ആത്മഹത്യയെക്കുറിച്ച് സംസാരിക്കുന്ന ആളുകള്‍ അത് ചെയ്യില്ല; ശ്രദ്ധകിട്ടാന്‍ വേണ്ടിയും പേടിപ്പിക്കാനും കാട്ടിക്കൂട്ടുന്നതാണ്; മാനസിക പ്രശ്‌നമുള്ളത് കൊണ്ടാണ് ആത്മഹത്യക്ക് ശ്രമിച്ചത്; ഒന്ന് ശ്രമിച്ച് പരാജയപ്പെട്ടതല്ലേ, ഇനി ഈ ജന്മം ആത്മഹത്യയെക്കുറിച്ച് ചിന്തിക്കില്ല..! മിഥ്യാധാരണകള്‍ തിരുത്തണം, ഓരോ നാല്പത് സെക്കന്‍ഡിലും ഒരാള്‍ ആത്മഹത്യ ചെയ്യുന്നുണ്ട്

കോട്ടയം: ആത്മഹത്യയുമായി ബന്ധപ്പെട്ട് ഈ കാലഘട്ടത്തിലും ധാരാളം അബദ്ധധാരണകള്‍ വച്ച് പുലര്‍ത്തുന്ന സമൂഹമാണ് നമ്മുടേത്. ‘ആത്മഹത്യയല്ലാതെ വേറെ വഴിയില്ല ‘ എന്ന് പറഞ്ഞ ആരെയെങ്കിലുമൊക്കെ എ്ല്ലാവര്‍ക്കും അറിയുകയും ചെയ്യും. എന്നാല്‍ ആത്മഹത്യയെന്ന വിഷയത്തെക്കുറിച്ച് പരസ്യമായി സംസാരിക്കാന്‍ ആളുകള്‍ മടിക്കുന്നു. ആളുകളിലെ ആത്മഹത്യാ പ്രവണത തിരിച്ചറിയുന്നതിലും ആ പ്രശ്‌നത്തെ അഭിസംബോധന ചെയ്യുന്നതിലും നമ്മള്‍ പരാജയപ്പെടുന്നു. ഈ ലോകത്ത് ഓരോ നാല്‍പ്പത് സെക്കന്റിലും ഒരാള്‍ ആത്മഹത്യ ചെയ്യുന്നുണ്ട് എന്നാണ് കണക്ക്. ആത്മഹത്യയെക്കുറിച്ചുള്ള പൊതുവായ ചില കെട്ടുകഥകള്‍ നമുക്ക് പരിശോധിക്കാം,

Advertisements

ആത്മഹത്യയെക്കുറിച്ച് സംസാരിക്കുന്നവര്‍ അത് ചെയ്യില്ല


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വെറുതെ എന്തിനാ ഇങ്ങനെ ജീവിക്കുന്നത്, ഇതിലും ഭേദം ആത്മഹത്യ ചെയ്യുന്നതാ.. രണത്തെ ചുറ്റിപ്പറ്റിയുള്ള ആശയങ്ങള്‍ ആളുകള്‍ ആശയവിനിമയം നടത്തുകയാണെങ്കില്‍, മറ്റുള്ളവര്‍ അതിനെ നിസ്സാരവല്‍ക്കരിക്കുകയാണ് പതിവ്. ശ്രദ്ധയാകര്‍ഷിക്കാനുള്ള തന്ത്രമാണെന്നും പേടിപ്പിക്കാനാണെന്നും മറ്റും പറഞ്ഞ് അത് തള്ളിക്കളയുകയാണ് ഭൂരിഭാഗവും ചെയ്യുന്നത്. തമാശയ്ക്ക് പോലും നീ പോയി ചാവെടാ എന്ന് ഇത്തരം ആളുകളോട് പറയാതിരിക്കാന്‍ ശ്രദ്ധിക്കണം. കഴിയുന്നതും ഉടന്‍ സഹായമെത്തിക്കുക. ആത്മഹത്യയെക്കുറിച്ച് സംസാരിക്കുന്ന ആളുകള്‍ക്ക് സഹായമോ പിന്തുണയോ ആവശ്യമുണ്ടാവാം എന്നതാണ് വസ്തുതയെന്ന്, ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) പുറത്തിറക്കിയ Preventing Suicide എന്ന പേരിലുള്ള രേഖയില്‍ പറയുന്നു.

