പെരുമ്പാവൂരിലെ നിയമവിദ്യാർത്ഥിനിയുടെ കൊലപാതകം; പ്രതി അമീറുൽ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് സ്റ്റേ

ന്യൂഡൽഹി: പെരുമ്ബാവൂരിലെ നിയമവിദ്യാർഥിനയുടെ കൊലപാതകത്തിൽ പ്രതി അമീറുൽ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് സുപ്രീം കോടതിയുടെ സ്റ്റേ. കേരള ഹൈക്കോടതിയുടെ വിധിക്കെതിരെ അമീറുൽ ഇസ്ലാം നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് ബി.ആർ. ഗവായി അധ്യക്ഷനും സഞ്ജയ് കരോൾ, കെ.വി. വിശ്വനാഥൻ എന്നിവർ അംഗങ്ങളുമായ ബെഞ്ചാണ് ഹർജി തീർപ്പാക്കുംവരെ വധശിക്ഷ സ്റ്റേചെയ്തത്. പ്രതിയുടെ മനശാസ്ത്ര, സ്വഭാവ സർട്ടിഫിക്കറ്റ് ഹാജരാക്കാനും കോടതി നിർദേശിച്ചു. തൃശ്ശൂർ മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ നേതൃത്വത്തിൽ പ്രത്യേക ബോർഡ് രൂപവത്കരിച്ച്, പ്രതിയുടെ മാനസിക പരിശോധന നടത്തി മെഡിക്കൽ റിപ്പോർട്ട് സമർപ്പിക്കാനാണ് ഉത്തരവിട്ടിരിക്കുന്നത്.

Advertisements

അമീറുൽ ഇസ്ലാം തടവിൽ കഴിഞ്ഞിരുന്ന ജയിലുകളിൽനിന്നുള്ള റിപ്പോർട്ട് നൽകാനും കോടതി നിർദേശിച്ചു. കേസിൽ അന്തിമ ഉത്തരവ് വരുന്നതുവരെയാകും സ്റ്റേയ്ക്ക് പ്രാബല്യമുണ്ടാവുകയെന്ന് കോടതി വ്യക്തമാക്കി. സ്റ്റേ സംബന്ധിച്ച ഉത്തരവ് സംസ്ഥാന സർക്കാർ അഭിഭാഷകൻ മുഖേന ജയിൽ സൂപ്രണ്ടിന് കൈമാറാനും സുപ്രീം കോടതി നിർദേശിച്ചു. സംസ്ഥാന സർക്കാരിന്റെ മറുപടിയും കേസുമായി ബന്ധപ്പെട്ട മറ്റുരേഖകളും ലഭിച്ചതിനു ശേഷമായിരിക്കും സുപ്രീം കോടതി തുടർവാദം കേൾക്കുക. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കൈമാറാൻ ഹൈക്കോടതിയോടും വിചാരണ കോടതിയോടും സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കുറ്റകൃത്യം അപൂർവങ്ങളിൽ അത്യപൂർവമാണെന്ന് വിലയിരുത്തി വധശിക്ഷ ശരിവെച്ച ഹൈക്കോടതിനടപടി ചോദ്യംചെയ്താണ് പ്രതി സുപ്രീം കോടതിയിൽ ഹർജി നൽകിയത്. പ്രതി കുറ്റക്കാരനാണെന്ന് വിചാരണക്കോടതി കണ്ടെത്തിയത് അനുമാനങ്ങളെ അടിസ്ഥാനമാക്കിയാണെന്ന് അഡ്വ. ശ്രീറാം പറക്കാട്ട് വഴി സമർപ്പിച്ച ഹർജിയിൽ പറയുന്നു. അനുമാനങ്ങൾക്ക് നിയമത്തിൽ നിലനിൽപ്പില്ല. പ്രതിയുടെ സാമൂഹിക-സാമ്ബത്തിക പശ്ചാത്തലമോ കുറ്റകൃത്യ ചരിത്രമില്ലെന്നതോ ശിക്ഷ ശരിവെച്ച ഹൈക്കോടതി പരിഗണിച്ചില്ലെന്നും പ്രതിയുടെ ഉദ്ദേശ്യലക്ഷ്യം എന്തായിരുന്നുവെന്ന് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

2016 ഏപ്രിൽ 28-നാണ് യുവതിയെ പീഡനത്തിനിരയായി കൊല്ലപ്പെട്ടനിലയിൽ പെരുമ്ബാവൂരിലെ വീട്ടിൽ കണ്ടെത്തിയത്. അമീറുൽ ഇസ്ലാം ചെയ്ത കുറ്റകൃത്യം അതിഭീകരവും അത്യപൂർവവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചത്.

Hot Topics

Related Articles