നിതീഷ് കുമാറും തേജസ്വി യാദവും ഒരേ വിമാനത്തില്‍ ദില്ലിയിലേക്ക്; മനസിലെന്തെന്ന് വെളിപ്പെടുത്താതെ നിതീഷ്

ദില്ലി : ജെഡിയു നേതാവ് നിതീഷ് കുമാറും ആർജെഡി നേതാവ് തേജസ്വി യാദവും ഒരേ വിമാനത്തില്‍ ദില്ലിയിലേക്ക്. ഒരാള്‍ എൻഡിഎ യോഗത്തില്‍ പങ്കെടുക്കാനാണെങ്കില്‍ മറ്റേയാള്‍ ഇന്ത്യാ സഖ്യ യോഗത്തില്‍ പങ്കെടുക്കാനാണ് ദില്ലിയിലേക്ക് തിരിച്ചത്. എന്നാല്‍ നിതീഷിനെ മറുകണ്ടം ചാടിക്കാൻ കോണ്‍ഗ്രസ് നീക്കം നടത്തുന്നതായി റിപ്പോർട്ടുകളുണ്ട്. ഈ തെരഞ്ഞെടുപ്പില്‍ ബിഹാറില്‍ രണ്ട് ചേരികളിലായി വീറോടെ പ്രചാരണത്തിന് നേതൃത്വം നല്‍കിയവരുടെ ഒരുമിച്ചുള്ള ദില്ലി യാത്ര രാഷ്ട്രീയ കൌതുകമായി മാറി. 543 അംഗ സഭയില്‍ ബിജെപിക്ക് തനിച്ച്‌ ഭൂരിപക്ഷം നേടാൻ കഴിയാതെ പോയതോടെ ഈ തെരഞ്ഞെടുപ്പിലെ കിംഗ് മേക്കർമാരില്‍ ഒരാളാണ് നിതീഷ് കുമാർ. രണ്ടാമത്തെയാള്‍ ടിഡിപിയുടെ ചന്ദ്രബാബു നായിഡുവാണ്. നായിഡു ഇതിനകം എൻഡിഎയ്ക്കൊപ്പമെന്ന് പ്രഖ്യാപിച്ചെങ്കിലും നിതീഷ് കുമാർ ഇതുവരെ പ്രതികരിച്ചിട്ടില്ല. നിതീഷ് കുമാറിനെയും ചന്ദ്രബാബു നായിഡുവിനേയും മറുകണ്ടംചാടിക്കാൻ ഇന്ത്യാ സഖ്യത്തെ നയിക്കുന്ന കോണ്‍ഗ്രസ് ശ്രമം തുടങ്ങിയെന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു. മുൻപ് കോണ്‍ഗ്രസിന്‍റെ സഖ്യകക്ഷികളായിരുന്നു ഇരു പാർട്ടികളും. നിന്ന നില്‍പ്പില്‍ മുന്നണികള്‍ മാറാൻ ഒരു മടിയും കാണിക്കാത്തയാളാണ് നിതീഷ് എന്നതിനാല്‍ എൻഡിഎ പാളയത്തില്‍ ആശങ്കയുണ്ട്.

Advertisements

മോദി നയിക്കുന്ന സർക്കാരിനെ പിന്തുണയ്ക്കരുതെന്ന് നിതീഷിനോടും ചന്ദ്രബാബു നായിഡുവിനോടും തൃണമൂല്‍ നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനർജി അഭ്യർത്ഥിച്ചു. നിതീഷിനെ പ്രധാനമന്ത്രിയാക്കി ഇന്ത്യ സഖ്യം അധികാരത്തില്‍ വരണമെന്ന നിർദേശം മമത മുന്നോട്ടുവച്ചതായി റിപ്പോർട്ടുകള്‍ വന്നിരുന്നു. അതേസമയം ആന്ധ്ര പ്രദേശിന് പ്രത്യേക പദവി ഉള്‍പ്പടെ എൻ ഡി എയില്‍ നിന്ന് വിലപേശി വാങ്ങാനാണ് ചന്ദ്രബാബു നായിഡുവിന്‍റെ നീക്കം. സുപ്രധാന ക്യാബിനറ്റ് പദവികള്‍ ടിഡിപിക്കും ജനസേനയ്ക്കും ആവശ്യപ്പെടും. ഇന്നത്തെ എൻഡിഎ യോഗത്തില്‍ ചന്ദ്രബാബു നായിഡുവിനൊപ്പം പവൻ കല്യാണും പങ്കെടുക്കും. യോഗത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതിക്ക് രാജിക്കത്ത് നല്‍കും. അതിനു ശേഷം പുതിയ സർക്കാർ രൂപീകരിക്കാൻ അവകാശവാദവും ഉന്നയിച്ചേക്കും.

Hot Topics

Related Articles