പാലക്കാട്: അനധികൃതമായി കുമ്പാച്ചി മലയില്‍ കയറുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്. മലയില്‍ കുടുങ്ങി സൈന്യം രക്ഷിച്ച ബാബുവിന് ലഭിച്ച സംരക്ഷണം ആര്‍ക്കുമുണ്ടാകില്ല. ബാബുവിന് കിട്ടിയ സംരക്ഷണം മറയാക്കി ആരും മല കയറരുത്. മല കയറാന്‍ കൃത്യമായ നിബന്ധനകള്‍ ഉണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.
കുമ്പാച്ചി മലയുടെ മുകളില്‍ ഒരാള്‍ കൂടി കുടുങ്ങിയ സാഹചര്യത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. നാട്ടുകാരനായ രാധാകൃഷ്ണനെയാണ് വനംവകുപ്പ് നടത്തിയ തിരച്ചിലില്‍ കണ്ടെത്തി തിരികെ എത്തിച്ചത്. ആറ് മണിക്കൂര്‍ നീണ്ടുനിന്ന തിരച്ചിലിനൊടുവിലാണ് ഇയാളെ കണ്ടെത്തി ബേസ് ക്യാമ്പിലെത്തിച്ചത്.രാധാകൃഷ്ണന് സ്ഥിരമായി കാട്ടിലൂടെ നടക്കുന്ന ആളാണെന്നും ഇയാള്‍ക്ക് മാനസിക പ്രശ്നമുണ്ടെന്നും അധികൃതര്‍ പറഞ്ഞു. രാധാകൃഷ്ണനെതിരെ കേസെടുക്കില്ലെന്നും വനംവകുപ്പ് വ്യക്തമാക്കിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, കുമ്പാച്ചി മലയിലെ പാറയിടുക്കില്‍ നിന്നും ബാബുവിനെ രക്ഷിച്ചതിന് പിന്നാലെ മലയില്‍ വീണ്ടും ആളുകള്‍ കയറിപറ്റിയതായി സൂചനയുണ്ട്. ഒന്നിലധികം പേര് മലയില്‍ കയറിയതായാണ് സൂചനയെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രന് പറഞ്ഞു. അടിയന്തരമായി ഇടപെടാന്‍ ജില്ലാ കളക്ടറോട് നിര്‍ദ്ദേശിച്ചതായി റവന്യുമന്ത്രി കെ.രാജന് അറിയിച്ചു. മലമുകളില്‍ ഫ്ളാഷ് ലൈറ്റുകള്‍ കണ്ടതോടെ വനംവകുപ്പ് സ്ഥലത്ത് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.