articles