പോലീസിലെ ആര്‍എസ്എസ് വല്‍ക്കരണത്തെ വെള്ളപൂശാന്‍ മുഖ്യമന്ത്രി അമിതാവേശം കാണിക്കുന്നു: റോയ് അറയ്ക്കല്‍

തിരുവനന്തപുരം: പോലീസിലെ ആര്‍എസ്എസ് വല്‍ക്കരണത്തെ വെള്ളപൂശാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അമിതാവേശം കാണിക്കുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍. ഇതിന്റെ ഭാഗമാണ് നിയമസഭയില്‍ പ്രതിപക്ഷത്തിനു മറുപടിയെന്നോണം മുഖ്യമന്ത്രി നടത്തിയ പ്രസംഗം. പോലീസിലെ വര്‍ഗീയവല്‍ക്കരണം എന്നത് കേവലം ആരോപണമല്ല. ഭരണമുന്നണിയുടെ ഘടകകക്ഷി ദേശീയ നേതാവ് തന്നെ സമീപകാലത്ത് ഈ വിഷയം ഉന്നയിച്ചിരുന്നു. സിപിഎം ജില്ലാ സമ്മേളനങ്ങളില്‍ മിക്ക ജില്ലകളിലും പാര്‍ട്ടി അണികള്‍ ഉന്നയിക്കുകയും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ സ്ഥിരീകരിക്കുകയും ചെയ്തതാണ് പോലീസിലെ ആര്‍എസ്എസ് സ്വാധീനം. ഇവരെല്ലാവരും വര്‍ഗ്ഗീയ ശക്തികളെയും തീവ്രവാദികളെയും അരാജകവാദികളെയും സഹായിക്കുകയാണോ ചെയ്തതെന്നു മുഖ്യമന്ത്രി വ്യക്തമാക്കണം. യാഥാര്‍ഥ്യങ്ങളെ തീവ്രവാദ മുദ്രചാര്‍ത്തി രക്ഷപ്പെടാമെന്നത് മുഖ്യമന്ത്രിയുടെ വ്യാമോഹമാണ്. അത് നാളിതുവരെ സംഘപരിവാരം രാജ്യത്തു നടത്തിക്കൊണ്ടിരിക്കുന്ന പഴകി നാറിയ രാഷ്ട്രീയ ആയുധമാണ്. അതേ ആയുധം എടുത്ത് ഉപയോഗിക്കാന്‍ മുഖ്യമന്ത്രിക്ക് യാതൊരു ഉളുപ്പുമില്ലെന്നത് ഗൗരവമായി കാണണം. പോലീസില്‍ ആര്‍എസ്എസ് ഉണ്ടെന്ന് ബിജെപി നേതാവ് സുരേന്ദ്രന്‍ തന്നെ സമ്മതിക്കുമ്പോള്‍ മുഖ്യമന്ത്രി നടത്തുന്ന വിഫല ശ്രമം പരിഹാസ്യമാണ്. ബ്രണ്ണന്‍ കോളജില്‍ വാള്‍ തലപ്പിന് ഇടയിലൂടെ നെഞ്ചുവിരിച്ചു നടന്ന പിണറായി വിജയന്‍ സ്വന്തം അനുയായിയായ ഹരിദാസനെ വെട്ടിനുറുക്കിയ ആര്‍എസ്എസ്സിനെ പേരെടുത്തു പറയാന്‍ പോലും നട്ടെല്ലില്ലാത്ത ആളായി മാറിയെന്നാണ് കഴിഞ്ഞ ദിവസം പൊതുസമൂഹം തിരിച്ചറിഞ്ഞത്. സ്വന്തം പാര്‍ട്ടിക്കാരനെ കൊലചെയ്ത പ്രതികളെ കൃത്യമായി തിരിച്ചറിഞ്ഞിട്ടും പേരെടുത്തുപറയാതിരുന്നത് മുഖ്യമന്ത്രി അവരെ സംരക്ഷിക്കാനുള്ള ശ്രമം ആരംഭിച്ചിരിക്കുന്നു എന്നതിന്റെ സൂചനയാണ്. ആര്‍എസ്എസ്സിനെ വിമര്‍ശിക്കുമ്പോഴൊക്കെ തൂക്കമൊപ്പിക്കാന്‍ അപരന്മാരെ തിരയുന്ന പിണറായി വിജയന്റെ ദുഷ്ടലാക്ക് തിരിച്ചറിയണമെന്നും റോയ് അറയ്ക്കല്‍ ഓര്‍മിപ്പിച്ചു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.