110 രൂപയ്ക്ക് മരുന്ന് വാങ്ങി 500ന്റെ നോട്ട് കൊടുത്തു; സംശയം പറഞ്ഞപ്പോള്‍ ആളെ കാണാനില്ല; ഗ്രാഫിക് ഡിസൈനര്‍ പിടിയിൽ

തൃശൂർ : മരുന്ന് കടയില്‍ കള്ളനോട്ട് നല്‍കി തട്ടിപ്പ് നടത്തിയ ഗ്രാഫിക് ഡിസൈനർ തൃശ്ശൂരില്‍ പിടിയില്‍. പാവറട്ടി സ്വദേശി ജസ്റ്റിനാണ് അറസ്റ്റിലായത്. 39 വയസുകാരനായ ജസ്റ്റിനെ കയ്പമംഗലം പൊലീസാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. മൂന്നുപീടികയിലെ ഒരു മരുന്ന് കടയില്‍ കള്ളനോട്ട് നല്‍കിയ സംഭവത്തിലായിരുന്നു അറസ്റ്റ്. കടയില്‍ നിന്ന് 110 രൂപക്ക് മരുന്ന് വാങ്ങിയ ജസ്റ്റിൻ 500 രൂപയുടെ നോട്ട് നല്‍കി. നോട്ട് കണ്ട് സംശയം തോന്നിയ കടയുടമ ഇത് കള്ളനോട്ടാണോ എന്ന് ചോദിക്കുകയും ചെയ്തു. ഇത് കേട്ട ജസ്റ്റിൻ തന്ത്രപൂർവം അവിടെ നിന്ന് സ്ഥലം വിട്ടു. പിന്നീട് നടത്തിയ പരിശോധനയില്‍ കള്ളനോട്ടാണെന്ന് വ്യക്തമായതിനെ തുടർന്ന് കടയുടമ കയ്പമംഗലം പൊലീസില്‍ പരാതി നല്‍കി.

Advertisements

കടയിലെ സിസിടിവി ക്യാമറകളില്‍ കള്ളനോട്ടുമായി എക്കിയ ജസ്റ്റിന്‍റെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. ഇത് കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പ്രതി പിടിയിലായത്. പാവറട്ടിയില്‍ ഗ്രാഫിക് ഡിസൈനിംഗ് സ്ഥാപനം നടത്തുന്നയാളാണ് ജസ്റ്റിൻ. ഈ സ്ഥാപനത്തില്‍ നിന്ന് 500 രൂപയുടെ 12 കള്ളനോട്ട് കണ്ടെടുത്തു. കള്ളനോട്ട് പ്രിന്‍റ്ചെയ്യാൻ ഉപയോഗിച്ചിരുന്ന പ്രിന്‍ററും കംപ്യൂട്ടറും പിടിച്ചെടുത്തു. കഴിഞ്ഞ ആറ് മാസമായി കള്ളനോട്ട് പ്രിന്റിങ് തുടങ്ങിയിട്ടുണ്ടെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. തൃശ്ശൂർ ജില്ലയില്‍ പലയിടത്തായി ഇത്തരത്തിലുള്ള കള്ളനോട്ടുകള്‍ നല്‍കിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. കേസ് രജിസ്റ്റർ ചെയ്ത് കോടതിയില്‍ ഹാജരാക്കിയ ജസ്റ്റിനെ റിമാൻഡ് ചെയ്തു.

Hot Topics

Related Articles