ഒന്ന് ശ്രമിച്ച് പരാജയപ്പെട്ടതല്ലേ, ഇനി ഈ ജന്മം ആത്മഹത്യയെക്കുറിച്ച് ചിന്തിക്കില്ല

ഇതിനകം ആത്മഹത്യയ്ക്ക് ശ്രമിച്ച ആളുകള്‍ ഇത് വീണ്ടും ശ്രമിച്ചേക്കില്ലെന്ന വാദം തെറ്റാണെന്ന് മാത്രമല്ല മറിച്ച് അത് വിപരീതവുമാണ്. ആത്മഹത്യയില്‍ നിന്ന് രക്ഷപ്പെടുന്നവര്‍ക്ക് വീണ്ടും അതിന് ശ്രമിക്കാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ അവരെ സംബന്ധിച്ച് അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്. എന്നാല്‍, ഒരാള്‍ ആത്മഹത്യക്ക് ശ്രമിക്കാനുള്ള സാധ്യത എല്ലായ്‌പ്പോഴും ഉയര്‍ന്നുതന്നെയിരിക്കണമെന്നില്ലെന്നും അത് സാഹചര്യവും അടിസ്ഥാനമാക്കിയുള്ളതാണെന്നും ലോകാരോഗ്യ സംഘടന പറയുന്നു. ആത്മഹത്യാ ചിന്തകള്‍ മടങ്ങിവരുമെങ്കിലും അവ ശാശ്വതമല്ല, മുമ്പ് ആത്മഹത്യാ ചിന്തകളുണ്ടായിരുന്നതോ അതിന് ശ്രമിച്ചതോ ആയ ഒരു വ്യക്തിക്ക് പിന്നെയും കുറേ കാലം ജീവിക്കാനാവും.

കുടുംബത്തില്‍ ആത്മഹത്യയുടെ ചരിത്രം ഉണ്ടെങ്കില്‍, അത് ചെയ്യാനുള്ള ഉയര്‍ന്ന സാധ്യതയുണ്ട്

ആത്മഹത്യ ജനിതകമായി പകരില്ല. ഇത് വീട്ടിലെ പരിസ്ഥിതിയെക്കുറിച്ചും വ്യക്തിയുടെ വൈകാരികാവസ്ഥയെക്കുറിച്ചും ബന്ധപ്പെട്ട കാര്യമാണ്. കുടുംബത്തിലെ മറ്റൊരാള്‍ ആത്മഹത്യ ചെയ്തതുകൊണ്ട് അവരും അത് ചെയ്യുമെന്ന് അര്‍ത്ഥമില്ല. ഒരു കുടുംബത്തില്‍ ആത്മഹത്യ ചരിത്രം ഉണ്ടെങ്കില്‍ അടുത്ത ആളും ആത്മഹത്യ ചെയ്യും എന്ന നിലയ്ക്ക് കാര്യങ്ങള്‍ മുന്‍കൂട്ടി പറഞ്ഞ്, തനിയാവര്‍ത്തനത്തിന് കാത്തിരിക്കുന്നവര്‍ കുറവല്ല.

