വൈക്കത്തു നിന്ന് കിട്ടിയത് 24 മൂർഖൻ മുട്ട: വേനൽ ചൂട് ഏറിയതോടെ ഒരു ദിവസം വലയിലാകുന്നത് എട്ട് പാമ്പുകൾ; പിടിപ്പതു പണിയിൽ വനം വകുപ്പ്; മാളത്തിൽ ചൂടേറിയതോടെ മൂർഖന്മാർ വഴിയിലിറങ്ങുന്നു; വീഡിയോ കാണാം

ജാഗ്രതാ സ്‌പെഷ്യൽ
കോട്ടയം: ഒരു ദിവസം കോട്ടയം ജില്ലയിൽ നിന്നും വനം വകുപ്പിന്റെ വലയിലാകുന്നത് ശരാശരി എട്ട് പാമ്പുകൾ..! പാമ്പുകളെ രക്ഷിക്കാൻ ദിവസം ശരാശരി പതിനഞ്ച് കോളുകൾ വരെ വനം വകുപ്പിന്റെ റസക്യൂ സംഘത്തിന് ലഭിക്കുമ്പോഴാണ് ഇതിൽ എട്ടെണ്ണമെങ്കിലും വലയിലാകുന്നത്. ബാക്കിയുള്ളവ വിഷമില്ലാത്ത പാമ്പുകളോ, പാമ്പെന്ന് സംശയിച്ചുള്ള കോളുകളോ ആണെന്നും വനം വകുപ്പ് അധികൃതർ വ്യക്തമാക്കുന്നു. കഴിഞ്ഞ ഒരു മാസത്തെ ശരാശരി കണക്കുകളാണ് വനം വകുപ്പ് അധികൃതർ ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.

Advertisements

കൊടും ചൂട് മനുഷ്യനും
പ്രകൃതിയ്ക്കും പാമ്പിനും

കഴിഞ്ഞ ഒരു മാസത്തോളമായി ജില്ലയിൽ കൊടും ചൂടാണ്. പലപ്പോഴും 34 ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയർന്നിട്ടുമുണ്ട്. സാധാരണക്കാർക്ക് വീടിനുള്ളിൽ നിന്നും പുറത്തേയ്ക്കു പോലും ഇറങ്ങാനാവാത്ത അസാധാരണമായ സാഹചര്യം. ഈ സാഹചര്യത്തിലാണ് പാമ്പുകളെയും ചൂട് ചുട്ടുപൊളിക്കുന്നത്. പാമ്പിന്റെ മാളങ്ങളിലെല്ലാം കൊടും ചൂടാണ് അനുഭവപ്പെടുന്നത്. ഈ സാഹചര്യത്തിൽ തണൽ തേടിയാണ് മൂർഖനും കുടുംബവും വഴിയിലിറങ്ങുന്നത്. ഇത് കണ്ട് നാട്ടുകാർ ഭയക്കുകയും ചെയ്യും.
ചൂട് കൂടാതെ പാമ്പുകൾ ഇണചേരുന്ന സമയം കൂടിയാണ് ഇത്. ചൂടും പാമ്പുകളുടെ ഇണചേരൽ സമയവും കൂടി ഒത്ത് വന്നതോടെ പാമ്പുകളെല്ലാം മാളം വിട്ട് പുറത്തിറങ്ങുകയാണ്. ഇതാണ് ഇപ്പോൾ ഭീതി വർദ്ധിപ്പിച്ചിരിക്കുന്നത്. എന്നാൽ, ഇത്തരം ഭീതി ആവശ്യമില്ലെന്നും പാമ്പുകൾ ആരെയും അങ്ങോട്ട് ആക്രമിക്കില്ലെന്നും വനം വകുപ്പ് അധികൃതരും വ്യക്തമാക്കുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മൂർഖന്റെ മുട്ടകൾ
വൈക്കത്ത് നിന്നും

കഴിഞ്ഞ ദിവസം വൈക്കത്തു നിന്നും ഒരു കോൾ വന്നതിന്റെ അടിസ്ഥാനത്തിലാണ് വനം വകുപ്പിന്റെ സ്‌നേക്ക് റസ്‌ക്യൂ സംഘം സ്ഥലത്ത് എത്തിയത്. ഇവിടെ നടത്തിയ പരിശോധനയിൽ 24 മൂർഖൻ മുട്ടകളാണ് വീടിനു സമീപത്തു നിന്നും കണ്ടെത്തിയത്. ഈ മുട്ടകൾ വനം വകുപ്പിന്റെ റസ്‌ക്യൂ സംഘം ശേഖരിച്ചു. തുടർന്ന്, പാമ്പിന്റെ ആവാസ വ്യവസ്ഥയിൽ ഈ മുട്ടകൾ തുറന്നു വിട്ടു.
കഴിഞ്ഞ ദിവസം കോട്ടയം ചുങ്കത്തു നിന്നും വനം വകുപ്പിന്റെ റസ്‌ക്യൂ സംഘം ഒരു മൂർഖനെ പിടികൂടിയിരുന്നു. എറണാകുളം ജില്ലാ അതിർത്തിയായ പ്രദേശത്തു നിന്നും അണലിയെയാണ് ബുധനാഴ്ച വനം വകുപ്പ് പിടികൂടിയത്. ഇത് കൂടാതെ പെരുമ്പാമ്പിനെയും പിടികൂടിയിട്ടുണ്ട്.

മുട്ടകൾ വിരിഞ്ഞാൽ
ശക്തിയുള്ളവൻ രക്ഷപെടും

ഒരു മൂർഖൻ 24 മുതൽ 30 വരെ മുട്ടകളാണ് ഇടുന്നത്. എന്നാൽ, മുട്ടകൾ മുഴുവൻ വിരിഞ്ഞാൽ പോലും നാലോ അഞ്ചോ പാമ്പുകൾ മാത്രമാണ് പ്രകൃതിയെ അതിജീവിക്കുക. മൂർഖൻ കുഞ്ഞുങ്ങളിൽ ചിലതിനെ അടയിരിക്കുന്ന അമ്മ തന്നെ ഭക്ഷണമാക്കും. ഇതിനു ശേഷവും ബാക്കിയാകുന്ന ചില പാമ്പിൻ കുഞ്ഞുങ്ങൾ ചെമ്പോത്ത് എന്നു വിളിക്കുന്ന ഉപ്പന്റെയും പൂച്ചയുടെയും നായ്ക്കളുടെയും ഭക്ഷണമായി മാറാറുണ്ട്. ഈ സാഹചര്യങ്ങളെല്ലാം അതിജീവിക്കുന്ന പാമ്പിൻ കുഞ്ഞുങ്ങൾ മാത്രമാണ് ജീവിതത്തിലേയ്ക്കു മടങ്ങിയെത്തുന്നത്.

Hot Topics

Related Articles