കൊച്ചി: മലയാള സിനിമയിലെ സൂപ്പർഹിറ്റ് ചിത്രങ്ങളിലൊന്നായ മീശ മാധവൻ ഇന്നും പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം പിടിച്ചിരിക്കുന്ന സിനിമയാണ്. 2002 ല്‍ പുറത്തിറങ്ങിയ ഈ ചിത്രം ദിലീപിനെയും കാവ്യ മാധവനെയും മലയാള സിനിമയിലെ ഏറ്റവും ജനപ്രിയ ജോഡികളിലൊന്നാക്കി. ലാല്‍ ജോസ് സംവിധാനം ചെയ്ത ചിത്രം അന്നത്തെ ബോക്സോഫീസില്‍ വൻ വിജയമായി മാറി.ഇപ്പോള്‍ സംവിധായകന് ലാല്‍ ജോസ്, സിനിമ റിലീസിന്റെ ആദ്യ ദിനങ്ങളിലെ ഓർമ്മകള്‍ പങ്കുവെച്ചിരിക്കുകയാണ്. ചില രംഗങ്ങള്‍ എത്രയും പെട്ടെന്ന് കട്ട് ചെയ്യണമെന്ന് അന്ന് നായകന് ദിലീപ് തന്നെ ആവശ്യപ്പെട്ടിരുന്നുവെന്ന് ലാല്‍ ജോസ് പറയുന്നു.ലാല്‍ ജോസ് പറയുന്നു:”മീശ മാധവൻ റിലീസ് ചെയ്തു ആദ്യ ദിവസത്തെ നൂൺ ഷോ കാണാൻ എനിക്ക് ധൈര്യമില്ലായിരുന്നു. ടെൻഷനോടെ ദിലീപിനെ വിളിച്ചപ്പോൾ, കേരളത്തിലെ തിയേറ്ററുകളില്‍ ചില സീനുകള്‍ ലാഗ് ആണെന്നും കൂവല്‍ ഉണ്ടെന്നും പറയുന്നു. അതിനാല്‍ അവ ഉടനെ കട്ട് ചെയ്യണമെന്നു ദിലീപ് പറഞ്ഞു. അത് കേട്ട് എനിക്ക് വളരെ വിഷമമായി. പക്ഷേ സാധാരണക്കാരായ പ്രേക്ഷകരോട് ചോദിച്ചപ്പോള്‍ എല്ലാവരും പോസിറ്റീവ് പ്രതികരണമാണ് നല്‍കിയത്. തുടർന്ന് ഞാൻ തിരുവനന്തപുരം ശ്രീകുമാർ തിയേറ്ററിൽ പോയി രംഗങ്ങൾ കട്ട് ചെയ്യാൻ. എന്നാൽ അവിടെയുള്ള ഓപ്പറേറ്റർ തന്നോട് പറഞ്ഞു
‘സാർ, ഈ സിനിമയിൽ കളയാൻ ഒന്നുമില്ല. ആളുകൾ സന്തോഷത്തോടെ കാണുകയാണ്. കട്ട് ചെയ്താലും ഓടും, പക്ഷേ ആവശ്യമില്ല’.”ആ വാക്കുകള്‍ കേട്ടപ്പോഴാണ് എനിക്ക് ആത്മവിശ്വാസം ലഭിച്ചത്. ഇനി ആര് പറഞ്ഞാലും രംഗങ്ങൾ കട്ട് ചെയ്യില്ലെന്ന് തീരുമാനിച്ചു. പിന്നീട് സിനിമ 202 ദിവസം തിയേറ്ററുകളിൽ ഓടി,” ലാല്‍ ജോസ് പറഞ്ഞു.മീശ മാധവനിലെ ഓരോ രംഗവും ഇന്നും മലയാളികളുടെ ഓർമ്മയിൽ പതിഞ്ഞുകിടക്കുന്നു.