ഗുണ്ടകളെയും ക്രിമിലുകളെയും പൂട്ടാനൊരുങ്ങി പൊലീസ്; സംസ്ഥാനത്ത് പരിശോധന കർശനമാക്കുന്നു; ജില്ലകളിൽ പ്രത്യേക സംഘങ്ങളെ രൂപീകരിക്കും

തിരുവന്തപുരം: ഗുണ്ടകളെയും ക്രിമിനലുകളെയും പൂട്ടാനായി പ്രത്യേക പദ്ധതിയുമായി ജില്ലാ പൊലീസ്. സംഘടിത കുറ്റകൃത്യങ്ങൾ തടയാൻ ജില്ലകളിൽ പ്രത്യേക സംഘങ്ങൾ രൂപീകരിക്കണമെന്ന് ഡിജിപി നിർദേശം നൽകി. സംസ്ഥാനത്ത് ഗുണ്ടാ അതിക്രമങ്ങൾ അതിരൂക്ഷണായ സാഹചര്യത്തിലാണ് പൊലീസ് പരിശോധന കർശനമാക്കുന്നത്.

Advertisements

ജില്ലാ പൊലീസ് മേധാവിമാർ രണ്ടാഴ്ചയിൽ ഒരിക്കൽ സംഘത്തിന്റെ പ്രവർത്തനം വിലയിരുത്തണം. വാഹന പെട്രോളിംഗും രാത്രികാല പരിശോധനയും കർശനമാക്കാനും ഡിജിപി നിർദ്ദേശം നൽകി. ഓൺലൈനായി ചേർന്ന ജില്ലാ പൊലീസ് മേധാവിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംഘടിത കുറ്റകൃത്യങ്ങൾ തടയുന്നതിന് കൂടുതൽ ഫലപ്രദമായ നടപടികൾ സ്വീകരിക്കാൻ സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് ജില്ലാ പൊലീസ് മേധാവിമാരോട് ആവശ്യപ്പെട്ടു. മയക്കുമരുന്ന്, സ്വർണ്ണം, അനധികൃത മദ്യം, മണ്ണ് എന്നിവയുടെ കടത്ത് തടയുന്നതിന് പ്രത്യേക സംഘങ്ങൾക്ക് രൂപം നൽകണം.
ആഴ്ചയിൽ രണ്ട് തവണയെങ്കിലും ഇത്തരം സംഘങ്ങളുടെ പ്രവർത്തനം ജില്ലാ പൊലീസ് മേധാവിമാർ നേരിട്ട് നിരീക്ഷിക്കണം. ഗുണ്ടകൾക്കെതിരെയുള്ള നടപടികൾ കർശനമായി തുടരണം.

ഗുണ്ടാനിയമപ്രകാരവും ക്രിമിനൽ നടപടി ചട്ടപ്രകാരവും ആവശ്യമായ നടപടികൾ സ്വീകരിക്കണം. വാറണ്ട് നടപ്പാക്കാൻ മുൻഗണന നൽകണം. എല്ലാ ജില്ലകളിലും രാത്രികാല പട്രോളിങ് ശക്തിപ്പെടുത്തണം. വാഹനങ്ങളിലും നടന്നുമുള്ള പട്രോളിങിന് മുൻഗണന നൽകണം. അതിരാവിലെ ബസ് സ്റ്റാൻറുകളിലും റെയിൽവേ സ്റ്റേഷനുകളിലും പട്രോളിങ് സംഘം പരിശോധന നടത്തണം. പൊതുസ്ഥലങ്ങളിൽ വൈകുന്നേരങ്ങളിലുള്ള പോലീസ് പട്രോളിങ് ശക്തമാക്കണം. മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യം പ്രധാനപ്പെട്ട സ്ഥലങ്ങളിൽ വൈകുന്നേരങ്ങളിൽ ഉറപ്പാക്കണം.

മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ നിർദാക്ഷിണ്യം നടപടി സ്വീകരിക്കണം. ചെറുതും വലുതുമായ എല്ലാത്തരം മയക്കുമരുന്നു കേസുകളും പിടികൂടി നിയമനടപടികൾക്ക് വിധേയമാക്കണം. ജനമൈത്രി ബീറ്റ് സംവിധാനം കൂടുതൽ കാര്യക്ഷമമാക്കണം. കമ്മ്യൂണിറ്റി പൊലീസിംഗ് സംവിധാനം ഉപയോഗിച്ചുള്ള രാത്രികാല പട്രോളിങ്, വിവരശേഖരണം എന്നിവ ഫലപ്രദമായി നടപ്പിലാക്കണം എന്നിവയാണ് ഡിജിപിയുടെ നിർദ്ദേശങ്ങൾ.

വാഹനാപകടങ്ങൾ കുറയ്ക്കുന്നതിന് അടിയന്തിരനടപടി വേണം. മദ്യപിച്ചുള്ള ഡ്രൈവിംഗ് കണ്ടെത്തുന്നതിന് പരിശോധന പുനരാരംഭിക്കണം. അമിതവേഗം, അലക്ഷ്യമായ ഡ്രൈവിംഗ് മുതലായവ പരിശോധിച്ച് നിയമാനുസൃത നടപടി സ്വീകരിക്കണം. ഹൈവേ പൊലീസിൻറെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കണം. ഇവയുടെ പ്രവർത്തനം ജില്ലാ പൊലീസ് മേധാവിമാർ ദിവസേന നിരീക്ഷിക്കണം. റോഡപകടങ്ങൾ കുറയ്ക്കുന്നതിലായിരിക്കണം ഹൈവേ പൊലീസ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും ഡിജിപി നിർദ്ദേശിച്ചു.

സ്ത്രീകൾക്കെതിരെയുള്ള അതിക്രമം തടയുന്നതിനായി നടപ്പാക്കിയ പിങ്ക് പ്രൊട്ടക്ഷൻ പദ്ധതി കൂടുതൽ കാര്യക്ഷമമാക്കണം. കുട്ടികൾക്കെതിരെയുള്ള അതിക്രമം തടയുന്നതിന് നിലവിലുള്ള മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി നടപ്പിലാക്കണം. പോക്‌സോ കേസ് അന്വേഷണത്തിൽ യാതൊരു വിധത്തിലുമുള്ള അമാന്തവും പാടില്ലെന്നും സംസ്ഥാന പൊലീസ് മേധാവി നിർദ്ദേശിച്ചു.

Hot Topics

Related Articles