കോട്ടയം നഗരമധ്യത്തിലെ ബിഗ് ബസാർ അടച്ചു പൂട്ടുന്നു; ബിഗ് ബസാർ റിലയൻസിന് കൈമാറാനുള്ള നടപടികൾ പൂർത്തിയായി; കൊട്ടിഘോഷിച്ച് ആഘോഷത്തോടെ തുടങ്ങിയ ബസാറിന് പൂട്ടു വീഴുന്നത് കച്ചവടം നഷ്ടത്തിലായതോടെ; വാർഷിക കാർഡ് എടുത്തവർ അടക്കമുള്ള ഉപഭോക്താക്കൾ ആശങ്കയിൽ

ജാഗ്രതാ ന്യൂസ്
സ്‌പെഷ്യൽ ഡെസ്‌ക്

കോട്ടയം: നാലു വർഷം മുൻപ് ആഘോഷത്തോടെ പ്രവർത്തനം ആരംഭിച്ച കോട്ടയം നഗരമധ്യത്തിലെ ബിഗ്ബസാറിന് പൂട്ട് വീഴുന്നു. ബിഗ് ബസാർ അടച്ചു പൂട്ടിയ ശേഷം റിലയൻസിന് കൈമാറുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ബിഗ് ബസാർ ഷോറൂം അടച്ചു പൂട്ടുകയും, ബോർഡ് അടക്കം എടുത്തു മാറ്റുകയും ചെയ്തു. ബിഗ് ബസാർ റിലയൻസിനു കൈമാറുന്നതിനുള്ള ജോലികൾ പുരോഗമിക്കുകയാണ്. എന്നാൽ, എന്ന് നടപടികൾ പൂർത്തിയാകും എന്ന് അധികൃതർ വ്യക്തമാക്കിയില്ല.

Advertisements

2018 ഏപ്രിലിലാണ് കോട്ടയം നഗരത്തിൽ കെ.എസ്.ആർ.ടി.സിയ്ക്കു സമീപത്ത് ടിബി റോഡിൽ ബിഗ് ബസാർ പ്രവർത്തനം ആരംഭിച്ചത്. വൻ ഓഫറുകളുമായാണ് ബിഗ് ബസാർ നഗരത്തിൽ പ്രവർത്തിച്ചിരുന്നത്. ഉപ്പു തൊട്ട് കർപ്പൂരം വരെ എല്ലാ സാധനങ്ങളും ബിഗ് ബസാറിൽ നിന്നും ലഭിച്ചിരുന്നു. വലിയ ഓഫറിലാണ് സാധനങ്ങൾ ഇവിടെ നിന്നും ആദ്യ കാലത്ത് ലഭിച്ചിരുന്നത്. ആദ്യം ആളുകൾ കൂട്ടത്തോടെ ഇവിടേയ്ക്ക് എത്തിയിരുന്നു. എന്നാൽ, പിന്നീട് ആളുകളുടെ വരവ് ക്രമാതീതമായി കുറഞ്ഞു. ഇതോടെ ബിഗ് ബസാർ ഏതാണ്ട് നഷ്ടത്തിലേയ്ക്ക് കൂപ്പു കുത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇടക്കാലത്ത് കോട്ടയത്തെ ബിഗ് ബസാർ അടച്ചു പൂട്ടാൻ പോകുകയാണ് എന്ന പ്രചാരണം ഉണ്ടായിരുന്നു. ആദ്യം മാനേജ്‌മെന്റ് ഇതിനെ നിഷേധിച്ചെങ്കിലും ഇപ്പോൾ റിലൻസിന് കൈമാറുന്നതോടെ അടച്ചു പൂട്ടൽ നടപടി ഏതാണ്ട് പൂർത്തിയായിരിക്കുകയാണ്. എന്നാൽ, റിലയൻസിന് കൈമാറുന്നതിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ മാനേജ്‌മെന്റ് ഇനിയും തയ്യാറായിട്ടില്ല. നേരത്തെ ആയിരക്കണക്കിന് ആളുകൾ വാർഷിക പർച്ചേസ് കാർഡും ഓഫറുകളും ബിഗ് ബസാറിൽ നിന്നും സ്വന്തമാക്കിയിരുന്നു. ഈ ഓഫറുകൾ ഇനിയും ലഭിക്കുമോ എന്ന ആശങ്ക പലർക്കുമുണ്ട്.

ഇതു സംബന്ധിച്ചു ജാഗ്രതാ ന്യൂസ് ലൈവിൽ നിന്നും ബിഗ് ബസാർ മാനേജ്‌മെന്റിനെ ബന്ധപ്പെട്ടിരുന്നു. എന്നാൽ, മാധ്യമങ്ങളോട് പ്രതികരിക്കാനില്ലെന്ന നിലപാടാണ് ഇവർ സ്വീകരിച്ചത്. ഓഫറിനെപ്പറ്റി സംശയമുള്ള ഉപഭോക്താക്കൾക്ക് ഓഫിസ് വർക്കിംങ് സമയത്ത് ബിഗ് ബസാറിനെ നേരിട്ട് ബന്ധപ്പെടാമെന്നും മാനേജ്‌മെന്റ് അറിയിച്ചു.

Hot Topics

Related Articles