തിരുവനന്തപുരം: പോക്കറ്റിൽ ഒട്ടിപ്പിടിക്കുന്ന സ്റ്റിക്കർ മാറ്റി ക്യുആർ കോഡ് മദ്യക്കുപ്പിയിലൊട്ടിക്കാനൊരുങ്ങി ബിവറേജസ് കോർപ്പറേഷൻ. സംസ്ഥാനത്ത് വിൽക്കുന്ന വിദേശ നിർമിത ഇന്ത്യൻ മദ്യക്കുപ്പിയിൽ വില ഉൾപ്പെടെ രേഖപ്പെടുത്തിയ ക്യൂആർ കോഡ് പതിക്കാൻ ബിവറേജസ് കോർപറേഷൻ സമർപ്പിച്ച നിർദേശം എക്‌സൈസ് വകുപ്പിന്റെ സജീവ പരിഗണനയിലാണ്.
അടുത്ത മദ്യനയത്തിൽ ഇതും ഉൾപ്പെടുത്തിയേക്കും.
നിലവിൽ മദ്യനിർമാണക്കമ്പനികളിൽനിന്ന് ഗോഡൗണുകളിൽ എത്തുന്ന മദ്യക്കുപ്പിയിൽ ഹോളോഗ്രാം സ്റ്റിക്കർ പതിക്കുകയാണ് പതിവ്. ഇനി ക്യൂആർ കോഡ് കമ്പനി തന്നെ പതിക്കും. ലോഡിലെ മദ്യത്തിന്റെ വിശദവിവരങ്ങൾ രേഖപ്പെടുത്താൻ ഗോഡൗണിൽ സ്‌കാനർ സജ്ജമാക്കും. ഈ സ്‌കാനർ വഴിയാകും ലോറി കടന്നുപോകുക. കംപ്യൂട്ടറിൽ ശേഖരിക്കുന്ന വിവരം കോർപറേഷൻ ആസ്ഥാനത്തുവരെ ലഭിക്കും. വിൽക്കുമ്പോൾ സ്‌കാൻ ചെയ്ത് ബില്ലടിക്കാനുമാകും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പുതിയ 17 ഗോഡൗൺ കൂടി
മദ്യം സംഭരിക്കാനുള്ള സൗകര്യവും ബിവറേജസ് കോർപറേഷൻ വർധിപ്പിക്കുന്നു. ഇതിന് 17 ഗോഡൗൺ ആരംഭിക്കും. എല്ലാ ജില്ലകളിലും ഒന്നു വീതവും കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിൽ കൂടുതലായി ഓരോന്നും ആരംഭിക്കാനാണ് പദ്ധതി. ഇതിനായി ബെവ്‌കോ എംഡി എക്‌സൈസ് വകുപ്പിന് നിർദേശം സമർപ്പിച്ചു.
നിലവിൽ ബെവ്‌കോയ്ക്ക് 23 വെയർഹൗസ് ഗോഡൗൺ ആണുള്ളത്. 5.6 ലക്ഷം ചതുരശ്ര അടിയാണ് വിസ്തീർണം. സംസ്ഥാനത്ത് ദിവസവും ഒരു ലക്ഷം പെട്ടി മദ്യമാണ് ആവശ്യം. ഇതിന്റെ മൂന്നിരട്ടിയെങ്കിലും കൂടുതൽ സൂക്ഷിക്കണം. നിലവിൽ അതിനു സൗകര്യമില്ല. മദ്യവുമായെത്തുന്ന ലോറികൾ ഗോഡൗണുകൾക്കു മുമ്പിൽ കാത്തുകിടക്കേണ്ടി വരുന്നു. ഇതൊഴിവാക്കാനാണ് കൂടുതൽ സ്ഥലം ഒരുക്കുന്നത്.