കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡ് ജലവൈദ്യുതോല്‍പ്പാദന രംഗത്തേയ്ക്ക്

എറണാകുളം: സമ്പൂര്‍ണ സൗരോര്‍ജ വിമാനത്താവളമെന്ന ആശയം പ്രാവര്‍ത്തികമാക്കിയതിന് ശേഷം കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡ് (സിയാല്‍) ജലവൈദ്യുതോല്‍പ്പാദന രംഗത്തേയ്ക്ക്. സിയാല്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ആദ്യ ജല വൈദ്യുത പദ്ധതി നവമ്പര്‍ ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ രാഷ്ട്രത്തിന് സമര്‍പ്പിക്കും. കോഴിക്കോട് ജില്ലയിലെ അരിപ്പാറയില്‍ ഇരുവഴിഞ്ഞിപ്പുഴയിലാണ് സിയാല്‍ ജലവൈദ്യുത നിലയം സ്ഥാപിച്ചിട്ടുള്ളത്. കേരള സംസ്ഥാന വൈദ്യുതി വകുപ്പിന്റെ ചെറുകിട ജലവൈദ്യുതി നയം പ്രകാരം സിയാലിന് അനുവദിച്ചുകിട്ടിയതാണ് പദ്ധതി. കോവിഡിനെ തുടര്‍ന്നുണ്ടായ കാലതാമസവുമുണ്ടായെങ്കിലും സിയാലിന് അതിവേഗം പദ്ധതി പൂര്‍ത്തിയാക്കാനായി.

Advertisements

4.5 മെഗാവാട്ടാണ് ശേഷി. 32 സ്ഥലമുടമകളില്‍ നിന്നായി 5 ഏക്കര്‍ സ്ഥലം സിയാല്‍ ഏറ്റെടുത്തു. ഇരുവഴിഞ്ഞിപ്പുഴയ്ക്ക് കുറുകെ 30 മീറ്റര്‍ വീതിയില്‍ തടയണ കെട്ടുകെട്ടുകയും അവിടെ നിന്ന് അരകിലോമീറ്റര്‍ അകലെയുള്ള അരിപ്പാറ പവര്‍ഹൗസിലേയ്ക്ക് പെന്‍സ്റ്റോക്ക് കുഴലുവഴി വെള്ളമെത്തിച്ചാണ് വൈദ്യുതിയുണ്ടാക്കുന്നത്. 52 കോടി രൂപയാണ് മൊത്തം ചെലവിട്ടത്. 2015-ല്‍ വിമാനത്താവളം ഊര്‍ജ സ്വയംപര്യാപ്തത കൈവരിച്ചതിനുശേഷം, വൈദ്യുതോല്‍പ്പാദന രംഗത്തുള്ള ഏറ്റവും വലിയ ചുവടുവയ്പ്പാണ് ഈ പദ്ധതി. 44 നദികളും നൂറുകണക്കിന് അരുവികളുമുള്ള കേരളത്തില്‍ ഇത്തരം പദ്ധതികള്‍ കാര്യക്ഷമമായി നടപ്പിലാക്കാനാകുമെന്ന ആശയത്തിന് തുടക്കമിടാനും സിയാലിന് കഴിഞ്ഞിട്ടുണ്ടെന്ന് സിയാല്‍ മാനേജിങ് ഡയറക്ടര്‍ എസ്.സുഹാസ് ഐ.എ.എസ് പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പുനരുപയോഗ സാധ്യതയില്ലാത്ത ഊര്‍ജ സ്രോതസ്സുകളിന്‍മേലുള്ള ആശ്രയം കുറയ്ക്കാന്‍ ഇത്തരം ചെറുകിട ജലവൈദ്യുത പദ്ധതികള്‍ക്കാകും. ജലം, കാറ്റ്, സൂര്യപ്രകാശം എന്നിവയില്‍ നിന്ന് വന്‍തോതില്‍ ഊര്‍ജം ഉത്പാദിപ്പിക്കാനും അത് ആവശ്യാനുസരണം കൈകാര്യം ചെയ്യാനുമുള്ള സംയുക്ത പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ നമുക്ക് കഴിയും. സുസ്ഥിരവികസനത്തിലേയ്ക്കുള്ള ചുവടുവയ്പ്പാണിത് ‘ – സുഹാസ് കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സര്‍ക്കാരിന്റെ ഊര്‍ജോത്പാദന നയം നടപ്പിലാക്കുന്നതില്‍ മുന്‍ മാനേജിങ് ഡയറക്ടര്‍ വി.ജെ.കുര്യന്റെ അനുഭവ പരിചയവും ഏറെ പ്രയോജനം ചെയ്തിട്ടുണ്ട്.

സിയാലിന്റെ ജലവൈദ്യുതി പദ്ധതി നദീജല പ്രവാഹത്തെ ആശ്രയിച്ചിട്ടുള്ളതാണ്. റണ്‍ ഓഫ് ദ റിവര്‍ പ്രോജക്ട് എന്നാണ് ഇത്തരം പദ്ധതികള്‍ക്ക് പേര്. വലിയ അണ കെട്ടി വെള്ളം സംഭരിച്ചുനിര്‍ത്തേണ്ടതില്ല. അതുകൊണ്ടുതന്നെ പരിസ്ഥിതി ആഘാതം കുറവ്.

രണ്ട് ജനറേറ്ററുകളുടെ മൊത്തം സ്ഥാപിതശേഷി 4.5 മെഗാവാട്ടാണ്. പൂര്‍ണതോതില്‍ ഒഴുക്കുള്ള നിലയില്‍ പ്രതിദിനം 1.08 ലക്ഷം യൂണിറ്റ് വൈദ്യുതി ഉണ്ടാക്കാനാകും. വര്‍ഷത്തില്‍ 130 ദിവസമെങ്കിലും ഇത്തരത്തില്‍ വൈദ്യുതി ഉത്പാദനം സാധ്യമാക്കാനാകുമെന്നാണ് സിയാലിന്റെ പ്രതീക്ഷ. ഉത്പാദിപ്പിക്കുന്ന വൈദ്യുതി തത്സമയം കെ.എസ്.ഇ.ബിയുടെ ഗ്രിഡിലേയ്ക്ക് നല്‍കും. പദ്ധതിയുടെ പരീക്ഷണ പ്രവര്‍ത്തനം ഒക്ടോബര്‍ ആദ്യം തുടങ്ങി. നവമ്പര്‍ ആദ്യവാരത്തോടെ വൈദ്യുതി, ഗ്രിഡിലേയ്ക്ക് നല്‍കാന്‍ കഴിയും.
നവമ്പര്‍ ആറാം തീയതി ശനിയാഴ്ച രാവിലെ 11 ന് നടക്കുന്ന ചടങ്ങില്‍ ബഹു.മുഖ്യമന്ത്രി, സിയാല്‍ ജലവൈദ്യുത പദ്ധതി നാടിന് സമര്‍പ്പിക്കും. തിരുവനന്തപുരം സെക്രട്ടേറിയറ്റ്, കൊച്ചി സിയാല്‍, കോഴിക്കോട് അരിപ്പാറ പവര്‍ ഹൗസ് എന്നിവിടങ്ങളിലായി നടക്കുന്ന ചടങ്ങുകളില്‍ വെര്‍ച്വല്‍ റിയാലിറ്റി വഴിയാണ് ഉദ്ഘാടനം. അരിപ്പാറയിലും കൊച്ചിയിലും വേദികളുണ്ടാകും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.