ശ്രീലങ്കയ്ക്ക് ഇനി പുതിയ തലവൻ ; ആദ്യ കമ്മ്യൂണിസ്റ്റ് പ്രസിഡന്റായി അനുര കുമാര ദിസനായകെ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

കൊളംബോ: ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി മാര്‍ക്‌സിസ്റ്റ് നേതാവ് അനുര കുമാര ദിസനായകെ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറും. കൊളംബോയിലെ പ്രസിഡന്‍ഷ്യല്‍ സെക്രട്ടറിയേറ്റില്‍ ലളിതമായാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുക. ശ്രീലങ്കയുടെ ആദ്യ കമ്മ്യൂണിസ്റ്റ് പ്രസിഡന്റാണ് അനുര കുമാര ദിസനായകെ.

Advertisements

നൂറ്റാണ്ടുകളായി നമ്മള്‍ കണ്ട സ്വപ്‌നം ഒടുവില്‍ യാഥാര്‍ത്ഥ്യമായിരിക്കുകയാണെന്ന് വിജയത്തിന് തൊട്ടുപിന്നാലെ അനുര എക്‌സില്‍ കുറിച്ചു. ഇത് ഒരാളുടെ മാത്രം പ്രയത്‌നം കൊണ്ട് നേടാനായതല്ല. മറിച്ച് ആയിരക്കണക്കിന് ആളുകളുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണെന്ന് അനുര പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്നലെയായിരുന്നു ശ്രീലങ്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നത്. ആദ്യഘട്ട വോട്ടെടുപ്പില്‍ ആര്‍ക്കും കേവല ഭൂരിപക്ഷമായ അന്‍പത് ശതമാനം വോട്ട് ലഭിച്ചിരുന്നില്ല. തുടര്‍ന്ന് മുന്‍ഗണനാ വോട്ടുകളെണ്ണിയാണ് വിജയിയെ തീരുമാനിച്ചത്. 2022 ല്‍ ശ്രീലങ്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പിലാണ് ഇടതുസഖ്യത്തിന്റെ വിജയമെന്നത് ശ്രദ്ധേയമാണ്. തിരഞ്ഞെടുപ്പിന്റെ തുടക്കം മുതല്‍ ദിസനായകെ തന്നെയാണ് മുന്നിട്ടുനിന്നത്.

വ്യവസ്ഥാപിത രാഷ്ട്രീയ പാർട്ടികളെയെല്ലാം വെല്ലുവിളിച്ച് മത്സരരംഗത്തുള്ള നാഷണൽ പീപ്പിൾസ് പവറിൻ്റെ നേതാവ് അനുര കുമാര ദിസനായകെയായിരുന്നു ഇത്തവണത്തെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിലെ പ്രധാന ശ്രദ്ധാകേന്ദ്രം. മാറ്റത്തിൻ്റെ ഏജൻ്റാണെന്ന് പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് രംഗത്തുണ്ടായിരുന്ന ദിസനായകെ തൊഴിലാളിവർഗത്തെ കേന്ദ്രീകരിച്ചുള്ള ഒരു രാഷ്ട്രീയ സഖ്യത്തിൻ്റെ നേതാവെന്ന നിലയിലാണ് അറിയപ്പെട്ടിരുന്നത്. ഗോതബായ രാജപക്സെയെ പുറത്താക്കിയ പൊതു പ്രതിഷേധത്തിൻ്റെ ഭാഗമായവരെ താൻ സേവിക്കുമെന്നായിരുന്നു ദിസനായകെയുടെ പ്രധാന നിലപാട്. ജനങ്ങൾ ആഗ്രഹിക്കുന്ന മാറ്റം തൻ്റെ ഭരണത്തിലൂടെ കൊണ്ടുവരുമെന്ന് ദിസനായകെ തിരഞ്ഞടുപ്പ് ഘട്ടത്തിൽ വാഗ്ദാനം ചെയ്തിരുന്നു. മികച്ച സമ്പദ്വ്യവസ്ഥ, അഴിമതിരഹിത സമൂഹം എന്ന മുദ്രാവാക്യം ഉയർത്തിയാണ് ദിസനായകെ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. പ്രസിഡൻ്റിനെ പുറത്താക്കുക എന്നതിനപ്പുറം ഒരു പദ്ധതിയും പ്രതിഷേധക്കാർക്ക് ഇല്ലാതിരുന്നതിനാലും ചുമതല ഏറ്റെടുക്കാൻ സജ്ജരാകാത്തതിനാലും ഒരു മാറ്റത്തിനുള്ള ജനങ്ങളുടെ ആഗ്രഹം 2022ൽ സാക്ഷാത്കരിക്കപ്പെട്ടില്ലെന്ന് ദിസനായകെ ചൂണ്ടിക്കാണിച്ചിരുന്നു.

Hot Topics

Related Articles