രണ്ടുവർഷത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂരിൽ; 8500 കോടി രൂപയുടെ വികസനപദ്ധതികൾക്ക് തുടക്കമിടും

ഇംഫാൽ:വംശീയ കലാപം പൊട്ടിപ്പുറപ്പെട്ട് രണ്ടുവർഷത്തിന് ശേഷം ആദ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മണിപ്പൂരിലെത്തുന്നു. മൊത്തം 8500 കോടി രൂപയുടെ വികസനപദ്ധതികൾക്ക് തുടക്കമിടാനാണ് പ്രധാനമന്ത്രിയുടെ സന്ദർശനം.സംസ്ഥാന ചീഫ് സെക്രട്ടറി പുനീത്‌കുമാർ ഗോയൽ അറിയിച്ചു പ്രകാരം, തലസ്ഥാനമായ ഇംഫാലിലും കലാപബാധിത മേഖലകളിൽ ഒന്നായ ചുരാചന്ദ്പൂരിലും പ്രധാനമന്ത്രി പരിപാടികളിൽ പങ്കെടുക്കും.ചുരാചന്ദ്പൂരിൽ 7300 കോടി രൂപയുടെ പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിടും. മെയ്‌തെയ് ഭൂരിപക്ഷമുള്ള ഇംഫാലിൽ 1200 കോടി രൂപയുടെ അടിസ്ഥാൻ സൗകര്യപദ്ധതികൾ ഉദ്‌ഘാടനം ചെയ്യും.

Advertisements

2023 മേയിൽ പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ 260 പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേർ ഭവനരഹിതരാവുകയും ചെയ്തിരുന്നു. അതിന് ശേഷം മോദി സംസ്ഥാനത്ത് എത്താത്തതിനെതിരെ പ്രതിപക്ഷം കടുത്ത വിമർശനം ഉന്നയിച്ചിരുന്നു.കഴിഞ്ഞ ഫെബ്രുവരിയിൽ എൻ. ബീരേൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ രാജിവച്ചതോടെ മണിപ്പൂർ രാഷ്ട്രപതി ഭരണത്തിലാണ്.സന്ദർശനം മുന്നിൽ കണ്ടു ഇംഫാലും ചുരാചന്ദ്പൂരും കനത്ത സുരക്ഷാവലയത്തിലാണ്. ഇംഫാലിലെ കാം ഫോർട്ടിലും ചുരാചന്ദ്പൂരിലെ ‘പീസ് ഗ്രൗണ്ടി’ലുമാണ് പ്രധാനമന്ത്രിയുടെ പ്രധാനപരിപാടികൾ. ഇരുവേദികളിലേക്കും പടുകൂറ്റൻ സ്റ്റേജുകൾ ഒരുക്കിയിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വഴികളുടെ ഇരുവശങ്ങളിലും പൊലീസ് വേലികെട്ടി സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.ബിജെപി വിവിധയിടങ്ങളിൽ പ്രധാനമന്ത്രിയെ വരവേൽക്കുന്ന ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. സമ്മേളനങ്ങളിൽ പങ്കെടുക്കുന്നവർക്കായി സർക്കാർ കര്‍ശന മാർഗനിർദേശങ്ങളും പുറപ്പെടുവിച്ചു.താക്കോൽ, പേന, കുടിവെള്ളക്കുപ്പി, ബാഗ്, തൂവാല, കുട, ലൈറ്റർ, തീപ്പെട്ടി, തുണിക്കഷണം, മൂർച്ചയുള്ള വസ്തുക്കൾ തുടങ്ങിയവ കൊണ്ടുവരുന്നത് വിലക്കിയിട്ടുണ്ട്. കൂടാതെ, അസുഖബാധിതരും 12 വയസിനു താഴെയുള്ള കുട്ടികളും സമ്മേളനവേദികളിൽ പ്രവേശിക്കരുതെന്നും നിർദേശമുണ്ട്.

Hot Topics

Related Articles