ഒടുവിൽ ആന പ്രേമികൾ കാത്തിരുന്ന ആ വാർത്തയെത്തി: തിരുനക്കര ശിവൻ ഇന്ന് കാഴ്ച ശ്രീബലിയ്ക്കു തിടമ്പേറ്റും; പൂരത്തിനും ഇറങ്ങാനൊരുങ്ങി കൊമ്പൻ!!

ജാഗ്രതാ സ്‌പെഷ്യൽ
കോട്ടയം: ഒടുവിൽ തിരുനക്കരയിലെ ആന പ്രേമികൾ കാത്തിരുന്ന ആ വാർത്തയെത്തി. തിരുനക്കരയിലെ കൊമ്പൻ ശിവൻ പൂർണ ആരോഗ്യവാൻ. കൊമ്പൻ ശിവൻ ഇന്ന് വൈകിട്ട് ആറിനു നടക്കുന്ന കാഴ്ച ശ്രീബലിയ്ക്കു തിടമ്പേറ്റും. ആവേശം നിറച്ച് എട്ട് ആനകളുടെ അകമ്പടിയോടെയാണ് കൊമ്പൻ ഇന്ന് കാഴ്ച ശ്രീബലിയ്ക്കു തിടമ്പേറ്റുക. മദപ്പാടിനെ തുടർന്നു തളച്ചിരുന്ന കൊമ്പൻ പൂർണ ആരോഗ്യവാനാണ് എന്ന വനം വകുപ്പിന്റെയും ദേവസ്വം ബോർഡിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും ഡോക്ടർമാർ സർട്ടിഫിക്കറ്റ് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് കൊമ്പനെ എഴുന്നെള്ളത്തിന് ഇറക്കുന്നത്.

Advertisements

23 ന് നടക്കുന്ന തിരുനക്കരപൂരത്തിനും തിരുനക്കരയപ്പന്റെ പൊന്നിൻ തിടമ്പേറ്റി കൊമ്പൻ മുന്നിൽ തന്നെ ഉണ്ടാകുമെന്ന് ഇതോടെ ഉറപ്പായി. മുൻ വർഷങ്ങളിൽ തിരുനക്കര മഹാദേവന്റെ തിടമ്പേറ്റാൻ കൊമ്പൻ ശിവന് സാധിക്കാതിരുന്നത് ആന പ്രേമികൾക്കും പൂരപ്രേമികൾക്കും നിരാശ സമ്മാനിച്ചിരുന്നു. ഇതേ തുടർന്നാണ് ഇക്കുറി ആനയെ രംഗത്തിറക്കാൻ ക്ഷേത്രം ഉപദേശക സമിതി പരിശ്രമിച്ചത്. ഉത്സവത്തിന്റെ സമയത്ത് മുൻവർഷങ്ങളിൽ ആനയെ നീരിൽക്കെട്ടുകയായിരുന്നു പതിവ്. എന്നാൽ, ഇക്കുറി മഹാദേവന്റെ അനുഗ്രഹത്താൽ ശിവന്റെ മദപ്പാട് കാലം ഉത്സവം തീരും മുൻപ് അവസാനിക്കുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഉത്സവത്തിന്റെ മൂന്നാം ദിവസം മുതൽ തന്നെ ശിവനെ ക്ഷേത്രത്തിൽ എത്തിച്ചിരുന്നു. ക്ഷേത്രത്തിലെ ആനക്കൊട്ടിലിൽ തളച്ച കൊമ്പൻ ഭക്ഷണവും വെള്ളവും കഴിച്ച് പൂർണ ആരോഗ്യവാനായി തന്നെയാണ് നിന്നിരുന്നത്. ഈ സാഹചര്യത്തിലാണ് ഇന്ന് ആനയെ കാഴ്ച ശ്രീബലിയ്ക്ക് വൈകിട്ട് ഇറക്കുന്നത്. നേരത്തെ തൃക്കടവൂർ ശിവരാജുവിനെയാണ് ക്ഷേത്രത്തിൽ ഇന്ന് എത്തിക്കാനിരുന്നത്. കൊമ്പൻ ശിവൻ എഴുന്നെള്ളുന്നതോടെ ഇന്നത്തെ ശ്രദ്ധമുഴുവൻ തിരുനക്കര ശിവനിലാകും. ആന പൂർണ ആരോഗ്യവാനാണെന്നും ശിവന്റെ ആരാധകരെ നിരാശരാക്കാതെ കൊമ്പൻ ഭഗവാന്റെ പൊന്നിൻ തിടമ്പേറ്റുമെന്നും ക്ഷേത്രഉപദേശക സമിതി പ്രസിഡന്റ് ടി.സി ഗണേഷ് ജാഗ്രതാ ന്യൂസ് ലൈവിനോടു പറഞ്ഞു.

Hot Topics

Related Articles