വാട്സാപ്പ് ഹാക്കിങ് വ്യാപിക്കുന്നു; മുന്നറിയിപ്പുമായി സൈബർ പോലീസ്

തിരുവനന്തപുരം:ജനപ്രിയ സോഷ്യൽ മീഡിയയായ വാട്സാപ്പ് അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് തട്ടിപ്പുകൾ വർധിക്കുകയാണെന്ന മുന്നറിയിപ്പുമായി സൈബർ പോലീസ്. അക്കൗണ്ടുകൾ കൈയടക്കിയ ശേഷം വ്യക്തിഗതവിവരങ്ങൾ ചോർത്തൽ, ആൾമാറാട്ടം നടത്തി സാമ്പത്തിക തട്ടിപ്പ് നടത്തൽ തുടങ്ങി പല രീതികളും വ്യാപകമായിക്കൊണ്ടിരിക്കുകയാണ്.തട്ടിപ്പുകാർ ആദ്യം ഫോൺവിളിയിലൂടെ വിശ്വാസം നേടിയെടുക്കുകയും, തുടർന്ന് ആപ്ലിക്കേഷൻ ഇൻസ്റ്റലേഷൻ ഫയലുകൾ സന്ദേശമായി അയക്കുകയും ചെയ്യുന്നു. ഇതോടൊപ്പം ഒടിപി (OTP) കൈപ്പറ്റിയാൽ ഉടമയുടെ അക്കൗണ്ട് തങ്ങളുടെ ഫോണിലോ ലാപ്ടോപ്പിലോ ലോഗിൻ ചെയ്ത് നിയന്ത്രണം സ്വന്തമാക്കും.അതിനുശേഷം ഉടമക്ക് വാട്സാപ്പ് വീണ്ടും ഇൻസ്റ്റാൾ ചെയ്ത് തിരികെ ഉപയോഗിക്കാൻ സാധിക്കാതെ വരും.

Advertisements

ഈ ഇടവേളയിൽ ഹാക്കർമാർ അക്കൗണ്ട് ഉടമയുടെ പേരിൽ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും നമ്പറിലേക്ക് പണം ആവശ്യപ്പെടുന്ന വ്യാജ സന്ദേശങ്ങൾ അയക്കുന്നതും അപകടകരമായ ഇൻസ്റ്റലേഷൻ ലിങ്കുകൾ പ്രചരിപ്പിച്ച് മറ്റു അക്കൗണ്ടുകളും പിടിച്ചടക്കുന്നതുമാണ് പതിവ്.ഇത്തരം തട്ടിപ്പുകൾ ഒഴിവാക്കാൻ വാട്സാപ്പിൽ ‘ടു സ്റ്റെപ്പ് വെരിഫിക്കേഷൻ’ (Two-step verification) സജ്ജമാക്കണമെന്ന് പോലീസ് നിർദേശിച്ചു. ഫോൺവഴി ലഭിക്കുന്ന ഒടിപി ആരുമായും പങ്കിടാതിരിക്കുക, അജ്ഞാത ലിങ്കുകളിലോ ഇൻസ്റ്റലേഷൻ ഫയലുകളിലോ ക്ലിക്ക് ചെയ്യാതിരിക്കുക, സംശയാസ്പദമായ സന്ദേശങ്ങൾക്ക് മറുപടി നൽകാതിരിക്കുക എന്നിവ മുൻകരുതലുകൾ പാലിക്കണമെന്നും സൈബർ പോലീസ് അറിയിച്ചു.ഓൺലൈൻ സാമ്പത്തിക കുറ്റകൃത്യങ്ങൾ നേരിടുകയോ, ശ്രദ്ധയിൽപ്പെടുകയോ ചെയ്യുന്നവർ ഉടൻ 1930 എന്ന സൗജന്യ നമ്പറിൽ വിളിക്കുകയോ cybercrime.gov.in വഴിയും പരാതി നൽകാമെന്നും പോലീസ് കൂട്ടിച്ചേർത്തു.

Hot Topics

Related Articles