കടുത്ത മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന ആളുകള്‍ മാത്രമാണ് ആത്മഹത്യ ചെയ്യുന്നത്

ആത്മഹത്യയുടെ വിവിധ കാരണങ്ങള്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോ അവരുടെ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട് – പ്രൊഫഷണല്‍ അല്ലെങ്കില്‍ കരിയര്‍ പ്രശ്‌നങ്ങള്‍, ഒറ്റപ്പെടല്‍, ചൂഷണങ്ങള്‍ നേരിട്ടത്, അക്രമം, കുടുംബ പ്രശ്‌നങ്ങള്‍, മദ്യത്തിന് അടിമയാവുന്നത്, സാമ്പത്തിക നഷ്ടം, വിട്ടുമാറാത്ത വേദന എന്നിങ്ങനെയുള്ള കാരണങ്ങളും മാനസിക നിലയിലുള്ള പ്രശ്‌നങ്ങള്‍ക്ക് പുറമെ ബ്യൂറോ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കോവിഡ് മഹാമാരി കാരണമുള്ള പ്രതിസന്ധിയെക്കുറിച്ച് ചിന്തിക്കുന്നതിനാല്‍ ആളുകള്‍ നിരാശയും ലക്ഷ്യബോധവമില്ലായ്മയും ഉത്കണ്ഠയും ധാരാളമായി അനുഭവിക്കുന്നു. ഇപ്പോള്‍ സാമൂഹിക ബന്ധം വളരെ കുറവായതിനാല്‍, പ്രത്യേകിച്ച് യുവാക്കള്‍ – 15-25 വയസ്സിനിടയിലുള്ളവര്‍ – നിരവധി വെല്ലുവിളികള്‍ നേരിടുന്നു. അതിനാല്‍ ഈ ആളുകള്‍ക്കിടയില്‍ എന്തെങ്കിലും മുന്നറിയിപ്പ് അടയാളങ്ങളുണ്ടെങ്കില്‍ അവരെ വളരെ ഗൗരവമായി കാണണം. ”മാനസിക പ്രശ്‌നങ്ങളാല്‍ ബുദ്ധിമുട്ടുന്ന എല്ലാ ആളുകളും ആത്മഹത്യാ പ്രവണതയുള്ള പെരുമാറ്റം കാണിക്കില്ല, മാത്രമല്ല സ്വന്തം ജീവന്‍ എടുക്കുന്ന എല്ലാവര്‍ക്കും മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാവില്ലെന്നും ലോകാരോഗ്യ സംഘടന പരാമര്‍ശിക്കുന്നു.

കളിയും ചിരിയുമായി നടക്കുന്നതിനിടയിലും ഇത്ര മാത്രം സങ്കടക്കനലുകള്‍ പേറി നടക്കുന്നുണ്ടായിരുന്നു അയാള്‍ എന്ന് പശ്ചാത്തപിക്കും മുന്‍പ് ചില കാര്യങ്ങള്‍ ചെയ്യാനാവും. അയാള്‍ പറഞ്ഞ കഥകളിലെ നോവിന്റെ ആഴം തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നോര്‍ത്ത് പിന്നീട് വേവലാതിപ്പെടാതിരിക്കാന്‍ ഇത് സഹായിക്കും. വിങ്ങി നില്‍ക്കുന്ന ഒരു മുഖം കണ്ടാല്‍, എന്ത് പറ്റിയെന്ന് ചോദിക്കാം, ഏറെ നാളായി മിണ്ടാട്ടമില്ലാതെ വേരറ്റുപോയൊരു ബന്ധത്തെ ഓര്‍ത്തെടുക്കാം.

ആത്മഹത്യകള്‍ നമുക്ക് തടയാനാകും. കുറച്ചു സമയം നാം പ്രിയപ്പെട്ടവര്‍ക്കായി കാത്തുവെക്കുക. എന്നും കണ്ടുമുട്ടുന്നവരില്‍. ഇടപഴകുന്നവരില്‍ കാണുന്ന ചെറിയ മാറ്റങ്ങള്‍ പോലും ശ്രദ്ധിക്കുക. അവരോട് സംവദിക്കുക. ഒരു നല്ല കേള്‍വിക്കാരനാവുക. ആത്മഹത്യക്ക് ശ്രമിക്കുകയോ ,ആത്മഹത്യയെക്കുറിച്ച് സംസാരിക്കുകയോ ചെയ്യുന്ന ഒരാളെ അവഗണിക്കാതിരിക്കുക.

Hot Topics

Related Articles