ജാഗ്രതാ ന്യൂസ് ലൈവ്
സ്‌പെഷ്യൽ റിപ്പോർട്ടർ
കോട്ടയം: സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ.റെയിലിന്റെ ജില്ലയിലെ സ്റ്റേഷൻ കോട്ടയം മണിപ്പുഴയിലാകുമെന്നു സൂചന. കെ.റെയിലിന്റെ വിശദമായ പഠന റിപ്പോർട്ട് പുറത്തു വിട്ടതിൽ നിന്നാണ് ഇതു വ്യക്തമാകുന്നത്. ലുലു ഗ്രൂപ്പിന്റെ പുതിയ മോൾ മണിപ്പുഴയിൽ നിർമ്മിക്കുന്നുണ്ട്. ഇതും മണിപ്പുഴയിലെ കെ.റെയിലിന്റെ പദ്ധതിയുമായി ചേർത്ത് വായിക്കുമ്പോഴാണ് കോട്ടയത്തെ കെ.റെയിലിന്റെ സ്‌റ്റേഷൻ മണിപ്പുഴയിൽ തന്നെയാകും എന്ന സൂചന ജാഗ്രതാ ന്യൂസ് ലൈവിന് ലഭിച്ചിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കെ.റെയിൽ പനച്ചിക്കാട്, കൊല്ലാട് പ്രദേശത്ത് കൂടിയാണ് കടന്നു വരുന്നതെന്നു കെ.റെയിലിന്റെ സർവേയിൽ വ്യക്തമായിരുന്നു. ഈ സർവേയുടെ ഭാഗമായി നടത്തിയ പ്രവർത്തനങ്ങൾക്ക് എതിരെ ശക്തമായ പ്രതിഷേധമാണ് ഈ പ്രദേശങ്ങളിൽ ഉണ്ടായിരുന്നത്. ഈ പ്രദേശങ്ങളിലൂടെ കടന്നു വരുന്ന കെ.റെയിലിനു മണിപ്പുഴയിൽ സ്റ്റോപ്പ് അനുവദിക്കുമെന്നാണ് ലഭിക്കുന്ന പ്രാഥമിക സൂചന. കോട്ടയം റെയിൽവേ സ്‌റ്റേഷൻ നിന്നും 2.16 കിലോമീറ്റർ ദൂരം മാത്രമാണ് കെ.റെയിലിന്റെ സ്‌റ്റേഷനിലേയ്ക്കുള്ളതെന്നാണ് ജില്ലാ കളക്ടർ പുറത്തു വിട്ട ഫെയ്‌സ്ബുക്കിലെ രേഖയിലുള്ളത്.
ഫെയ്‌സ്ബുക്ക് രേഖ ഇങ്ങനെ
കെ.റെയിലിന്റെ കോട്ടയം സ്‌റ്റേഷൻ എം.സി റോഡിനു സമീപം നിലവിലെ കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ നിന്നും 2.16 കിലോമീറ്റർ അകലെയായി. നരമധ്യത്തിൽ ആധുനിക സജ്ജീകരണങ്ങളോടെയാണ് സ്‌റ്റേഷൻ സമുച്ചയം നിർമ്മിക്കുന്നത്. കോട്ടയം ജില്ലയിലുടെ 48.79 കിലോമീറ്റർ ദൂരത്തിലൂടെയാണ് പാത കടന്നു പോകുന്നത്. സ്‌റ്റേഷനിൽ വിശാലമായ കാർ പാർക്കിംങ് സൗകര്യം ഉണ്ടാകും. ജില്ലയിലെ എല്ലാ സ്ഥലങ്ങളെയും ബന്ധപ്പെടുത്തിയുള്ള യാത്രാ സൗകര്യം ഈ സ്റ്റേഷനിൽ ഒരുക്കിയിട്ടുണ്ട്. ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേയ്ക്ക് ഇ വാഹന കണക്ടിവിറ്റി ക്രമീകരിച്ചിട്ടുണ്ട്. വൈദ്യുതി വാഹനങ്ങൾ ചാർജ് ചെയ്യാനുള്ള സൗകര്യം സ്‌റ്റേഷനിൽ ഉണ്ടാകും. പുതിയ ബിസിനസ് അവസരങ്ങളും വ്യവസായിക സംരംഭങ്ങളും ഇവിടെ രൂപപ്പെടും.
കോട്ടയത്തു നിന്നും പറപറക്കാം
കോട്ടയം ജില്ലയിൽ നിന്നും വിവിധ സ്ഥലങ്ങളിലേയ്ക്കു കെ.റെയിലിലൂടെ എത്തിച്ചേരുന്നതിനുള്ള യാത്ര ദൂരവും സമയവും അധികൃതർ പുറത്തു വിട്ടിട്ടുണ്ട്. കോട്ടയത്തു നിന്നും ചെങ്ങന്നൂരിലേയ്ക്ക് 16 മിനിറ്റ് മതിയാകും കെ.റെയിലിലൂടെ എത്തിച്ചേരാൻ. എറണാകുളത്തേയ്ക്ക് 23 മിനിറ്റ് കൊണ്ട് പാഞ്ഞെത്തുമ്പോൾ, കൊല്ലത്തേയ്ക്ക് എത്താൻ 40 മിനിറ്റ് മതിയാകും. തൃശൂരിലേയ്ക്കു 54 മിനിറ്റും, തിരുവനന്തപുരം എത്തിച്ചേരാൻ ഒരു മണിക്കൂറും രണ്ടു മിനിറ്റും കോഴിക്കോട്ടേയ്ക്ക് ഒരു മണിക്കൂറും 38 മിനിറ്റും മതിയാകുമെന്നാണ് ജില്ലാ ഭരണകൂടം പുറത്തു വിട്ട കണക്കുകളിൽ വ്യക്തമാക്കുന്നത്.